പര്‍ദ ഉപയോഗിച്ച് ഇന്ത്യന്‍ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച ജവാഹർ സെയ്‌ഫ് അൽ കുമൈതിയാണ് സോഷ്യല്‍മീഡിയയിലെ പുതിയതാരം

ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിച്ച സ്വദേശി യുവതി ജവാഹർ സെയ്‌ഫ് അൽ കുമൈതിയാണു ഇപ്പോള്‍ യു എ ഇ യില്‍ സോഷ്യല്‍ മീഡിയയിലും പത്ര മാധ്യമങ്ങളിലും താരം.

ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കണ്ട് മറ്റൊരു സുഹൃത്തിനൊപ്പം ജവാഹർ കാറിൽ മടങ്ങുമ്പോഴാണ് റാസല്‍ഖൈമ രക്തസാക്ഷി റോഡിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചു തീ പിടിക്കുന്നത് കണ്ടത്.

പര്‍ദ ഉപയോഗിച്ച് രക്ഷിച്ചു

വാഹനാപകടത്തെ തുടർന്നു വസ്‌ത്രത്തിനു തീപിടിച്ചു പ്രാണരക്ഷാർഥം ഓടുകയായിരുന്ന ട്രക്ക് ഡ്രൈവർ ഹർക്രീത് സിങ്ങിനെ കൂട്ടുകാരിയുടെ പർദ ഉപയോഗിച്ചാണ് സ്വദേശി യുവതി ജവാഹർ സെയ്‌ഫ് അൽ കുമൈതി രക്ഷപ്പെടുത്തിയത്.

ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡ്രൈവർ ഹർക്രീതിന്റെ ദേഹത്തു തീ പടർന്നത്.
ജവാഹർ സെയ്‌ഫ് അൽ കുമൈതിയെ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. യുവതിയുടെ ധൈര്യവും മനുഷ്യത്വവും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
നന്മ ചെയ്യുകയും കാരുണ്യത്തോടെ പെരുമാറുകയും ചെയ്യുകയെന്ന പാഠമാണ് രാജ്യം പഠിപ്പിക്കുന്നതെന്നും മഹത്തായ ഈ സംസ്‌കാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജവാഹർ പറഞ്ഞു.
യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി, അജ്മാൻ സ്വദേശിനി ജവാഹർ സെയ്ഫ് അൽ കുമൈത്തിയെ ആദരിച്ചു.
യുവതിയുടെ നടപടിയെ ‘ദൈവത്തിന്റെ കൈ’ എന്നായിരുന്നു റാസൽഖൈമ പൊലീസ് വിശേഷിപ്പിച്ചത്. ജവഹർ സെയ്ഫ് അൽ കുമൈത്തിയെയും അവരുടെ പിതാവിനെയും റാസൽഖൈമ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തേക്ക് ക്ഷണിച്ചു അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസിയും ഗാന്ധിസാഹിത്യവേദിയും സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷപരിപാടിയിൽ ജവാഹറിനെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരിയും ആദരിച്ചു.
സംഭവത്തെക്കുറിച്ച് ജവാഹർ സെയ്‌ഫ് അൽ കുമൈതി ഇങ്ങനെ പറയുന്നു .

‘രണ്ടു ട്രക്കുകൾ റോഡിൽ നിന്ന് കത്തുന്നു. ഇതിലൊന്നിൽ നിന്ന് ഇറങ്ങിയ ഒരാൾ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാർഥം നിലവിളിച്ചുകൊണ്ട് ഒാടുന്നു. ഞാൻ മറ്റൊന്നുമാലോചിച്ചില്ല, കാർ റോഡരികിൽ നിർത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാൻ ആവശ്യപ്പെട്ടു.

അവർ യാതൊരു മടിയും കൂടാതെ തന്നു. ഉടൻ തന്നെ ഞാൻ കാറിൽ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഞാനയാളെ ആശ്വസിപ്പിക്കുകയും, സുരക്ഷാ വിഭാഗം ഉടൻ എത്തുമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസ്, ആംബുലൻസ്, പാരാ മെഡ‍ിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി, യുവാവിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി’‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here