വിപ്ലവ പാതയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; കൈപിടിച്ച് ഡിവൈഎഫ്‌ഐ; രാജ്യത്തിന് മാതൃകയായി ഭിന്നലിംഗക്കാരുടെ രാഷ്ട്രീയ മുന്നേറ്റം

തിരുവനന്തപുരം; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ കേരളം നേരത്തെ അന്താരാഷ്ട്രാ ശ്രദ്ധ നേടിയിട്ടുണ്ട്. കൊച്ചി മെട്രോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കിയപ്പോള്‍ അത് ലോകത്തിന് തന്നെ മാതൃകയായിരുന്നു.

ഇപ്പോഴിതാ വിപ്ലവ പാതയിലെത്തിയിരിക്കുകയാണ് ഭിന്നലിംഗക്കാര്‍. ഡിവൈഎഫ്‌ഐ യുടെ കൈപിടിച്ചാണ് ട്രാന്‍സ് ജെന്‍ഡേഴ്‌സ് കടന്നുവരുന്നത്.

ഭിന്നലിംഗക്കാരെകൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള വിവേചനമില്ലാത്ത യൂണിറ്റ് കമ്മിറ്റിക്കാണ് ഡി വൈ എഫ് ഐ നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാളയം ഏര്യയ്ക്ക് കീഴിലുള്ള കുന്നുകുഴി വാര്‍ഡിലാണ് വിവേചനമില്ലാത്ത കമ്മിറ്റി രൂപികരിക്കുക.

എല്ലാവരും തുല്യര്‍

സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്ന പ്രഖ്യാപനം കൂടിയാണ് ഡിവൈഎഫ്‌ഐ നടത്തുന്നത്. വാര്‍ഡ് മെമ്പറും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ഐപി ബിനുവിന്റെ നേതൃത്വത്തിലാണ് ഭിന്നലിംഗക്കാരുടെ രാഷ്ട്രീയ മുന്നേറ്റം.

ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ തിരുവനന്തപുരം യൂണിറ്റും ഡിവൈഎഫ്‌ഐയും കൈകോര്‍ത്താണ് രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഭിന്നലിംഗക്കാരുടെ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകുന്നത്.

നൂറോളം ഭിന്നലിംഗക്കാര്‍ഡിവൈഎഫ്‌ഐ അംഗത്വത്തിലൂടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തും. ഇക്കാര്യം വ്യക്തമാക്കികൊണ്ട് ഐ പി ബിനു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളേ, സഖാക്കളേ, ഇത് മുഴുവൻ വായിക്കണം…
വളരെയധികം സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇത് എഴുതുന്നത്. സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമായ ട്രാൻസ്ജെൻഡേസേർസിന്റെ അവകാശങ്ങൾക്ക് വേണ്ടി ഉറച്ച നിലപാടുകളുമായി എന്നും നിലകൊള്ളുന്നവയാണ് രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ DYFI
DYFI യുടെ കൊച്ചിയിൽ നടന്ന അഖിലേന്ത്യാ സമ്മേളനം ട്രാൻസ്ജെൻഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലേക്കായി ആഹ്വാനം ചെയ്ത് പ്രമേയം പാസ്സാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്ജെനഡേർസിന്റെ കുടുംബശ്രീ യൂണിറ്റ് കുന്നുകുഴി വാർഡിൽ ആരംഭിക്കാനായത് അഭിമാന നേട്ടങ്ങളിൽ ഒന്നായി ഞാൻ എന്നും കരുതുന്നു. നിലവിൽ കുന്നുകുഴി വാർഡിൽ ട്രാൻസ്ജെൻഡർസിന്റെ മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ന് മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കുന്നുകുഴി വാർഡും അനന്തപുരിയിലെ DYFI കമ്മിറ്റിയും പങ്കാളികളാകുന്നു.. ട്രാൻസ്ജെൻഡേർസുകൾക്ക് DYFl അംഗത്വ വിതരണം നടത്തുകയും യൂണിറ്റ് രൂപികരിക്കുകയും ചെയ്യുന്നു. പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായി യൂണിറ്റംഗങ്ങൾ സമൂഹത്തിനാകെയുള്ള അവകാശപ്പോരാട്ടങ്ങളിൽ DYFl പ്രസ്ഥാനത്തിന് കരുത്താകും. എന്റെ അറിവിൽ രാജ്യത്ത് തന്നെ ആദ്യമായാണ് ട്രാൻസ്ജെൻഡേർസ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. DYFl പാളയം ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിൽ, പാളയം മേഖലാ കമ്മിറ്റിയ്ക്ക് കീഴിൽ PMG യൂണിറ്റാണ് രൂപീകരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് PMG യിൽ നടക്കുന്ന ചടങ്ങിൽ DYFI അംഗത്വ വിതരണം നടത്തുന്നതായിരിക്കും. DYFI തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ. സാജു ഉദ്ഘാടനം ചെയ്യും.
എന്റെ എല്ലാ പ്രിയപ്പെട്ടവരേയും ഈ പൊതു ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
“വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ്..”
ഐപി ബിനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here