രാജീവ് കൊലപാതകം: അഡ്വ. ഉദയഭാനുവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പരിശോധിക്കും; പ്രതികളുടെ ഫോണ്‍ കോളുകളും നിരീക്ഷണത്തില്‍

തൃശൂര്‍: ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ ഉദയഭാനുവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പൊലീസ് പരിശോധിക്കും.

ജോണിയുടെ കച്ചവടങ്ങളിലും അന്വേഷണം

കേസില്‍ ഒളിവില്‍ പോയ ഇടനിലക്കാരന്‍ ജോണിയുടെ കച്ചവടങ്ങളിലും അന്വേഷണം നടന്നുവരികയാണ്. കൊലയ്ക്ക് മുമ്പും ശേഷവും പ്രതികള്‍ നടത്തിയ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുകയാണ്.

ആദായ നികുതി വെട്ടിക്കാന്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ താത്പര്യമുണ്ടെന്നറിയിച്ച് കഴിഞ്ഞ വര്‍ഷം എതിര്‍ കക്ഷികള്‍ തന്നെ സമീപിച്ചെന്നാണ് കൊല്ലപ്പെട്ട രാജീവ് ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പറഞ്ഞുറപ്പിച്ച കച്ചവടത്തിനായി അഡ്വാന്‍സ് തുക കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.

നവംബര്‍ മാസം നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ചക്കര ജോണിയും രഞ്ജിത്തും പങ്കാളികളായ ഇടപാട് നടക്കാതെ വന്നു. അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. രാജീവിനെ കേന്ദ്രീകരിച്ച് അടുത്തകാലത്ത് നടന്ന സ്ഥലമിടപാടുകള്‍ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് നീക്കം.

പ്രതികള്‍ കൊലയ്ക്ക് മുമ്പും ശേഷവും നടത്തിയ ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ജോണിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പരിശോധിക്കുന്നതിനൊപ്പം ഉദയഭാനുവിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

അതേസമയം, അറസ്റ്റിലായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പിടിയിലാകാനുള്ള അങ്കമാലി സ്വദേശി ജോണിക്കും സഹായി രഞ്ജിത്തിനുമായി തിരച്ചില്‍ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News