ഒടുവില്‍ കേന്ദ്രവും സമ്മതിച്ചു; കേരളം ഒന്നാമത് തന്നെ

തിരുവനന്തപുരം: വയോജന സംരക്ഷണ മേഖലയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ മികച്ച സംസ്ഥാനത്തിനുള്ള അംഗീകാരം. മന്ത്രി കെ.കെ.ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.

വയോജന സംരക്ഷണ നിയമം സുതാര്യമായി നടപ്പിലാക്കുന്നതിനും വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ എത്തിക്കുന്നതിലും സാമൂഹ്യനീതി വകുപ്പിന് കഴിഞ്ഞതിലുള്ള നേട്ടമാണ് ഈ അംഗീകാരമെന്നും മന്ത്രി പറഞ്ഞു.

കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണെന്നും മന്ത്രി

മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി 2007ല്‍ നിലവില്‍ വന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്ട് 2007 ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് ഈ അവാര്‍ഡ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സേവനങ്ങളും സൗകര്യങ്ങളും ആദരവും നല്‍കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണെന്നും മന്ത്രി പറഞ്ഞു.

വയോജന സംരക്ഷണ നിയമം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിക്കപ്പെടുകയും ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന് ലഭ്യമായത്.

ഒക്ടോബര്‍ 9ന് ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി കേരളത്തിനുള്ള അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യവകുപ്പ് മന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങും.

വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി വകുപ്പു വഴിയും സാമൂഹ്യസുരക്ഷാ മിഷന്‍ വഴിയുമാണ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നത്.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 40 നഗരസഭകളില്‍ പുതുതായി ആരംഭിച്ച് പദ്ധതിയുടെ സേവനം വയോജനങ്ങള്‍ക്ക് നല്‍കിവരികയുമാണ്.

‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം ‘ എന്ന പേരില്‍ 14 ജില്ലകളില്‍ വയോജനങ്ങളെ ആദരിക്കുകയും അവര്‍ക്ക് മാനസികോല്ലാസം പകരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.

കൂടാതെ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് ആശ്വാസം പകരുവാനായി പകല്‍വീട് എന്ന പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News