നടിയെ അപമാനിച്ച് സംസാരിക്കരുത്; ദിലീപിന് കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി 85 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണസംഘത്തോട് പൂര്‍ണമായും സഹകരിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, രണ്ട് പേരുടെ ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം.

മറ്റൊരു നിര്‍ദേശംകൂടി ദിലീപിന് കോടതി നല്‍കി

ഇതിനിടയില്‍ മറ്റൊരു നിര്‍ദേശംകൂടി ദിലീപിന് കോടതി നല്‍കി. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നതോ, സ്വാധീനിക്കുന്നതോ ആയ രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ദിലീപിന് കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. ദിലീപിന്റെ സഹോദരനും ബന്ധുക്കളും അല്പസമയത്തിനകം ആലുവ സബ് ജയിലില്‍ എത്തുമെന്നും വിവരങ്ങളുണ്ട്.
ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.

നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.

കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel