വര്‍ഗീയവാദവും ഗാന്ധിവധവും

ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങളാണ് നാണംകുണുങ്ങിയായ ഗാന്ധി എന്ന യുവ അഭിഭാഷകനെ ഒരാദര്‍ശധീരനായ പൊതുപ്രവര്‍ത്തകനും ജനകീയ നേതാവുമാക്കിയത്. ആദ്യകാലത്ത് അദ്ദേഹം മുസ്‌ളിങ്ങളുടെ നേതാവായിട്ടാണ് അറിയപ്പെട്ടത്.

ട്രാന്‍സ്വാളിലെ മുസ്‌ളിം തടവുകാരുടൈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും പീറ്റര്‍ മാരിസ് ബര്‍ഗിലെ മുസ്‌ളിങ്ങള്‍ക്ക് ഒരു മൌലവിയുടെ സേവനം ലഭിക്കാന്‍ കുടിയേറ്റനിയമങ്ങളില്‍ ഇളവിനുവേണ്ടിയും കച്ചവടക്കാര്‍ക്ക് എളുപ്പം ലൈസന്‍സുകള്‍ ലഭ്യമാക്കാനും എല്ലാം അദ്ദേഹം പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ഇത്തരം ഇടപെടലുകള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട ഹിന്ദു- മുസ്‌ളിം കലാപങ്ങളോട് വലിയ തോതിലുള്ള എതിര്‍പ്പും ഈ കാലത്ത് അദ്ദേഹം പ്രകടമാക്കി. ഇന്ത്യയുടെ മോചനത്തിന് ഈ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുക്കളും മുസ്‌ളിങ്ങളും പാര്‍സികളും ക്രിസ്ത്യാനികളുമെല്ലാം ഇന്ത്യയെ സ്വന്തം രാജ്യമാക്കിയവരാണെന്നും രാഷ്ട്രവും മതവും പര്യായപദങ്ങളായി ഉപയോഗിക്കരുതെന്നും ‘ഹിന്ദ് സ്വരാജില്‍’ (1909) അദ്ദേഹം എഴുതി.

ഇന്ത്യയില്‍ മടങ്ങിയെത്തി മുസ്‌ളിംലീഗിന്റെ ലഖ്‌നൌ (1916) സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെ,ദക്ഷിണാഫ്രിക്കയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് ഹിന്ദു-മുസ്‌ളിം ഐക്യത്തിലൂടെയാണെന്നും ഇന്ത്യക്ക് സ്വരാജ്യം ലഭിക്കണമെങ്കില്‍ രണ്ട് സമുദായങ്ങളും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗാന്ധിജി വ്യക്തമാക്കി.

നാല്‍പ്പതുകളില്‍ വര്‍ഗീയവാദികള്‍ ശക്തമായി എതിര്‍ത്ത ഒരു നിലപാടായിരുന്നു ഇത്. എല്ലാ ഹിന്ദുക്കളും മുസ്‌ളിങ്ങളായാല്‍ ഈ ഐക്യം നിലവില്‍വരുമെന്ന് ഗോള്‍വാള്‍ക്കര്‍ പരിഹസിക്കുകയുണ്ടായി.

ഈ കാലത്തുതന്നെയാണ് ഗാന്ധിജിയെ ഒരു ‘വിശ്വാസവഞ്ചകനാ’യും (traitor-)- ‘ഹിന്ദുരാഷ്ട്ര’ത്തിന്റെ ശത്രുവായും വര്‍ഗീയവാദികള്‍ ചിത്രീകരിച്ചത്.

ഖിലാഫത്ത് പ്രശ്‌നം ഒന്നാംലോക യുദ്ധാവസാനത്തോടെ ഉയര്‍ന്നുവന്നു. ഹിന്ദു- മുസ്‌ളിം ഐക്യം ഉറപ്പിക്കുന്ന ഒന്നായാണ് ഗാന്ധിജി ഈ പ്രശ്‌നത്തെ നോക്കിക്കണ്ടത്. ‘യങ് ഇന്ത്യ’യില്‍ തന്റെ മൂന്ന് ലക്ഷ്യങ്ങളെപ്പറ്റി അദ്ദേഹം എഴുതി: പ്രശ്‌നപരിഹാരത്തിന് സത്യഗ്രഹം എന്ന രീതി സ്വീകരിക്കുക, സ്വരാജിന് ഹിന്ദു- മുസ്‌ളിം ഐക്യം ഒരു പൂര്‍വാവശ്യമാണെന്നത് അംഗീകരിക്കുക, ബ്രിട്ടനുമായി ശരിയായ ഒരു ബന്ധം വളര്‍ത്തുക. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചേരുന്നത് തന്റെ ധര്‍മമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയവും മതവും

രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്താന്‍ ഗാന്ധിജി തയ്യാറായില്ല. എന്നാല്‍, മതം ഇന്ത്യയെ ഭിന്നിപ്പിക്കുന്ന ഒന്നാണെന്ന കൊളോണിയല്‍ നിലപാടില്‍നിന്നും ബ്രിട്ടനുമുമ്പ് മുസ്‌ളിങ്ങളും പിന്നെ ബ്രിട്ടനും പീഡിപ്പിച്ച ഒരു സമുദായമായി ഹിന്ദുവെ കണ്ട വര്‍ഗീയവാദികളുടെ നിലപാടില്‍നിന്നും ഇത് തുലോം ഭിന്നമായിരുന്നു.

മതമെന്നത് ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ധാര്‍മികതയുടെ ഉറവിടമായിരുന്നു. രാഷ്ട്രീയം ധര്‍മാധിഷ്ഠിതമാകണം. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള തന്റെ നിലപാടുകള്‍ ഗാന്ധിജി പില്‍ക്കാലത്ത് മാറ്റി.

വര്‍ഗീയവാദികള്‍ ആചാര- അനുഷ്ഠാനങ്ങളിലധിഷ്ഠിതവും സങ്കുചിതവുമായ രീതിയില്‍ മതത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമുതലെടുപ്പിന് ശ്രമം തുടങ്ങിയപ്പോഴായിരുന്നു അത്. മതം ഒരു തടവറയാകരുതെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

മതമെന്നത് ഒരാളുടെ വ്യക്തിപരമായ നിലപാടാണെന്നും അത് രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും 1940കളില്‍ അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

രാഷ്ട്രം എന്നത് സെക്കുലറാകണമെന്നും മതാധിഷ്ഠിതമാകരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഒരു ചോദ്യത്തിന് ഉത്തരമായി തന്റെ മതം ഔപചാരികമായ മാമൂലുകളില്‍ ഒതുങ്ങുന്ന ഒന്നല്ലെന്നും ഹിന്ദു, ഇസ്‌ളാം, ക്രിസ്ത്യന്‍ എന്നിത്യാദി മതങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന, തീരെ സെക്ടേറിയന്‍ അല്ലാത്ത ഒന്നാണെന്നും ഗാന്ധിജി വ്യക്തമാക്കി.

ഇന്ത്യയുടെ ഐക്യം ഉറപ്പിക്കാന്‍ നാടന്‍ മതപാരമ്പര്യങ്ങളില്‍നിന്നും ഐതിഹ്യങ്ങളില്‍നിന്നുമാണ് ഗാന്ധിജി പാഠങ്ങള്‍ ഉള്‍ക്കൊണ്ടത്, ചരിത്രത്തില്‍നിന്നല്ല. വ്യത്യാസങ്ങളെ മറികടന്ന് ഒരൊറ്റ ഇന്ത്യ എന്ന ആശയം പ്രചരിപ്പിക്കാനുള്ള ഉപാധികളായിരുന്നു സ്വദേശി, ഖാദി, ഗ്രാമോദ്യോഗ് എന്നിവ. മതത്തിന്റെ പേരില്‍ ഒരു ഉദ്‌ബോധനവും ഗാന്ധിജി നടത്തിയിട്ടില്ല.എന്നാല്‍, വര്‍ഗീയവാദികള്‍ക്ക് മതമാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇതാകട്ടെ സങ്കുചിതമായി നിര്‍വചിക്കപ്പെട്ട ഒന്നായിരുന്നുതാനും.

അതേസമയം, ഗാന്ധിജിയുടെ മതേതരസമീപനത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായിരുന്നു. ഏകശിലാത്മക സമുദായമായിട്ടാണ് അദ്ദേഹം മുസ്‌ളിങ്ങളെ കണ്ടത്. അവരുടെ ഇടയിലെ വേര്‍തിരിവുകളെ കണ്ടില്ല. ഗാന്ധിജി ഉപയോഗിച്ച ബിംബങ്ങള്‍ പലതും ഹിന്ദുമതത്തിന്റേതായിരുന്നു.

ഇത് പലരിലും തെറ്റിദ്ധാരണകള്‍ പരത്തി. വര്‍ഗീയതയെ എതിര്‍ത്ത്, പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവുമായ ഒരു പ്രസ്ഥാനം അദ്ദേഹം കെട്ടിപ്പടുത്തില്ല. വര്‍ഗീയത തീവ്ര- ഹിംസാത്മകതലത്തിലേക്ക് വളര്‍ന്നപ്പോള്‍മാത്രമാണ് ഗാന്ധിജി അതിന്റെ ഭീഷണി യഥാര്‍ഥത്തില്‍ മനസ്സിലാക്കിയത് എന്നുവേണം കരുതാന്‍. 1942നുശേഷം മിക്ക ദേശീയവാദികളും ജയിലിലായത് വര്‍ഗീയവാദികളുടെ വളര്‍ച്ചയ്ക്ക് സഹായമാവുകയും ചെയ്തു.

ഗാന്ധിവധം

ഹിന്ദുമതവിശ്വാസിയായ ഗാന്ധിജിയെ എന്തുകൊണ്ട് ഹിന്ദുവര്‍ഗീയവാദികള്‍ വധിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഗാന്ധിജിയുടെ ‘മുസ്‌ളിം പ്രീണനം’ ഹിന്ദുവര്‍ഗീയവാദികളെ വളരെ അലോസരപ്പെടുത്തിയിരുന്നു.

‘മുസ്‌ളിം പ്രീണന’നയം പിന്തുടരുന്ന ഗാന്ധിയോടുള്ള തന്റെ ദേഷ്യവും വെറുപ്പും 1927ല്‍തന്നെ സവര്‍ക്കര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1944ല്‍ ജിന്നയുമായുള്ള ഗാന്ധിജിയുടെ കൂടിക്കാഴ്ച മുടക്കണമെന്ന് സവര്‍ക്കര്‍ ആഗ്രഹിച്ചതായി ഗോപാല്‍ ഗോഡ്‌സെ എഴുതിയിട്ടുണ്ട്. ജിന്നയെ കാണാന്‍ സേവാഗ്രാമില്‍നിന്ന് ബോംബെ (മുംബൈ)യിലേക്ക് ഗാന്ധി പുറപ്പെട്ടപ്പോള്‍ ഹിന്ദുമഹാസഭക്കാര്‍ തടയാന്‍ ശ്രമിച്ചു.

നാരായണ്‍ ആപ്‌തേയുടെ നേതൃത്വത്തില്‍ ഒരുകൂട്ടമാളുകള്‍ പഞ്ച്ഗനിയില്‍ ഗാന്ധിജിയുടെ നേരെ പ്രകടനം നയിച്ചു. ഗാന്ധിജിയുടെ ‘മുസ്‌ളിം പ്രീണന’ത്തിന്റെ അവസാനത്തെ ‘തെളിവ്’ പാകിസ്ഥാനുള്ള 55 കോടി രൂപ (ഇന്ത്യയിലെ പാകിസ്ഥാന്റെ സ്ഥാവരസ്വത്തുക്കളുടെ മൂല്യം) കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജി 1948 ജനുവരി 13ന് നിരാഹാര സത്യഗ്രഹം ആരംഭിച്ചതാണ്.

ഇതോടെ തന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടതായി നാഥുറാം ഗോഡ്‌സെ വിചാരണവേളയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1948 ജനുവരി 20ന് ഗാന്ധിജിയെ വധിക്കാന്‍ വിഫലശ്രമം നടത്തിയ മദന്‍ലാല്‍ പഹ്വയുടെ പ്രസ്താവനയില്‍ ഇതിന്റെ മാറ്റൊലി കേള്‍ക്കാം. ഗാന്ധിജിയുടെ നിരാഹാരത്തെതുടര്‍ന്ന് ദില്ലിയിലെ ഹിന്ദുക്കള്‍ മുസ്‌ളിങ്ങളുമായി രമ്യതയില്‍ കഴിയാമെന്ന പ്രതിജ്ഞ എടുത്തതില്‍ പ്രകോപിതനായ മദന്‍ലാല്‍ സബ്‌സി മണ്ഡിയില്‍ നെഹ്‌റുവും ജയപ്രകാശും പങ്കെടുത്ത പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച് അറസ്റ്റിലായി.

ഗാന്ധിജിയുടെ അഹിംസാവാദം വര്‍ഗീയവാദികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ബുദ്ധമതസ്വാധീനത്താല്‍ ഇന്ത്യ അഹിംസാവാദികളുടെ നാടായി എന്നും അതുകൊണ്ടാണ് കാടന്മാര്‍ (ഇതില്‍ ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടില്ല) ഇന്ത്യ ആക്രമിച്ച് കീഴടക്കിയത് എന്നും സവര്‍ക്കര്‍ വിലപിച്ചു.

‘മുസ്‌ളിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും പെണ്‍മക്കളെയും തട്ടിക്കൊണ്ടുപോയാല്‍ തടയരുത്. അത് ഹിംസയാകും.’ എന്നു തന്റെ ചിന്തകളില്‍ ഗോള്‍വാള്‍ക്കാര്‍ പരിഹസിക്കുന്നു. യൂറോപ്യന്‍ ഫാസിസ്റ്റുകാരെപ്പോലെ വര്‍ഗീയവാദികള്‍ക്ക് ഹിംസ ‘ആണത്ത’ത്തിന്റെ ലക്ഷണമാണ്.
ഗാന്ധിവധത്തിന്റെ മറ്റൊരു പ്രധാന കാരണം, രാഷ്ട്രസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. മുസ്‌ളിംരാഷ്ട്രത്തിനെതിരെ ഹിന്ദുരാഷ്ട്രം ഉയര്‍ത്തിക്കാട്ടും. പക്ഷേ, ഗാന്ധിജിയുടെ രാമരാജ്യത്തിനെതിരെ എന്ത് ഉയര്‍ത്തിക്കാട്ടും?

അപ്പോള്‍ ദേശീയവാദികളെ വ്യാജ ദേശീയവാദികളെന്ന് വിളിക്കുക, ഹിന്ദു- മുസ്‌ളിം ഐക്യത്തിനുവേണ്ടി നിലകൊണ്ടവരെ ദേശദ്രോഹികളായി ചിത്രീകരിക്കുക, ഗാന്ധി മൂര്‍ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുക ഇതൊക്കെ ചെയ്യാനേ പറ്റുകയുള്ളൂ. അതുകൊണ്ടാണ് 1947 ഡിസംബര്‍ എട്ടിന് പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും അതിനെതിരെ നില്‍ക്കുന്നവരെ ഉടനടി നിശബ്ദരാക്കുമെന്നും ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയത്.

പറഞ്ഞുവരുന്നത് ഇതാണ്: ഗാന്ധിവധം എന്നത് പെട്ടെന്നൊരു പ്രകോപനത്തെതുടര്‍ന്നുണ്ടായ ഒന്നല്ല, മറിച്ച് ദശാബ്ദങ്ങളായി ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ വര്‍ഗീയ പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ അനന്തരഫലമാണ്. രണ്ട്, അതൊരാകസ്മിക സംഭവമല്ല. മറിച്ച് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒന്നാണ്.

രാഷ്ട്രസങ്കല്‍പ്പത്തെക്കുറിച്ച് പറഞ്ഞുവല്ലോ. നീണ്ട ദേശീയപ്രസ്ഥാനത്തിന്റെ പൈതൃകമായി നമുക്ക് ലഭിച്ച രാഷ്ട്രസങ്കല്‍പ്പത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജിക്കുന്ന ഒരു കാലമാണിത്.

ഇന്ത്യയുടെ ബഹുസ്വരതയെ മാറ്റി, ജനാധിപത്യത്തെ മാറ്റി, മതസ്വാതന്ത്യ്രത്തെയും സാമുദായിക സഹവര്‍ത്തിത്വത്തെയും മാറ്റി, ഒരു പ്രത്യേക രീതിയില്‍ വ്യാഖ്യാനിച്ചെടുത്ത മതത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നു.

പത്തെണ്‍പതുവര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ ശ്രമങ്ങളുടെ ഒരവിഭാജ്യഘടകമാണ് ഗാന്ധിവധം. ഇത് തിരിച്ചറിയുകയും ഇന്ത്യയുടെ ഭരണഘടനയും സെക്കുലറിസവും സംരക്ഷിക്കാനായി പ്രതിജ്ഞ എടുക്കുകയുമാണ്, മനുഷ്യസ്‌നേഹികളും ദേശാഭിമാനികളുമായ എല്ലാ ഇന്ത്യക്കാരും ഗാന്ധിജയന്തിദിനത്തില്‍ ചെയ്യേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News