മന്ത്രി സുധാകരന്റെ ഉറപ്പ്; കീഴാറ്റൂര്‍ നിരാഹാരസമരം പിന്‍വലിച്ചു

കോഴിക്കോട്: കണ്ണൂര്‍ കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. മന്ത്രി ജി സുധാകരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരസമിതിയുടെ തീരുമാനം. ദേശീയപാതാ ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഇപ്പോള്‍ വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി സമരസമിതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഉടന്‍ വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി ജി.സുധാകരന്‍ തിരുവനന്തപുരത്ത് വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് സമരസമിതിയ്ക്ക് ഉറപ്പ് നല്‍കിയത്.

സര്‍ക്കാറിന് ദേശീയപാതയേക്കാള്‍ പ്രധാനം ജനങ്ങളാണെന്നും നീര്‍ത്തടങ്ങളെ ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ട് ബദല്‍ മാര്‍ഗത്തെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരസമിതി കഴിഞ്ഞ 20 ദിവസമായി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കീഴാറ്റൂര്‍ സമരത്തെ സിപിഐഎം വിരുദ്ധ സമരമായി ഉയര്‍ത്തികൊണ്ടുവരാന്‍ ബിജെപി അടക്കമുളള കക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ സമരസമിതി എടുത്ത തീരുമാനം സിപിഐഎം വിരുദ്ധര്‍ക്ക് വലിയ തിരിച്ചടിയാവുകയാണ്.

നിര്‍ദ്ദിഷ്ട ബൈപ്പാസ് സംബന്ധിച്ച് പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുളള വിദഗ്ദസംഘം സ്ഥലത്ത് പരിശോധന നടത്തും. നാട്ടുകാരുടെ പരാതി ഉള്‍പ്പടെ പരിശോധിച്ച ശേഷമാകും ബൈപ്പാസ് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here