കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ വീണ്ടും ബിജെപി ശ്രമം; ജനരക്ഷാ യാത്രയുടെ മറവില്‍ പയ്യന്നൂരില്‍ വ്യാപകആക്രമണം; സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ്

കണ്ണൂര്‍: കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയുടെ മറവില്‍ പയ്യന്നൂരില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണം. യാത്രയില്‍ പങ്കെടുത്ത് മംഗളൂരു ഭാഗത്തേക്ക് മടങ്ങിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരിവെള്ളൂര്‍, ചെറുവത്തൂര്‍ മേഖലയില്‍ പരക്കെ അക്രമം നടത്തി.

ചെറുവത്തൂരില്‍ സ്വകാര്യ ആശുപത്രിക്കും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി. കരിവെള്ളൂരില്‍ എവി കുഞ്ഞമ്പുവിന്റെ വീട് ആക്രമിക്കാനും ശ്രമിച്ചു.

ഓണക്കുന്നില്‍ ആര്‍എസ്എസുകാര്‍ സഞ്ചരിച്ച വാഹനം റോഡരികില്‍ നിര്‍ത്തി സ്വയം ചില്ലുകള്‍ തകര്‍ക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ടു പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവര്‍ അക്രമം തുടങ്ങിയത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

കരിവെള്ളൂര്‍ എവി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പാള്‍ സി രാമകൃഷ്ണന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. സ്‌കൂളിലെ റിട്ട. അധ്യാപകനും സിപിഐഎം മയില്‍ വളപ്പ് ബ്രാഞ്ച് അംഗവുമായ കെവി കുഞ്ഞിരാമന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകര്‍ത്തു.

പിന്നീട് കരിവെള്ളൂര്‍ സമര നായകന്‍ എവി കുഞ്ഞമ്പുവിന്റെ വീട്ടിലേക്ക് സംഘം ഇരച്ചു കയറിയെങ്കിലും പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ട് തടഞ്ഞു.

തുടര്‍ന്ന് സിന്‍ഡിക്കറ്റ് ബാങ്ക് എടിഎമ്മും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ഓഫീസ് ചില്ലുകളും എറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ കരിവെള്ളൂരില്‍ പ്രകടനം നടത്തി.

ചെറുവത്തൂരില്‍ വൈകിട്ട് ഏഴരയോടെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ദേശീയ പാതയില്‍ ബസ് റോഡിന് കുറുകെ നിര്‍ത്തിയായിരുന്നു ആര്‍എസ്എസുകാരുടെ അഴിഞ്ഞാട്ടം. കല്ലേറില്‍ ഒരു ബസും മൂന്ന് കടകളും തകര്‍ന്നു. കെഎച്ച് ആശുപത്രിക്ക് കല്ലെറിഞ്ഞു. പരിസരത്തെ സിഐടിയു കൊടിമരം തകര്‍ത്തു.

ആശുപത്രി പരിസരത്തെ ലാല്‍ നാരായണ സ്റ്റോറും കനറ ബാങ്കിന് പരിസരത്തെ ഫെമിന വസ്ത്രാലയത്തിനും കല്ലറിഞ്ഞു. ചീമേനി എന്‍ജിനിയറിങ് കോളേജ് ബസ് തകര്‍ത്തു. പിണറായിക്ക് അഭിവാദ്യം അര്‍പ്പിച്ച ബോര്‍ഡും കീറി നശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel