“ചരിത്രം മാറ്റി എഴുതിയ അതിഥി “

മന്ത്രി ഡോ:കെ ടി ജലീൽ എഴുതുന്നു…

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഷാർജ ഭരണാധികാരി ഡോ: ശൈഖ് സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമി ഇന്ന് രാവിലെ കേരളത്തോട് വിടചൊല്ലി തന്റെ അധികാര ഭൂമികയിലേക്ക് തിരിച്ചു .

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥൻമാരുടെയും സാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീര യാത്രയയപ്പാണ് സുൽത്താന് നൽകിയത് .

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗൾഫ് ഭരണാധികാരി സംസ്ഥാന സർക്കാരിന്റെ അതിഥിയായി കേരളത്തിലെത്തുന്നത് .

മിനിസ്റ്റർ ഇൻ വെയിറ്റിംഗ് എന്ന നിലയിൽ അദ്ദേഹം എത്തിയ നിമിഷം മുതൽ തിരിച്ച് വിമാനത്തിൽ കയറുന്നതുവരേയും സുൽത്താനെ അനുഗമിക്കാൻ ലഭിച്ച അവസരം എന്നെ സംബന്ധിച്ചേടത്തോളം ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു .

രാഷ്ട്ര നേതാക്കളുടെ പതിവു സന്ദർശനങ്ങളിൽ നിന്ന് എല്ലാ അർത്ഥത്തിലും വിഭിന്നമായിരുന്നു ഷാർജ സുൽത്താന്റെ കേരള സന്ദർശനം .
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണമനുസരിച്ചാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നൽകിയ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങാൻ അദ്ദേഹമെത്തിയത് .

സാധാരണ ഗതിയിൽ ഔദ്യോഗിക ചടങ്ങുകളിൽ മാത്രമാണ് ഉന്നത ഗണത്തിൽ വരുന്ന രാജ്യ നേതാക്കൾ പങ്കെടുക്കുക .

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി “ചരിത്രരേഖാ ശേഖരണവും സുൽത്താനും ” എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സംവാദത്തിലും അദ്ദേഹം പങ്കെടുത്തു .

പ്രസ്തുത ചടങ്ങിൽ ഡോ: മുഹമ്മദ് ബിൻ ഖാസിമി നടത്തിയ ഒരു മണിക്കൂർ നീണ്ട പ്രഭാഷണവും അതിനുശേഷമുള്ള ചോദ്യോത്തരങ്ങളും അർത്ഥപൂർണമായിരുന്നു .

ഒരു കേവല ഭരണാധികാരിക്കപ്പുറം പ്രശസ്തനായ അക്കാഡമീഷ്യനുംകൂടിയാണ് താനെന്ന് സദസ്സിന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാൻ എല്ലാ അർത്ഥത്തിലും പര്യാപ്തമാകുംവിധമുള്ളതായിരുന്നു സുൽത്താന്റെ ഓരോ വാക്കുകളും .

വ്യക്തമായ ചരിത്ര രേഖകളുടെ പിൻബലത്തിലാണ് ഇൻഡോ അറബ് മേഖലകളുടെ ഇന്നലകളെ അദ്ദേഹം സൂക്ഷ്മതയോടെ വിശകലനം ചെയ്തത് .

ഏറ്റവും അർഹനായ പണ്ഡിതശ്രേഷ്ഠനെയാണ് കോഴിക്കോട് സർവ്വകലാശാല ഡോക്ടറേറ്റ് നൽകാൻ തെരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ചവർക്ക് മനസ്സിലായിട്ടുണ്ടാകും എന്നുറപ്പാണ് .

തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം

ക്ലിഫ് ഹൗസിൽ വെച്ചുള്ള കൂടിക്കാഴ്ച്ചയിൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഫൈൻ അടക്കാൻ കഴിയാതെ ഷാർജ ജയിലിൽ കഴിയുന്ന ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു .

ഉടനെ തന്നെ തന്റെ സെക്രട്ടറിയെ വിളിച്ച് പ്രസ്തുത പട്ടികയിൽ വരുന്ന എത്ര തടവുകാരുണ്ടെന്ന് അന്വേഷിക്കാൻ പറഞ്ഞു .

149 തടവുകാരുണ്ടെന്നും വിവിധ വ്യക്തികൾക്കും കുടുംബങ്ങുൾക്കും സ്ഥാപനങ്ങുൾക്കുമായി ഇവരെല്ലാംകൂടി പിഴയിനത്തിൽ നൽകേണ്ടത് 39 കോടി ഇന്ത്യൻ രൂപയുടെ ബാധ്യതയാണെന്നും അറിയിപ്പു വന്നു . ഒരു കാപ്പി കുടിച്ചു തീരുന്നതിനിടയിലാണ് ഇതെന്നോർക്കണം .

ആ പണം മുഴുവൻ സുൽത്താൻ നൽകാമെന്നും തടവുകാരെ ഉടനടി മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അവിടെവെച്ചുതന്നെ ബന്ധപ്പെട്ടവർക്ക് യു.എ.ഇ സുപ്രീം കൗൺസിൽ മെമ്പർ ഉത്തരവ് നൽകി .

ഒരുപാട് ആലോചനകൾക്കൊടുവിൽ തീരുമാനിക്കേണ്ട കാര്യമാണ് കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിൽ ഞങ്ങൾ കാൺകെ നടന്നത് . ഇത് മുഖ്യമന്ത്രി ഉൾപ്പടെ എല്ലാവരേയും അത്യന്തം അൽഭുതപ്പെടുത്തി .

കേരളത്തിന്റെ ഭരണ മേധാവിയുടെ വാക്കുകൾക്ക് ഷാർജ സുൽത്താൻ കൽപിക്കുന്ന പ്രാധാന്യമെന്തെന്ന് മനസ്സിലാക്കാൻ ഈ സംഭവം ധാരാളം മതി .

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഇക്കാര്യത്തിൽ ശൈഖ് സുൽത്താനെ അഭിനന്ദിച്ച് രാത്രി തന്നെ ട്വിറ്റ് ചെയ്തത് പ്രത്യേകം ഓർക്കേണ്ടതുണ്ട് .
അറേബ്യൻ നാടുകളിെലെ ശൈഖൻമാരെ കാണുമ്പോൾ സ്വന്തം കാര്യവും കുടുംബക്കാരുടെ കാര്യവും പുതുതായി ഗൾഫിൽ തുടങ്ങാൻ പോകുന്ന ബിസിനസ്സിൽ ലഭിക്കേണ്ട സഹായങ്ങളും മാത്രം ചോദിക്കുന്ന വലതുപക്ഷ നേതാക്കളിൽ നിന്ന് തീർച്ചയായും ഒരു വ്യതിരക്തത കേരളത്തിന്റെ മുഖ്യമന്ത്രിയിൽ ദർശിക്കാൻ പരിണിതപ്രജ്ഞനും ദയാലുവുമായ ഷാർജ സുൽത്താന് കഴിഞ്ഞിട്ടുണ്ടാകണം .

അന്ന് ഉച്ചക്ക് ഷാർജ ഡെലഗേറ്റ്സിന്റയും പ്രമുഖ മലയാളി വ്യവസായി യൂസഫലിയുടെയും ഷാർജ അസോസിയേഷന്റെ പ്രസിഡണ്ട് അഡ്വ: റഹീമിന്റെയും സുൽത്താന്റെ സാമ്പത്തിക ഉപദേഷ്ടാവായ മലായാളിയായ സൈതിന്റെയും പിന്നെ ഈ വിനീതന്റെയും സാന്നിദ്ധ്യത്തിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ സുൽത്താൻ നടത്തിയ അഭിപ്രായപ്രകടനം അതിന്റെ തെളിവായി വേണം കരുതാൻ .

ആ വാക്കുകൾ ഇങ്ങിനെയായിരുന്നു ; He is really Serving the people . സന്നിഹിതരായിരുന്നവരെല്ലാം ഒരേ സ്വരത്തിൽ അത് ശരിവെക്കുകയും ചെയ്തു .
കാലിക്കറ്റ് സർവ്വകലാശാലയിൽ അറബി ഭാഷയുടെ അഭിവൃദ്ധി ലാക്കാക്കി കേരള സർക്കാർ Excellent International Centre for Arabic Studies എന്ന സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം പിണറായി ശൈഖിനെ ധരിപ്പിച്ചപ്പോൾ അതിനാവശ്യമായി വരുന്ന മുഴുവൻ സംഖ്യയും ഷാർജ ഗവൺമെന്റ് വഹിക്കാമെന്നും ഏറ്റവും വേഗത്തിൽ അതിന്റെ പണി പൂർത്തിയാക്കിയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഉൽഘാടനത്തിന് താനെത്താമെന്നും അദ്ദേഹം പ്രതികരിച്ചത് വലിയ ആവേശത്തോടെയാണ് ആവിടെ കൂടിയിരുന്നവർ ശ്രവിച്ചത് .

കേരളത്തിന്റെ പൊതു വികസനത്തിനുതകുന്ന അഞ്ചിന നിർദ്ദേശങ്ങളും ചർച്ചയിലേക്ക് കടന്ന് വന്നു . അവയെക്കുറിച്ച് അടിയന്തരമായി പഠിച്ച് നടപ്പിൽ വരുത്താൻ ഒരു ഉന്നത സംഘത്തെ ഉടൻ നിയോഗിക്കുമെന്നും സുൽത്താൻ വാക്ക് നൽകി .
കേരളം മുഹമ്മദ് ബിൻ അൽ ഖ്വാസിമിയോട് വാനോളം കടപ്പെട്ടിരിക്കുന്നു . മനുഷ്യത്വപരമായ തീരുമാനങ്ങൾ കൊണ്ടും വിനയം കൊണ്ടും ഗാഢമായ ജ്ഞാനം കൊണ്ടും കലവറയില്ലാത്ത സ്നേഹം കൊണ്ടും മലയാളക്കരയെ ആവേശഭരിതമാക്കിയാണ് ഷാർജ സുൽത്താൻ കേരളത്തോട് താൽക്കാലികമായി യാത്ര പറഞ്ഞിരിക്കുന്നത് .

ഇനിയും ഞാൻ വരും എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞാണ് His Highness വിമാനത്തിലേക്ക് ചുവടുകൾ വെച്ചത് .

എമിറേറ്റ്സിന്റെ പ്രത്യേക വിമാനത്തിന്റെ കവാടത്തിനടുത്തെത്തിയപ്പോൾ പിന്നിലേക്ക് തിരിഞ്ഞ് ഞങ്ങൾക്ക് നേരെ ആ വലിയ മനുഷ്യൻ കൈവീശി . തിരിച്ച് ഞങ്ങളും പ്രത്യഭിവാദ്യം ചെയ്തു .

യാത്രാ വിമാനത്തിന്റെ ഡോർ അടഞ്ഞപ്പോൾ ഞങ്ങൾ തിരിഞ്ഞ് നടന്നു . മൂന്ന് ദിവസം കൊണ്ട് വർഷങ്ങൾ കൊണ്ടു മാത്രം ഉണ്ടാകുന്ന അടുപ്പവും അളവറ്റ ബഹുമാനവും തോന്നിയ ഒരു മനുഷ്യസ്നേഹിയെ പിരിയുമ്പോൾ ഉണ്ടാകുന്ന നീറ്റലായിരുന്നു മനസ്സു നിറയെ .
ജഗദീശ്വരനായ നാഥാ.. ആ മാതൃകാ ഭരണാധികാരിയെ ആരോഗ്യത്തോടെയുള്ള ഭീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here