‘ജനരക്ഷ’ ക്കായി കേരളത്തിലെത്തുന്ന ബിജെപി നേതാക്കള്‍ ഇതുകൂടി കാണണം; മധ്യപ്രദേശില്‍ കര്‍ഷകരുടെ തുണിയുരിഞ്ഞു; രാജസ്ഥാനില്‍ ശവസംസ്‌കാര സത്യാഗ്രഹം

ബുന്ദേല്‍ഖണ്ഡ: മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വസ്ത്രമുരിഞ്ഞ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു. നിരവധി കര്‍ഷകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

വരള്‍ച്ചയെ തുടര്‍ന്നുണ്ടായ കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്പതോളം കര്‍ഷകര്‍ക്കാണ് അടിവസ്ത്രം ധരിപ്പിച്ച് സ്റ്റേഷനില്‍ നില്‍ക്കേണ്ടിവന്നത്.

ആവശ്യമുന്നയിച്ച് കലക്ടറേറ്റിലേക്ക് കര്‍ഷകര്‍ നടത്തിയ സമരത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇവിടെനിന്ന് പൊലീസ് പിടികൂടിയ കര്‍ഷകരെയാണ് നഗ്‌നരാക്കി പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത്.

മുപ്പത്തഞ്ചോളം കര്‍ഷകര്‍ക്ക് ഗുരുതര പരിക്കേറ്റു. ദേഹ്ത്താ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
അമ്പതോളം കര്‍ഷകര്‍ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ അടിവസ്ത്രമിട്ട് ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. പൊലീസ് നടപടി മനൃഷ്യാവകാശലംഘനമാണെന്നും മനുഷ്യാവകാശ കമീഷന് പരാതി നല്‍കുമെന്നും പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു.

എന്നാല്‍ കര്‍ഷക സമരം സര്‍ക്കാരിനെ ഇല്ലാതാക്കാനും സാമൂഹികാന്തരീക്ഷം തകര്‍ക്കാനുമുള്ള ഗൂഢശ്രമമാണെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൌഹാന്‍ ആരോപിച്ചു.

വരള്‍ച്ചാബാധിത പ്രദേശമായ ബുന്ദേല്‍ഖണ്ഡില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ശക്തമായ കര്‍ഷകപ്രക്ഷോഭം നടന്ന ജൂണിലാണ് അഞ്ചു കര്‍ഷകരെ പൊലീസ് വെടിവച്ചുകൊന്നത്.

വരള്‍ച്ചയെ തുടര്‍ന്ന് വ്യാപക കൃഷിനാശമാണ് ബുന്ദേല്‍ഖണ്ഡിലുണ്ടായത്. ഇതേതുടര്‍ന്നാണ് പ്രദേശത്ത് കര്‍ഷക പ്രക്ഷോഭം അണപൊട്ടിയത്.

2016 മുതല്‍ 2017 ഫെബ്രുവരി വരെ മധ്യപ്രദേശില്‍ മാത്രം കടക്കെണിയും കൃഷിനാശവുംമൂലം 1982 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

കൌമാരക്കാരായ സഹോദരിമാരെ കൂട്ടബലാത്സംഗംചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൌമാരക്കാരായ രണ്ടുസഹോദരിമാരെ മൂന്നംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി.

പലാമുവാ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

പലാമുവായിലെ ഛത്തര്‍പുര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂളിനു സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. സമീപവാസികളാണ് പ്രതികള്‍.
ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലെത്തിയ സംഘം വീടിന് സമീപം വഴിയില്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ക്രൂരപീഡനത്തിനിരയായി ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടികളിലൊരാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വിവരം വെളിപ്പെടുത്തിയെങ്കിലും പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടിയില്ല.

‘ശവസംസ്‌കാര സത്യഗ്രഹം’

ജയ്പുര്‍: ബലം പ്രയോഗിച്ച് ഭൂമി തട്ടിയെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ കര്‍ഷകസമരം ശക്തമായി. സര്‍ക്കാര്‍ തട്ടിയെടുത്ത കൃഷിഭൂമിയില്‍ കുഴികുത്തി ഇറങ്ങിനിന്ന് കഴുത്തറ്റം മണ്ണിട്ട് മൂടിയുള്ള ‘ശവസംസ്‌കാര സത്യഗ്രഹം’ മൂന്ന് ദിവസം പിന്നിട്ടു.

ജയ്പൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ നിന്ദാര്‍ ഗ്രാമത്തിലാണ് കര്‍ഷകസമരംശക്തിപ്രാപിച്ചത്.രണ്ടാഴ്ചയിലധികമായി തുടരുന്ന കര്‍ഷകപ്രക്ഷോഭം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചതോടെയാണ് കര്‍ഷകര്‍ കുഴിയിലിറങ്ങിനിന്ന് പ്രതിഷേധം തുടരുന്നത്.

ഗാന്ധിയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് ‘ശവസംസ്‌കാര സത്യഗ്രഹ’ സമരം ആരംഭിച്ചത്.
ഭവനനിര്‍മാണപദ്ധതിക്കുവേണ്ടിയാണ് കൃഷി ഭൂമി ഏറ്റെടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

തുച്ഛമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കിയത്. പുതിയ നിയമമനുസരിച്ച് ഉയര്‍ന്ന നഷ്ടപരിഹാരത്തുക നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പദ്ധതിക്കായി 1,300 ബിഗാസ് ഭൂമിയാണ് വേണ്ടത്. ഇതുവരെ 600 ബിഗാസ് ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News