ചാലക്കുടി കൊലപാതകം; ഉദയഭാനു കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ എത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഭിഭാഷകന്‍ സി.പി അഭിഭാഷകന്‍ ഉദയഭാനു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്.

ഉദയഭാനു രാജീവിന്റെ വീട്ടിലെത്തുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടിനപ്പുറം ബിസിനസ് ബന്ധങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പൊലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു.

ദൃശ്യങ്ങളിലെ തീയതി പ്രകാരം ഈ വര്‍ഷം ഫെബ്രുവരി 26നും, ഏപ്രില്‍ 16നും ഉദയഭാനു കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിലെത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഉദയഭാനുവും രാജീവും തമ്മില്‍ കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധത്തിനപ്പുറം അടുത്ത് ഇടപഴകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാജീവിന്റെ വീടിനുള്ളിലും പുറത്തുമുള്ള സിസി ടിവി ക്യാമറകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് ഈ മാസം പതിനാറ് വരെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അഭിഭാഷകനെതിരെ തെളിവുകളുണ്ടെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മുദ്രവച്ച കവറില്‍ കോടിതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.

ഇതോടെ വ്യക്തിപരമായ സൗഹൃദം ഇവര്‍ക്കിടയിലുണ്ടായിരുന്നു എന്ന് കോടതിയില്‍ തെളിയിക്കാനാവശ്യമായ രേഖകളാണ് പൊലീസ് തേടുന്നത്. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും അറസ്റ്റിലായ ചക്കര ജോണിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി പരാമര്‍ശം ഉണ്ടായിരുന്നു.

അഭിഭാകന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടു പോയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയതായും പോലീസ് കോടതിയെ അറിയിച്ചു. കൊലപാതക വിവരം പുറത്തറിയും മുമ്പ് ഉദയഭാനു ചാലക്കുടി ഡിവൈഎസ്പി ഷാഹുല്‍ ഹമീദിനെ വിളിച്ച് വിവരം നല്‍കിയതും പ്രധാന തെളിവാണ്.

കൊല്ലപ്പെടുന്നതിന് മുമ്പ് ഭീഷണിയുണ്ടെന്ന് കാട്ടി രാജീവ് അഭിഭാഷകന്‍ സി.പി ഉദയഭാനുവിനും ചക്കര ജോണിക്കും എതിരെ നല്‍കിയ പരാതിയും തെളിവാകും. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പതിനാറിന് ഗൂഢാലോചനയിലെ പങ്കാളിത്തം തെളിയിക്കാനാകുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News