കേന്ദ്ര ഭരണം ഉപയോഗിച്ച് സംസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; നീക്കം വിലപ്പോവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം; കേന്ദ്രഭരണത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നതെന്നും ഈ നീക്കം വിലപ്പോവില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ് അമിത്ഷാ ഉള്‍പ്പെടെയുള്ള ഉന്നത ബിജെപി നേതാക്കളും പല സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സംസ്ഥാന ഭരണത്തെ കേന്ദ്രസര്‍ക്കാരും ആര്‍എസ്എസും തികഞ്ഞ അസഹിഷ്ണുതയോടെയാണ് കാണുന്നത്. ആര്‍എസ്എസും ബിജെപിയും ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം കേരളത്തിനെതിരായ പ്രചാരണമാക്കി മാറ്റുന്നു.

കോര്‍പറേറ്റ് മാധ്യമങ്ങളെയും ദേശീയ ചാനലുകളെയും കേരളത്തിനെതിരായ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. കേരളം ജിഹാദികളുടെ താവളമെന്ന് ആര്‍എസ്എസ് തലവന്‍ ആക്ഷേപിച്ചത് ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാണ്.

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ദേശീയതലത്തില്‍ പ്രചാരണം നടത്തുന്നു. എന്നാല്‍, ഹിന്ദുക്കള്‍ മാത്രമല്ല, ആര്‍എസ്എസിന്റെ സമുന്നത നേതാക്കള്‍വരെ ഇവിടെ ജീവിക്കുന്നു.

ഭീതി വിതയ്ക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമിക്കുന്നത്

കേരളം താമസിക്കാന്‍ കഴിയാത്ത മണ്ണാണെന്ന് ഇപ്പോള്‍ നവതി ആഘോഷിക്കുന്ന പി പരമേശ്വരന്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കള്‍പോലും ഒരിക്കലും പറഞ്ഞിട്ടില്ല. കേരളത്തിലേക്ക് വരാന്‍ ഭയക്കുന്നുവെന്ന് പറഞ്ഞ് ഭീതി വിതയ്ക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമിക്കുന്നത്.

ഇവിടെ സുരക്ഷിതമായി യാത്രചെയ്യാം. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ടിക്കും വിലക്കില്ലെന്നും കോടിയേരി പറഞ്ഞു.

കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് കാരണം ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നു എന്നതാണ്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് എല്‍ഡിഎഫിന്റേയും സര്‍ക്കാറിന്റേയും സമീപനമാണ്.

അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടും. എന്നാല്‍, ഒരുതരത്തിലുള്ള തീവ്രവാദവുമായും സന്ധിചെയ്യില്ല.

അത് മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ശക്തമായ നടപടി സ്വീകരിക്കും. ക്രമസമാധാന പ്രശ്‌നവും അക്രമവും ഏത് ഭാഗത്തുനിന്ന് ഉണ്ടാക്കിയാലും ഏത് നിറത്തിന്റെ പേരില്‍ ഉണ്ടാക്കിയാലും കേരളം അംഗീകരിക്കില്ല.

ഭരണപരമായി മാത്രമല്ല, ജനങ്ങളെ അണിനിരത്തിയും ഇത്തരം നീക്കങ്ങളെ ചെറുക്കുന്ന നാടാണ് കേരളം.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മന്ത്രിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടെ എത്തിച്ചത് ഇവിടത്തെ നേതാക്കളുടെ മുഖം വികൃതമായതുകൊണ്ടാണെന്ന് കോടിയേരി പറഞ്ഞു.

മെഡിക്കല്‍ കുംഭകോണം, ജന്‍ ഔഷധി തട്ടിപ്പ്, സൈനികനിയമന തട്ടിപ്പ് തുടങ്ങിയ അഴിമതിക്കേസുകളില്‍ പെട്ട ഇവിടത്തെ നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here