കേരളത്തെ കലാപഭൂമിയാക്കാന്‍ ബി ജെ പി പരിശ്രമിക്കുന്നു; പിണറായിയുടെ ശബ്ദത്തെ ബിജെപിക്ക് ഭയമെന്നും കോടിയേരി

മലപ്പുറം:  ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് പ്രതിക്ഷേധമാര്‍ച്ച് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെയും ആഹ്വാനം ജനാധിപത്യ ഇന്ത്യയുടെ കഴുത്ത് ഞെരിക്കുന്ന ഹീനനടപടിയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇത് രാജ്യത്ത് അക്രമവും, അരാജകത്വവും സൃഷ്ടിക്കാനുള്ള പരസ്യ ആഹ്വാനമാണ്. ഇങ്ങനെ കേന്ദ്രഭരണം നയിക്കുന്ന പ്രധാനമന്ത്രിയും, കേന്ദ്രഭരണകക്ഷിയുടെ അദ്ധ്യക്ഷനും പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത് അസാധാരണ നടപടിയാണ്.

ഭീഷണിപ്പെടുത്തിയും അക്രമം കെട്ടഴിച്ചുവിട്ടും ആര്‍.എസ്.എസിന്റെയും ഭരണത്തിന്റെയും നെറികേടുകള്‍ക്ക് എതിരെ പൊരുതുന്ന കമ്മ്യൂണിസ്റ്റുകാരെ നിശബ്ദരാക്കാമെന്ന് മോദി-അമിത്ഷാ സംഘംകരുതേണ്ട.

കേരളത്തില്‍ സിപിഐ എം അക്രമം നടത്തുകയും ബി.ജെ.പിക്കാരെ കൂട്ടത്തോടെ വകവരുത്തുകയും ചെയ്യുന്നുവെന്ന നുണപ്രചാരണം ആര്‍ എസ് എസിന്റെ കൊലയാളിമുഖത്തിന് മറയിടാനാണ്.

അക്രമ രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിയാണെന്ന അമിത്ഷായുടെ അഭിപ്രായം നിരുത്തരവാദപരമാണ്.

ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരണപ്പെട്ടതിന്റെ നാലിരട്ടി കമ്മ്യൂണിസ്റ്റുകാര്‍ സംഘപരിവാറിന്റെ തേര്‍വാഴ്ചയില്‍ ജീവന്‍വെടിഞ്ഞു.

ഈ യാഥാര്‍ത്ഥ്യം മൂടിവെച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് ആര്‍എസ്എസുകാരെന്ന് അവകാശപ്പെടുകയാണ് അമിത്ഷാ. സിപിഐ എം കേന്ദ്രകമ്മിറ്റി ആഫീസിന് മുന്നിലേക്ക് പ്രകടനം നടത്താനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി തന്നെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവിന് നല്‍കിയിരുന്നു.

അത് ഏറ്റെടുത്താണ്, സിപിഐ എം ആസ്ഥാനത്തേയ്ക്കും, ഇതര സംസ്ഥാനങ്ങളുടെ തലസ്ഥാനത്തേയ്ക്കും സിപിഐ എം വിരുദ്ധ പ്രകടനങ്ങള്‍ നടത്തുമെന്ന് അമിത്ഷാ പയ്യന്നൂരില്‍ വെളിപ്പെടുത്തിയത്. ഈ നടപടി ഭരണഘടന ഉറപ്പ് നല്‍കുന്ന ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കലാണ്.

ബിജെപി ജാഥയിലൂടെ കേരളത്തില്‍ അക്രമം കെട്ടഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനുള്ള ഗുഢപദ്ധതി നടപ്പാക്കുകയാണ് അമിത് ഷായും, കൂട്ടരും, അതിന് തെളിവാണ് ജാഥയുടെ ഉദ്ഘാടന ദിവസം തന്നെ കരിവെള്ളൂരിലും, ചെറുവത്തൂരിലുമെല്ലാം സംഘപരിവാര്‍ നടത്തിയ അക്രമപേകൂത്തുകള്‍.

സമ്മുന്നത കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ വി കുഞ്ഞമ്പുവിന്റെ വീട്ടില്‍ ഇരച്ചുകയറി അക്രമം കാട്ടി. സ്വകാര്യ ആശുപത്രിക്കും, കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. റിട്ട. അദ്ധ്യാപകനെയും അക്രമിച്ചു. സിപിഐ എംന്റെ ശക്തികേന്ദ്രങ്ങളില്‍ പുറത്തുനിന്നുളള അക്രമികളെ ഇറക്കി റൗഡിസം നടപ്പാക്കുകയായിരുന്നു.

ഇത്തരത്തില്‍ ബിജെപി ജാഥയുടെ മറവില്‍ കേരളത്തില്‍ അരാചകത്വം സൃഷ്ടിക്കാനുള്ള പരിശ്രമം ഹീനമാണ്. സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും പ്രകോപനങ്ങളില്‍ വീഴ്ത്തുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്.

യാതൊരു കാരണവശാലും സംഘപരിവാറിന്റെ പ്രകോപനങ്ങളില്‍ വീഴാതെ ആത്മനിയന്ത്രണത്തോടെ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മുന്നോട്ടുപോകണം. ബിജെപിയുടെ ജനാധിപത്യവിരുദ്ധവും അക്രമാസക്തവുമായ പ്രവര്‍ത്തികള്‍ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും കോടിയേരി പ്രസ്ഥാവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ 13ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താലിനെതിരെ ഉണ്ണാവൃതസമരം നടത്തിയ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. എന്നാല്‍ ഹസന്‍ പ്രസിഡന്റായ ശേഷം യുഡിഎഫ് നടത്തുന്ന മൂന്നാമത്തെ ഹര്‍ത്താലാണിത്.

അതിനാല്‍ എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴികയാവും നല്ലത്. ഹസനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പടപുറപ്പാടാണ് ഹര്‍ത്താല്‍. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കൊച്ചിയില്‍ ഫിഫ ലോകകപ്പ് മത്സരം നടക്കുന്നുണ്ട്. ആ ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് യുഡിഎഫ് എന്നൊരു സംഘടന രാജ്യന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടാനയിരിക്കുമെന്നും കോടിയേരി പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News