ബ്രാഹ്മണല്ലാത്ത പൂജാരിയെ ജാതിയുടെ പേരിൽ പീഡിപ്പിക്കുന്നതായി പരാതി. കടുത്തുരുത്തി മാന്നാർ എളമാക്കുടി ദേവസ്വം ബോർഡ് ക്ഷേത്രത്തിലാണ് സംഭവം.

പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഉപദേശക സമിതി സെക്രട്ടറിയാണ് ക്ഷേത്രം മേൽശാന്തിയെ ജാതിയുടെ പേരിൽ പീഡിപ്പിക്കുന്നത്.സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തു.

പോലിസ് കേസെടുത്തു

കൊടുങ്ങല്ലൂർ സ്വദേശിയായ ധീവര സമുദായത്തിൽ പെട്ട സനീഷ് ഗോപാലൻ ഒന്നര മാസം മുമ്പാണ് ക്ഷേത്രം മേൽശാന്തിയായി ചുമതലയേറ്റത്.

സനീഷിന്റെ ജാതി ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഉപദേശക സമിതി സെക്രട്ടറി പത്മകുമാർ, പൂജ കർമ്മങ്ങൾ നിരന്തരം തടസപ്പെടുത്തി മേൽശാന്തിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കിയതായും കടുത്തുരുത്തി പൊലിസിന് നൽകിയ പരാതിയിൽ സനീഷ് പറയുന്നു.

പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയായത് നിയമ വിരുദ്ധമാണ്.

പരാതി പറയുന്നവരെ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതും പതിവാണ്.

ഭീക്ഷണിയെ തുടർന്ന് ക്ഷേത്രം മേൽശാന്തി നൽകിയ പരാതിയിൽ കടുത്തുരുത്തി പോലിസ് കേസെടുത്തു.

ക്ഷേത്രോപദേശക സമിതി സെക്രട്ടറിക്കും ഒരു വിഭാഗം അംഗങ്ങൾക്കുമെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഭക്തജനങ്ങൾ.