ഷുക്കൂര്‍ വധം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന് സുപ്രിം കോടതി

ദില്ലി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ അബദ്ധവും അനുചിതവും അസ്ഥാനത്തുള്ളതുമെന്ന് സുപ്രീംകോടതി.

ഹൈക്കോടതി നിരീക്ഷണങ്ങള്‍ തെറ്റാണെന്നും വിചാരണയെ തന്നെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ജസ്റ്റിസുമാരായ കുര്യന്‍ജോസഫ്, ആര്‍ ഭാനുമതി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

കേസിന്റെ തുടരന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി ശരിയാണോ എന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വിശദമായി പരിശോധിക്കാമെന്ന് അറിയിച്ച സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയച്ചു.

കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ചും ശരിവെച്ചതിനെ തുടര്‍ന്നാണ് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സെന്‍കുമാറിന്റെ നടപടി

കേസില്‍ സംസ്ഥാന പൊലീസിന് ശരിയായ അന്വേഷണം നടത്താനായില്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയായിരുന്ന ടി പി സെന്‍കുമാറിന്റെ നടപടി ഒരുരീതിയിലും ന്യായീകരിക്കാനാകില്ലെന്ന് പി ജയരാജനും മറ്റുള്ളവര്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് വാദിച്ചു.

അന്വേഷണം പൂര്‍ത്തിയായി ഒരുവര്‍ഷത്തിന് ശേഷം പൊലീസ് മേധാവിയായിരുന്ന ഒരാള്‍ അന്വേഷണം നടന്നത് ശരിയായ രീതിയില്‍ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ദൂരുഹമാണ്.

സര്‍വ്വീസില്‍ നിന്നുള്ള വിരമിക്കല്‍ മുന്നില്‍ക്കണ്ട് രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെ പുറത്താണ് സെന്‍കുമാര്‍ ഈരീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പൊലീസ് സേനയെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കേസില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടതെന്ന് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ചൂണ്ടിക്കാണിച്ചു.

ഭരണസ്വാധീനം

അന്നത്തെ സര്‍ക്കാരിന്റെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ച് പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെ കേസില്‍ അകപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ല.

ഡിജിപിയായിരുന്ന വ്യക്തി അന്വേഷണം ശരിയായ രീതിയില്‍ അല്ല നടന്നതെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനിടയായ സാഹചര്യം ഇതാണ്.

അന്വേഷണം സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് താന്‍ ഉള്‍പ്പടെയുള്ളവരുടെ ഭാഗം കേള്‍ക്കാത്തത് സ്വാഭാവികനീതിയുടെ നിഷേധമാണ്. ഷുക്കൂറിന്റെ അമ്മയുടെ വികാരം കണക്കിലെടുത്ത കോടതി കേസില്‍ സംസ്ഥാനപൊലീസ് നടത്തിയ വിശദമായ അന്വേഷണം പരിഗണിച്ചില്ല.

ഹൈക്കോടതി വിധിയിലെ ചില അനാവശ്യ പരാമര്‍ശങ്ങള്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണമെന്ന തങ്ങളുടെ സ്വാഭാവികമായ അവകാശത്തെ പ്രതികൂലമായി ബാധിച്ചു.

നിക്ഷിപ്തതാല്‍പ്പര്യക്കാരായ ചില മാധ്യമങ്ങളുടെ നിറം പിടിപ്പിച്ച കഥകളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തിലുള്ളതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന കാര്യം വ്യക്തമാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഹര്‍ജിക്കാരുടെ ആശങ്കകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഹൈക്കോടതി പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്.
‘സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ അപ്രമാദിത്തതോടെ ഭരിക്കുന്ന സാഹചര്യത്തില്‍ നിയമപരിപാലനം തന്നെ ദുരന്തമായി തീരും.

ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ഭീഷണിതന്ത്രങ്ങള്‍ക്ക് മുന്നില്‍ കോടതിക്ക് മൂകസാക്ഷിയാകാന്‍ സാധിക്കില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് 2016 ഫെബ്രുവരിയില്‍ കേസ് സിബിഐക്ക് വിട്ട് ജസ്റ്റിസ് കമാല്‍പാഷയുടെ സിംഗിള്‍ ബെഞ്ച് നടത്തിയിരുന്നത്.

കേസ് സിബിഐയ്ക്ക് വിട്ട നടപടി ശരിവെച്ച ഡിവിഷന്‍ബെഞ്ചും സിംഗിള്‍ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് നിരീക്ഷിച്ചിരുന്നു.

സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ഒരുരീതിയിലും തുടരന്വേഷണത്തെ ബാധിക്കരുതെന്നായിരുന്നു ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News