ഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി കൊച്ചി മെട്രോ; സര്‍വ്വീസ് ഇനി മഹാരാജാസ് ഗ്രൗണ്ട് വരെ

ഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി കൊച്ചി മെട്രോ ആലുവ മുതല്‍ നഗരത്തിന്റെ ഹൃദയഭാഗമായ മഹാരാജാസ് ഗ്രൗണ്ട് വരെ ഇന്ന് മുതല്‍ സര്‍വ്വീസ് നടത്തും.

മെട്രോയുടെ ദീര്‍ഘസര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വിപുലമായ ആഘോഷ പരിപാടികളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക്

സംസ്ഥാന സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ സമയബന്ധിതമായി മറ്റൊരു പദ്ധതി കൂടി പൂര്‍ത്തീകരിക്കുന്നു. നാടിന്റെ അഭിമാനമായ കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഇന്ന് മുതല്‍ കൂകിപ്പായും.

കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെയുളള ദീര്‍ഘ സര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ നഗരത്തിന് മുകളിലൂടെയുളള ആകാശയാത്രയ്ക്ക് തുടക്കമാകും.

രാവിലെ 10.30ന് കലൂര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് മെട്രോ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ മുഖ്യമന്ത്രി മെട്രോയില്‍ യാത്ര നടത്തും.

എറണാകുളം ടൗണ്‍ ഹാളിലാണ് വിപുലമായ ഉദ്ഘാടന ചടങ്ങുകള്‍. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കൊച്ചി മെയറടക്കമുളള പ്രമുഖരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് രസകരമായ കാരിക്കേച്ചര്‍ വരച്ചു നല്‍കാന്‍ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളും ഉണ്ടാകും.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി ജംഗ്ഷന്‍, എം ജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ച് സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുളളത്.

ഇതോടെ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ദ്ധിക്കും. ട്രെയിനുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്പതാക്കി ഉയര്‍ത്തുകയും ചെയ്യും. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

സ്ഥിരം യാത്രക്കാര്‍ക്ക് 40 ശതമാനം ഇളവ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് മുന്പ് മെട്രോ സര്‍വ്വീസിന് പച്ചക്കൊടി വീശുന്നതോടെ കൊച്ചിയിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെയും മെട്രോയിലേക്ക് ആകര്‍ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News