പൂനെയില്‍ മലയാളി വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത

പൂനെ: പൂനയില്‍ വിശ്രാന്തവാടി ഭൈരവനഗറിലെ അംബെ നഗരിയില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്ന രാധാ മാധവനെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി പൂനെയില്‍ സ്ഥിര താമസമാക്കിയ 65 വയസ്സുകാരിയായ രാധാ മാധവന്‍ ചെങ്ങനാശ്ശേരി സ്വദേശിയാണ്. മിലിട്ടറിയില്‍ സിവിലിയന്‍ ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭര്‍ത്താവ് മാധവന്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദൃയ സ്തംഭനം മൂലം മരണപ്പെട്ടിരുന്നു. മക്കള്‍ രണ്ടു പേര്‍ പൂനെയില്‍ തന്നെ വേറെ വീട്ടിലാണ് താമസം.

രാധാ മാധവന്‍ നായരെ ഇന്നലെ രാത്രി 9 മണിക്കും 10 മണിക്കും ഇടയില്‍ അജ്ഞാതര്‍ വീട്ടില്‍ കയറി കഴുത്തില്‍ വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മാലയും കൈയ്യിലെ വളയും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മോഷണമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

വീട്ടിനകത്ത് ഡൈനിങ്ങ് ടേബിളില്‍ ചായഗ്ലാസ്സ് ബിസ്‌കട്ട് പ്ലേറ്റ് കൂടാതെ ഒരു വെള്ളത്തിന്റെ ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. പാലും ബിസ്‌ക്കറ്റും താഴെയുള്ള കടയില്‍ നിന്നും മരണപ്പെടുന്നതിനു കുറച്ചു മുന്‍പ് വാങ്ങിയതാണ്.

കൊലപാതകി പരിചയക്കാരന്‍ ആണെന്ന സംശയം ബലപ്പെടുത്തുന്നു

ഇത് കൊലപാതകി പരിചയക്കാരന്‍ ആണെന്ന സംശയം ബലപ്പെടുത്തുന്നു. രാധാ മാധവന്റെ പ്രകൃതമനുസരിച്ചു അപരിചിതനെ വീട്ടില്‍ കയറ്റുവാനുള്ള സാധ്യത കുറവാണ്.

കൂടാതെ സുരക്ഷാ സംവിധാനങ്ങളുള്ള ഹൌസില്‍ കോംപ്ലക്‌സിലാണ് രാധ താമസിച്ചിരുന്നത്. മോഷണം മാത്രമാണ് ലക്ഷ്യമെങ്കില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ കൊലപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

രാത്രി 9മണിക്ക് മകള്‍ അമ്മക്ക് ഫോണ്‍ ചെയ്യതപ്പോള്‍ പ്രതികരണം ഇല്ലാത്തതിനാല്‍ വഡ്ഗാവ്‌ശേരിയില്‍ താമസിക്കുന്ന മകനെ വിവരം അറിയിക്കുകയായിരുന്നു. മകന്‍ ഫ്‌ലാറ്റില്‍ എത്തി വിളിച്ചിട്ടും യാതൊരു പ്രതികരണവും കണ്ടില്ല.

തുടര്‍ന്ന് ഫ്‌ലാറ്റിന്റെ ലോക്ക് തുറപ്പിച്ചു കയറിയപ്പോഴാണ് രാധാ മാധവനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

രണ്ടു ദിവസത്തിനകം കുറ്റവാളിയെ കണ്ടു പിടിക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സന്നൂണ്‍ ആശുപത്രയില്‍ എത്തിച്ചു. പോലീസ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

നാളെ രാവിലെ പൂനെയില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News