‘ചോറ് ഇവിടെ കൂറ് അവിടെ’; സ്വകാര്യ ബസ് മുതലാളിമാരായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്വകാര്യ ബസ് മുതലാളിമാരായ KSRTC ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ച് മാനേജ്‌മെന്റ്. സ്വകാര്യ ബസ് മുതലാളിമാരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന 17 ജീവനക്കാരെയാണ് ആദ്യപടിയായി ഇപ്പോള്‍ ജോലി ചെയ്യുന്ന ഡിപ്പോകളില്‍ നിന്നും വിദൂര ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.

ഷെഡ്യൂളുകള്‍ അട്ടിമറിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് നടപടി

ജീവനക്കാര്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ ബസുകള്‍ക്ക് വേണ്ടി KSRTC ഷെഡ്യൂളുകള്‍ അട്ടിമറിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ശിക്ഷാ നടപടി.

KSRTCയിലെ ചില ജീവനക്കാര്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ ബസുകള്‍ക്കും സമാന്തര സര്‍വ്വീസ് വാഹനങ്ങള്‍ക്കും വേണ്ടി KSRTC സര്‍വ്വീസുകള്‍ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ഇതിനെ കുറിച്ച് എം.ഡി.രാജമാണിക്യം തന്നെ രഹസ്യഅന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇത്തരം ജീവനക്കാര്‍ക്ക് MD തന്നെ നേരത്തെ താക്കീതും നല്‍കി. കൂടാതെ ഇത്തരത്തില്‍ സ്വകാര്യബസുകളും സമാന്തരവാഹനങ്ങളും ഉള്ളവര്‍ സ്വമേധയാ അധികൃതര്‍ക്ക് വിവരം കൈമാറണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധിപേര്‍ ആണ് താനുമൊരു സ്വകാര്യബസ് മുതലാളിയാണെന്ന സത്യം തുറന്നുപറഞ്ഞത്.

MDയുടെ താക്കീത് കണക്കിലെടുക്കാതെ ചോറ് ഇവിടെ കൂറ് അങ്ങ് എന്ന നിലയില്‍ KSRTCയില്‍ പ്രവര്‍ത്തി തുടരുന്ന ജീവനക്കാരില്‍ 17 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സ്വകാര്യബസ്് മുതലാളിമാരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ഇവരെ നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പോകളില്‍ നിന്ന് വിദൂര ഡിപ്പോകളിലേക്ക് സ്ഥലമാറ്റികൊണ്ടുള്ള ഉത്തരവാണ് രാജമാണിക്യത്തിന്റെ നിര്‍ദ്ദേശപ്രകാരം പുറത്തിറക്കിയത്.

കൂടാതെ ഡ്രൈവര്‍മാരില്ലെന്ന കാരണത്താല്‍ KSRTCയുടെ സ്‌കാനിയ വോള്‍വോ സര്‍വ്വീസുകള്‍ റദ്ദാക്കിയ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

അതേസമയം, തലസ്ഥാന നഗരിയില്‍ നിന്ന് മലബാറിലേയ്ക്കടക്കമുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്ന ചില സ്വകാര്യ ബസുകള്‍ക്കായി KSRTC യുടെ സര്‍വ്വീസ് റദ്ദാക്കുന്നത് പതിവായിരിക്കുന്നു. ഇതുപോലെ മറ്റ് ഡിപ്പോകളില്‍ നിന്നും പ്രവര്‍ത്തനം നടക്കുന്നുണ്ട്.

ഇത് നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് യോഗം ചേര്‍ന്ന് നടപടി എടുത്തത്. എന്നാല്‍ KSRTCയെ ലാഭത്തിലാക്കാന്‍ ജീവനക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്ന രാജമാണിക്യം KSRTCയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News