എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ നിയമനാഗീകാരം ലഭിക്കാതെ പ്രതിസന്ധിയില്‍; അംഗീകാരം കാത്ത് കഴിയുന്നത് പതിനായിരങ്ങള്‍

2016 ല്‍ ജോലിയില്‍ പ്രവേശിച്ച എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ നിയമനാഗീകാരം ലഭിക്കാതെ പ്രതിസന്ധിയില്‍. തസ്തികാ പുനര്‍നിര്‍ണ്ണയം നടക്കാത്തതും കെ ഇ ആര്‍ ഭേദഗതിയുമാണ് അധ്യാപക – അനധ്യാപകരെ ആശങ്കയിലാക്കുന്നത്.

2016 ഡിസംബറില്‍ പുറത്തിറങ്ങിയ കെ ഇ ആര്‍ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 2016 – 17 അധ്യയന വര്‍ഷത്തില്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ തസ്തിക നിര്‍ണ്ണയം നടത്താത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.

ഈ വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്തുകയും നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുയും ചെയ്തു കഴിഞ്ഞു. വിരമിക്കല്‍, രാജി, മരണം, സ്ഥാനക്കയറ്റം, അധിക തസ്തിക എന്നീ വിഭാഗങ്ങളിലൊന്നും 2016 ലുളളവര്‍ക്ക് നിയമനാംഗീകാരം ലഭിക്കുന്നില്ല.

കെ ഇ ആര്‍ ഭേദഗതിയോടെ 1979 മെയ് 22ന് മുമ്പ്ുളള സ്‌കൂളുകളില്‍ 1 : 1 പ്രകാരവും 79 ന് ശേഷം നിലവില്‍ വന്ന സ്‌കൂളുകളിലെ മുഴുവന്‍ തസ്തികയും സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതായി.

ജോലിയില്‍ പ്രവേശിച്ച ശേഷം വന്ന കെ ഇ ആര്‍ ഭേദഗതിയും ഇതിന് മുന്‍കാലപ്രാബല്യം വന്നതും ഇവര്‍ക്ക് വിനയായി.
കോഴിക്കോട് ജില്ലയില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരാണ് ഇത്തരത്തില്‍ പ്രയാസം അനുഭവിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തില്‍ ഇത്തരം കൂട്ടായ്മകള്‍ രൂപീകരിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here