റോഹിംഗ്യകളോട് കേന്ദ്ര സര്‍ക്കാരിന് മനുഷ്യത്വം വേണമെന്ന് സുപ്രീംകോടതി

ദില്ലി: രോഹിന്‍ഗ്യന്‍ അഭയാര്‍ഥിവിഷയത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുകൂടേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി.

കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ വലിയ സമൂഹത്തിന് സഹായമേകി രാജ്യാന്തരസമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ ഇന്ത്യക്ക് സാധിക്കില്ലേയെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു.

ഏകദേശം 40,000 അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള തീരുമാനത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും ഇത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നുമുള്ള സര്‍ക്കാര്‍വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഇത്തരം കേസുകളില്‍ അധികാരപരിധി ആര്‍ക്കാണെന്നത് വളരെ ആലോചിച്ചുമാത്രം തീര്‍പ്പുകല്‍പ്പിക്കാനാകുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കുട്ടികളെ മടക്കി അയക്കാനുള്ള സര്‍ക്കാര്‍നീക്കം ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ കോടതിയെ സമീപിച്ചു.

കുട്ടികളെ മടക്കി അയക്കാനുള്ള നീക്കം 1989ലെ കുട്ടികളുടെ അവകാശത്തിനായുള്ള ഐക്യരാഷ്ട്രസഭ കണ്‍വന്‍ഷന്‍ ഉടമ്പടിയിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ഈ ഉടമ്പടിയില്‍ ഭാഗഭാക്കായ രാജ്യത്തിന് സ്വന്തം പൌരന്മാരല്ലാത്ത കുട്ടികളെയും സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്.

അഭയാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഡിവൈഎഫ്‌ഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള ആഗസ്ത് എട്ടിലെ സര്‍ക്കാര്‍ ഉത്തരവ് സാഹചര്യങ്ങളോട് നീതിപുലര്‍ത്താത്തതാണെന്ന് മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ ഫാലി എസ് നരിമാന്‍ വാദിച്ചു.

അഭയാര്‍ഥികള്‍ മറ്റു പൌരന്മാര്‍ക്ക് അവകാശപ്പെട്ട വിഭവങ്ങളും സേവനങ്ങളും വിനിയോഗിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന സര്‍ക്കാര്‍വാദം അടിസ്ഥാനരഹിതവും അബദ്ധജഡിലവുമാണ്.

നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

രാജ്യത്തിന്റെ ഭരണഘടന സംഘങ്ങളുടെ അവകാശങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തികളുടെ അവകാശങ്ങള്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥിസമൂഹത്തിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എല്ലാവരെയും ഒരേവെളിച്ചത്തില്‍ കാണുന്നത് ശരിയായ നടപടിയല്ലെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ ഉടന്‍ തിരിച്ച് അയക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തില്‍ ഇടപെടരുതെന്നുമായിരുന്നു സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വിഷയം 13ന് കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here