ഗൗരി ലങ്കേഷിന്റെയും ശാന്തനു ഭൗമിക്കിന്റെയും കൊലപാതകം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റം: മുഖ്യമന്ത്രി

ദില്ലി: മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് സമീപകാലത്ത് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രൂരമായ കയ്യേറ്റമാണ് ഗൗരി ലങ്കേഷിന്റെയും ത്രിപുരയിലെ ശാന്തനു ഭൗമിക്കിന്റെയും കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്നുള്ള സംഘടിതമായ ചെറുത്ത് നില്‍പ്പ് വേണമെന്നും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവേയാണ് രാജ്യത്ത് മാധ്യമങ്ങള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 150 രാജ്യങ്ങളുടെ കൂട്ടത്തില്‍ 136 സ്ഥാനത്താണ് ഇന്ത്യയെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്.

രാജ്യത്ത് തീവ്രവലതുപക്ഷ ശക്തികള്‍ അധികാരത്തില്‍ എത്തിയതിനു ശേഷം മുഖ്യധാരാ മാധ്യമങ്ങളില്‍ സെന്‍സര്‍ഷിപ്പ് ശക്തിപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതും കാണേണ്ടതുണ്ട്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് 22 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.അസഹിഷ്ണുത കാരണമാണ് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമരംഗത്ത് വലിയരീതിയിലുള്ള കോര്‍പ്പറേറ്റ് വത്കരണമാണ് നടക്കുന്നത് നടക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്ക് അനഭിമതരായി മാറുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളില്‍ നിന്നും പടിയിറങ്ങേണ്ടതായി വരുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ദേശവിരുദ്ധ ശക്തികളുടെയും ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെയും കേന്ദ്രമെന്ന വര്‍ഗ്ഗീയ ശക്തികളുടെ പ്രചരണങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News