മുംബൈ: കോളേജ് പഠനക്കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്‍. മുംബൈ ഐഐഎംഎയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പൂനം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പൂനം മഹാജന്‍ പറയുന്നത് ഇങ്ങനെ:

‘വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ കോളേജിലേക്ക് പോകാന്‍ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളര്‍ന്നു പോകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.’-പൂനം പറയുന്നു.

ഇന്ത്യയിലെ ഒരു സ്ത്രീ പോലും തുറിച്ചുനോട്ടം കൊണ്ടുള്ള ലൈംഗിക ചൂഷണം നേരിടാതെ കടന്നു പോയിട്ടില്ലെന്നും പൂനം സദസിനോട് പറഞ്ഞു. അതിക്രമങ്ങളില്‍ സ്വയം ഉള്‍വലിയാതെ സ്ത്രീകള്‍ പ്രതികരിക്കണമെന്നും പൂനം പറഞ്ഞു.