ഇത് സഖാവ് ശ്രീജന്‍ ബാബു; ആര്‍എസ്എസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍; ഭീകരരെപോലും പിന്നിലാക്കിയ ആര്‍എസ്എസ് കൊടുംക്രൂരത

‘ജൂലൈ മൂന്ന് എന്ന കറുത്ത ദിനം ഞങ്ങളിലേല്‍പിച്ച ആഘാതവും വെട്ടിനുറുക്കിയിട്ടും ജീവന്റെ തുടിപ്പുമാത്രം ബാക്കിയായ ഒരു വലിയ മനസ്സുമുണ്ട് ഇന്ന് എന്റെ കൂടെ. കമ്യൂണിസത്തോടുള്ള ആര്‍എസ്എസിന്റെ ഒടുങ്ങാത്ത വെറുപ്പ് ഏറ്റുവാങ്ങിയ ശരീരം. മനുഷ്യത്വത്തെ, നന്മയെ വര്‍ഗീയതയ്ക്ക് അടിയറവയ്ക്കാന്‍ സമ്മതിക്കാത്ത ഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍ നാടിന് തിരിച്ചേല്‍പിച്ച ജീവന്‍”- എരഞ്ഞോളി കൊടക്കളത്തെ കുണ്ടാഞ്ചേരി ശ്രീജന്‍ ബാബുവിന്റെ ഭാര്യ എകെ രമ്യയുടെ ഈ വാക്കുകളില്‍ പ്രിയതമന്റെ ജീവന്‍ തിരിച്ചുനല്‍കിയ നാടിനോടുള്ള നന്ദി.

ആര്‍എസ്എസിന്റെ ഒടുങ്ങാത്ത പകയുടെ ഒടുവിലത്തെ ഇര

സിപിഐഎമ്മിനോടുള്ള ആര്‍എസ്എസിന്റെ ഒടുങ്ങാത്ത പകയുടെ ഒടുവിലത്തെ ഇരകളിലൊരാളാണ് എരഞ്ഞോളി കൊടക്കളത്തെ ഓട്ടോ ഡ്രൈവര്‍ ശ്രീജന്‍ ബാബു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന എകെ രമ്യയുടെ ഭര്‍ത്താവ്.

വെട്ടേറ്റ് അര്‍ധപ്രാണനായ ശരീരവുമായി ഏതാനും മാസമായി ഈ നാല്‍പത്തിമൂന്നുകാരന്‍ ഒരേ കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത കിടപ്പ്. ശരീരത്തിലുടനീളം വെട്ടേറ്റ് ഉണങ്ങിയ ചെറുതും വലുതുമായ മുറിവുകള്‍. നിറകണ്ണുകളോടെയല്ലാതെ ഈ ചെറുപ്പക്കാരനെ കണ്ടുനില്‍ക്കാനാകില്ല.

ഐഎസ് ഭീകരരെപോലും പിന്നിലാക്കിയ കൊടുംക്രൂരത. ആര്‍എസ്എസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാളാണ് ശ്രീജന്‍.

2017 ജൂലൈ മൂന്നിന് പകല്‍ രണ്ടേകാലിന് പൊന്ന്യം നായനാര്‍റോഡിലെ ഓട്ടോസ്റ്റാന്‍ഡില്‍ യാത്രക്കാരെയും പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് പൊടുന്നനെ ആര്‍എസ്എസ് സംഘം വാഹനം വളഞ്ഞ് വെട്ടിനുറുക്കിയത്. തലയ്ക്കും ഇരുകൈകാലുകള്‍ക്കും വയറിനും നെഞ്ചിനുമെല്ലാം കുത്തേറ്റു. വലതുകാലും ഇടതുകൈയും വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ശരീരത്തില്‍ വെട്ടേല്‍ക്കാത്ത സ്ഥലങ്ങളുണ്ടായിരുന്നില്ല.

മാരകമായ 27 മുറിവുകളും ചെറിയ 22 മുറിവുകളുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. രക്ഷപ്പെടാനുള്ള സാധ്യത നന്നേ കുറവായിരുന്നു. ആശങ്കയോടെയാണ് നാട്ടുകാര്‍ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചത്.

മരണത്തിന്റെ നൂല്‍പാലം കടക്കുന്നതിനിടെ, ആവശ്യമായ രക്തം നല്‍കി അതിവേഗം കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടു മാത്രം ജീവനെടുക്കാനുള്ള ആര്‍എസ്എസിന്റെ മോഹം പൊലിഞ്ഞു.

ശ്രീജന്‍ മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ ആഹ്ലാദത്തോടെ മടങ്ങിയത്. രണ്ടു ദിവസം രണ്ടു ഘട്ടമായി 26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, വെട്ടേറ്റ് മുറിഞ്ഞ എല്ലുകളും ശരീരഭാഗങ്ങളും കൂട്ടിയോജിപ്പിക്കാന്‍ നാലു തവണയായി വീണ്ടും ശസ്ത്രക്രിയ.

49 ദിവസം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ഒരാഴ്ച തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിലും. മാരകമായ വെട്ടും കുത്തുമേറ്റിട്ടും ശ്രീജന്‍ കൊലക്കത്തിയെ അതിജീവിച്ചു. ജോലിചെയ്തു കുടുംബം പുലര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്ക ബാക്കി.

ഭാര്യയും പതിനൊന്നുവയസ്സുകാരനായ മകന്‍ ഭഗത്തുമടങ്ങുന്ന കുടുംബത്തെ തീരാവേദനയിലും ദുഃഖത്തിലുമാഴ്ത്തിയ വധശ്രമം ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാനേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയതായിരുന്നു.

ഇന്നേവരെ ഒരു കേസിലും പ്രതിയാകാത്ത ശ്രീജന്‍. രാഷ്ട്രീയഭേദമില്ലാതെ ഏവര്‍ക്കും ഏതുനേരത്തും സഹായമെത്തിക്കുന്ന ജനസേവകന്‍.

സമാധാനം നിലനില്‍ക്കുമ്പോഴായിരുന്നു ഈ ആക്രമണമെന്നതും ഓര്‍ക്കണം. നിരപരാധികളായ നൂറുകണക്കിന് പാവങ്ങളുടെ ചോരയൊഴുക്കിയവര്‍ യാത്രയുമായി ഇറങ്ങുമ്പോള്‍ പ്രതിരോധത്തിന്റെ ഉജ്വലപ്രതീകമാവുകയാണ് ശ്രീജന്‍ ബാബു.
(പി ദിനേശന്‍ ദേശാഭിമാനിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News