ഹാദിയ വിഷയത്തില്‍ അധികാരം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി

ദില്ലി ഇസ്‌ളാംമതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ (അഖില) പൂര്‍ണമായ അധികാരം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി.

ഇരുപത്തിനാലുകാരിയായ യുവതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ സൂക്ഷിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല.

ആവശ്യമെങ്കില്‍ കോടതി തന്നെ അവര്‍ക്ക് സംരക്ഷകരെ ഒരുക്കുകയോ അനുയോജ്യമായ ഇടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയോ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം പ്രായപൂര്‍ത്തിയായ യുവതിയുടെ സമ്മതപ്രകാരമുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോയെന്നും കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ശരിയാണോയെന്നും കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുമതി നല്‍കി. കക്ഷി ചേരാനുള്ള വനിതാ കമീഷന്റെ അപേക്ഷയും ജസ്റ്റിസുമാരായ എ എം ഖാന്‍വിലാക്കറും ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പെട്ട ബെഞ്ച് അംഗീകരിച്ചു.

തിങ്കളാഴ്ച കോടതി വാദംകേള്‍ക്കും

എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വിശദമായി വാദംകേള്‍ക്കും.

ചൊവ്വാഴ്ച കേസ് പരിഗണിക്കവെ, പ്രായപൂര്‍ത്തിയായ യുവതിയുടെ ഇഷ്ടപ്രകാരമുള്ള വിവാഹത്തെക്കുറിച്ച് അന്വേഷിക്കുന്നത് എന്‍ഐഎയുടെ കടമയല്ലെന്ന് ഷെഫിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.

പ്രത്യേക സ്വഭാവമുള്ള കേസായതിനാലാണ് ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കേണ്ട സാഹചര്യമുണ്ടായതെന്ന് എന്‍ഐഎക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഹാദിയയുടെ ആരോഗ്യനില പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന് അനുമതി നല്‍കണമെന്ന് സംസ്ഥാന വനിതാ കമീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പി വി ദിനേശ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News