രോഹിത് ശര്‍മ്മയ്ക്ക് റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം; കരിയറിലെ ഏറ്റവും മികച്ച നേട്ടത്തില്‍; കോഹ്‌ലിക്കും പത്തരമാറ്റ് തിളക്കം

മുംബൈ: ഓസ്‌ട്രേലിയയെ തകര്‍ത്ത് തരിപ്പണമാക്കി പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് റാങ്കിംഗിലും വന്‍ നേട്ടം. ഇന്ത്യന്‍ താരങ്ങളില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയത്.

കരിയറിലെ ഏറ്റവും മികച്ച റാങ്കും സന്തമാക്കിയാണ് രോഹിതിന്റെ കുതിപ്പ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തതാണ് താരത്തിന് ഗുണമായത്.

രോഹിതിന്‍റെ അസാമാന്യ പ്രകടനം

രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയ രോഹിതായിരുന്നു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്. 59.20 ശരാശരിയില്‍ 296 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

അവസാന കളിയിലെ ഉജ്ജ്വല സെഞ്ചുറിയാണ് റാങ്കിംഗില്‍ കുതിച്ചുചാട്ടം നടത്താന്‍ രോഹിതിനെ സഹായിച്ചത്. ഏകദിന റാങ്കിംഗില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ലോകക്രിക്കറ്റിലെ മുടി ചൂടാ മന്നനായി വാഴുകയാണ്. ഐ സി സിയുടെ ഏകദിനറാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ മറ്റാരുമല്ല. 5 കളിയില്‍ 180 റണ്‍സാണ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ നേടിയത്.

രഹാനെയ്ക്കും നേട്ടം

പരമ്പരയില്‍ നാല് അര്‍ധസെഞ്ചുറികളോടെ 244 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ഇരുപത്തി നാലാം സ്ഥാനമാണ് രഹാനെ സ്വന്തമാക്കിയത്.

100ാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ പരമ്പരയില്‍ കംഗാരുക്കള്‍ക്ക് ആശ്വാസ ജയം സമ്മാനിച്ച ഡേവിഡ് വാര്‍ണറാണ് ഏകദിനത്തിലെ രണ്ടാം റാങ്കുകാരന്‍.

പരമ്പരയില്‍ ഓസീസ് ടോപ് സ്‌കോററായ ആരോണ്‍ ഫിഞ്ച് ഒമ്പത് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി പതിനേഴിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News