തൃശൂരില്‍ ആറ് മാസത്തിനിടെ നടന്നത് ഇരുന്നൂറ്റിനാല്‍പ്പത് കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

അമിത ലാഭം വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ച് കബളിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ നാളുകളായി ഉളളതാണ്.

എന്നാല്‍ അടുത്തിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത ചിട്ടി കമ്പനികളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും കുത്തകയായ തൃശൂര്‍ ജില്ലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടി വരുന്നതായി പോലീസ് മുന്നറിയിപ്പു നല്‍കുന്നു.

തൃശൂര്‍ റൂറല്‍ പരിധിയില്‍ മാത്രം ആറുമാസത്തിനിടെ ഇരുന്നൂറ്റി മുപ്പത്തിയൊന്‍പത് കോടിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ്, പണം ഇരട്ടിപ്പിക്കല്‍, ചിട്ടി ഇടപാട് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായാണ് പതിനെണ്ണായിരത്തോളം പേര്‍ തട്ടിപ്പിനിരയായത്.

സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായുള്ള ഇടപാടുകളില്‍ വരുന്ന പരാതികളുടെ എണ്ണം ചേര്‍ത്താല്‍ കണക്കുകള്‍ ഇനിയും പെരുകും.

ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപങ്ങളിലായി പതിനാലായിരത്തോളം പേര്‍ തട്ടിപ്പിനിരയായ ഫിനോമിനല്‍ ഇടപാടിലാണ് ഏറ്റവും വലിയ തിരിമറി നടന്നത്. ചാലക്കുടിയിലാണ് ഏറ്റവും കൂടൂതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടത്.

മുംബൈ ആസ്ഥാനമായി രണ്ടര പതിറ്റാണ് മുമ്പ് തുടക്കം കുറിച്ച സ്ഥാപനത്തിന്റെ മറവിലാണ് കോടികളുടെ കൊയ്ത്ത് നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഈ സംഭവത്തില്‍ ഇരുന്നൂറ് കോടിയാണ് ഇടപാടുകാര്‍ക്ക് നഷ്ടമായതെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

രണ്ടായിരത്തിലധികം പേരുടെ നിക്ഷേപങ്ങള്‍ വെള്ളത്തിലായ കൊടുങ്ങല്ലൂരിലെ തത്വമസി ചിട്ടി കമ്പനി പതിനൊന്ന് കോടിയാണ് തട്ടിയെടുത്തത്. ഈ പരാതികള്‍ ഇരുപത്തിയഞ്ച് കേസുകളായി തരംതിരിച്ച് ഇരിങ്ങാലക്കുട ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയാണ്.

ഇടപാടുകാര്‍ നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്

ഫിനോമിനല്‍ തട്ടിപ്പില്‍ കോടികള്‍ നിക്ഷേപിക്കാനെത്തിയവര്‍ വരെ കബളിപ്പിക്കപ്പെട്ടെങ്കില്‍, ഇവിടെ മത്സ്യ വില്‍പനയിലും ലോട്ടറി വില്‍പനയിലും ഏര്‍പ്പെടുന്ന സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് വലയിലായത്.

ചേര്‍പ്പിലെ ട്രേഡ് ലിങ്ക് നിക്ഷേപ തട്ടിപ്പില്‍ ഇരുപത്തിയെട്ട് കോടിയാണ് നടത്തിപ്പുകാര്‍ വലയിലാക്കിയത്. ആയിരത്തിനാല്‍പ്പത്തിയെട്ട് പരാതികളിലായി നൂറ്റിനാല്‍പ്പത്തിയൊന്ന് കേസുകളാണ് ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

പണം ഇരട്ടിപ്പു ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് നിക്ഷേപങ്ങള്‍ നടത്തി വെട്ടിലായ കള്ളപ്പണക്കാര്‍ പരാതി പോലും നല്‍കാതെ സംഭവം മറന്നുകളയുകയുമാണ്. തട്ടിപ്പ് തിരിച്ചറിയാതെ ഇപ്പോഴും നിക്ഷേപ പദ്ധതികളില്‍ പണം അടയ്ക്കുന്നവരും ഏറെയുണ്ട്.

നിക്ഷേപ മേഖലയില്‍ തട്ടിപ്പ് നടത്തുന്നവര്‍ അമിത ലാഭമെന്ന പ്രചരണത്തില്‍ മറ്റൊന്നും പരിശോധിക്കാതെ പണം മുടക്കുന്നതാണ് തട്ടിപ്പുകള്‍ വ്യാപകമാകാന്‍ കാരണം.

ഇടപാടുകാര്‍ നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News