കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് കുടുംബവീട്ടിലെത്തി. ആലുവ പറവൂര്‍കവലയിലെ അനുജന് താമസിക്കുന്ന വീട്ടിലാണ് ദിലീപ് എത്തിയത്.
ഇവിടെ കാവ്യാമാധവന്, അമ്മ സരോജം, മകള്‍ മീനാക്ഷി എന്നിവര്‍ ദിലീപിനെ സ്വീകരിച്ചു. നടന് സിദ്ധിഖ്, രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപി എന്നിവരും ആരാധകരും തടിച്ച് കൂടിയിരുന്നു.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് അങ്കമാലി കോടതിയിലെത്തിച്ച് റിലീസിംഗ് ഓര്‍ഡര്‍ വാങ്ങി ജയിലിലെത്തിച്ചതോടെയാണ് താരത്തിന്റെ ജയില്‍വാസം അവസാനിച്ചത്.
ജാമ്യം ഉപാധികളോടെ
ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കണം, അന്വേഷണസംഘത്തോട് പൂര്‍ണമായും സഹകരിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, രണ്ട് പേരുടെ ആള് ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം. മജിസ്ട്രേറ്റ് കോടതിയിലാണ് പാസ്പോര്‍ട്ട് കെട്ടിവയ്ക്കേണ്ടത്.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.
ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.
നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.
കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here