രാജീവ് കൊലപാതകം: ചക്കര ജോണി രാജ്യം വിട്ടു? ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കുമെന്ന് അന്വേഷണ സംഘം

തൃശൂര്‍: വസ്തു ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യം വിട്ടതായി സൂചന.

ഗൂഢാലോചനയ്ക്ക് പിന്നില്‍ ജോണി ഉള്‍പ്പെടെ മൂന്ന് പേര്‍ 

ജോണിയെ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജോണി ഉള്‍പ്പെടെ മൂന്ന് പേര്‍ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.

രാജീവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഭവം ക്വട്ടേഷനാണെന്നും കൊലയാളികളെ ദൗത്യം ഏല്‍പ്പിച്ചത് അങ്കമാലി സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായ ചക്കര ജോണിയാണെന്നും പൊലീസിന് സ്ഥിരീകരിക്കാനായിരുന്നു.

രണ്ട് ദിവസമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജോണിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

അങ്കമാലി കൊച്ചി മേഖലയില്‍ വന്‍കിട ഭൂമി ഇടപാടുകള്‍ നടത്തുന്ന ജോണി സമാന കുറ്റകൃത്യങ്ങളില്‍ പെട്ടപ്പോള്‍ രാജ്യം വിട്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജോണിക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നിലവില്‍ തായ്‌ലന്റ്, ഓസ്‌ട്രേലിയ, യു.എ.ഇ എന്നീ രാജ്യങ്ങളെ വിസകള്‍ ജോണിയുടെ കൈവശമുണ്ട്.

പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വിമാനത്താവളങ്ങളില്‍ ജോണിയെ തിരിച്ചറിയാനായാണ് സര്‍ക്കുലര്‍ നല്‍കുന്നത്. ഇയാളുടെ സഹായി രഞ്ജിത്തും ഒളിവിലാണ്.

മുടങ്ങി പോയ ഭൂമി ഇടപാടിനായി നല്‍കിയ അഡ്വാന്‍സ് തുക തിരികെ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോണിയുടെ ബന്ധു ഷൈജു ഉള്‍പ്പെടെയുള്ള നാല് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തിയിരുന്ന ജോണിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. രാജീവിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ജോണിയുടെയും അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെയും ഭൂമി ഇടപാടുകള്‍ പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News