നിയമന തട്ടിപ്പ്; ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലെ വിവിധ തസ്തികളുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവ് ചമച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രമുഖ ബിജെപി നേതാവ് അറസ്റ്റിലായി. തിരുവനന്തപുരം കിളിമാനൂരിലെ പ്രമുഖ ബിജെപി നേതാവ് ശിവപ്രസാദിനെയാണ് അറസ്റ്റുചെയ്തത്.

അന്തര്‍ സംസ്ഥാന വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയകളുമായി പ്രതികള്‍ക്ക് ബന്ധം

2011ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വാമനാപുരം അസംബ്ലി നിയോജകണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ പുളിമാത്ത് പഞ്ചായത്തിലെ മുന്‍ പഞ്ചായത്തംഗവുമായിരുന്നു പുളിമാത്ത് വാമനാപുരം സ്വദേശി ശിവപ്രസാദ്.

ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള കാരേറ്റ് വിസ്മയ കംമ്പ്യൂട്ടര്‍ സെന്ററിലെ DTP ജോലിക്കാരി പുളിമാത്ത് അഞ്ചുഭവനില്‍ രേഷ്മാ വിജയനെയും പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ യഥാക്രമം നാലും മൂന്നും പ്രതികളാണ്.

കേസിലെ ഒന്നാം പ്രതിയും വ്യാജരേഖകള്‍ ഉപയോഗിച്ച് പണം കൈപ്പറ്റുകയും ചെയ്ത പേടികുളം അഭയംവീട്ടില്‍ അഭിജിത്ത് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. തട്ടിപ്പിന് ഇരയായ കല്ലറ പഴയചന്ത മാടന്‍നടക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ അരുണിന്റെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ക്ലാര്‍ക്ക്, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ പിഎസ്‌സിയെ സ്വാധീനിച്ച് നിയമനം നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരുണില്‍നിന്ന് 12000 രൂപ തട്ടിയെടുത്തയായുള്ള പരാതിയാണ് കേരളമാകെ വ്യാപിപ്പിച്ചു കിടക്കുന്ന വന്‍നിയമന തട്ടിപ്പിന്റെ ചുരുളഴിക്കുന്നത്.

പല സ്‌കൂളുകളുടെ പേരിലുള്ള നൂറുകണക്കിന് നിയമന ഉത്തരവുകളും വ്യാജ റബ്ബര്‍ സ്റ്റാമ്പുകളും ഒരുലക്ഷത്തോളം രൂപയും പൊലീസ് അഭിജിത്തില്‍ നിന്നും കണ്ടെത്തി. വിശദമായചോദ്യം ചെയ്യലിലാണ് പ്രമുഖ ബിജെപി നേതാവിന്റെ കംമ്പ്യൂട്ടര്‍ സ്ഥാപനത്തിലാണ് വ്യാജരേഖകള്‍ തയ്യാറാക്കിയതെന്ന് കണ്ടെത്തിയത്.

ശിവപ്രസാദിന്റെ കംമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നും നൂറുകണക്കിന് വ്യാജ ഉത്തരവുകളാണ് പ്രതികള്‍ തയ്യാറാക്കിയത്. വ്യാജ ഉത്തരവുകള്‍ ചമച്ചത് ശിവപ്രസാദും, സ്ഥാപനത്തിലെ ജീവനക്കാരിയും അറിഞ്ഞുതന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

അന്തര്‍ സംസ്ഥാന വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയകളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here