ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ ഒന്നു മുതൽ 11 വരെ അൽ താവൂനിലെ എക്സ്പോ സെന്ററിൽ നടക്കും. 48 രാജ്യങ്ങളിൽ നിന്ന് പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെടെ 393 അതിഥികൾ എത്തിച്ചേരുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രദർശനക്കാർ

എന്റെ പുസ്തകത്തിലെ ലോകം എന്ന പ്രമേയത്തിൽ ആണ് മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകമേള
സംഘടിപ്പിക്കുന്നത്. 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രദർശനക്കാർ പങ്കെടുക്കും.
യുകെ ആണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ ആണ് മേളയിലുണ്ടാവുക.
2,600 കലാ, സാംസ്കാരിക, ശാസ്ത്ര, വിനോദ പരിപാടികളാണ് മറ്റൊരു ആകർഷണം. ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഡെന്മാർക്ക് എന്നിവ ആദ്യമായി ഇപ്രാവശ്യം സാന്നിധ്യമറിയിക്കുമെന്നു ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി അറിയിച്ചു. മേളയോടനുബന്ധിച്ചുള്ള പ്രഫഷനൽ പരിപാടി ഒക്ട്ബോർ 30, 31 തിയതികളിൽ നടക്കും. ആഗോളതലത്തിലുള്ള 250 പ്രസാധകരും ഇൗ രംഗത്തെ വിദഗ്ധരും പങ്കെടുക്കും. കൂടാതെ, നാലാമത് അലാ ലൈബ്രറി സമ്മേളനം നവംബർ ഏഴ് മുതൽ ഒൻപതുവരെ എക്സ്പോ സെന്ററിൽ അരങ്ങേറും.
ഇന്ത്യയില്‍ നിന്ന് എം.ടി.വാസുദേവൻ നായർ, ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ അരുന്ധതിറോയ്, ഹിന്ദി കവിയും ഗാനരചയിതാവുമായ ഗുല്‍സാർ, നടനും എംപിയുമായ ഇന്നസെന്റ്, രാജ് ദീപ് സർദേശായ്, ഡെറക് ഒ. ബ്രെയൻ എംപി, സി.രാധാകൃഷ്ണൻ, സി.വി.ബാലകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം,വി.ജെ.ജെയിംസ്, അനിൽ പനച്ചൂരാൻ, മാന്ത്രികൻ ഗോപിനാഥ് മുതുകാട്, സംഗീതസംവിധായകൻ എം.ജയചന്ദ്രൻ, തമിഴ്–ഹിന്ദി നടൻ ആര്‍.മാധവൻ, തുടങ്ങിയവര്‍ പുസ്തക മേളയില്‍ അതിഥികളായി എത്തും.
പുസ്തകപ്രദർശനവും വിൽപനയും കൂടാതെ, ചർച്ചകൾ, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരനുമായി മുഖാമുഖം, കലാപരിപാടികൾ, പാചകവേദി, പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. ബ്രിട്ടീഷ് കലാ സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം ഇപ്രാവശ്യത്തെ ആകർഷണമായിരിക്കും. ഷാർജ ബുക്ക് അതോറിറ്റിയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നര ദശാബ്ദം കൊണ്ട് പുസ്തകമേള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും ഗൾഫിലെ ഏറ്റവും വലുതുമായ രാജ്യാന്തര പുസ്തകമേളയായി മാറിക്കഴിഞ്ഞതായും ശാസ്ത്രം, സാഹിത്യം, സംസ്കാരം എന്നീ വിഭാഗങ്ങൾക്ക് വലിയൊരു വേദിയാണ് ഇപ്രാവശ്യം ഒരുക്കിക്കൊടുക്കുന്നതെന്നും ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here