കാരശ്ശേരിയിലും ചാലിയത്തും കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ഒരാളുടേത് തന്നെ

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിലും ചാലിയത്തും കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ഒരാളുടേതെന്ന് തെളിഞ്ഞു. തിരുവനനന്തപുരത്തെ പോലീസ് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇത് വ്യക്തമായത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവ്.

വെട്ടിമാറ്റിയ കൈകള്‍ ചാലിയം കടപ്പുറത്ത് 

കൈകാലുകളും തലയും വെട്ടിമാറ്റിയ പുരുഷശരീരം, ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ ജൂണ്‍ 28നാണ് കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മല്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 28നും ജൂലായ് മാസം 1നുമായി വെട്ടിമാറ്റിയ കൈകള്‍ ചാലിയം കടപ്പുറത്ത് നിന്നും കണ്ടെത്തി.

ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാകാമെന്ന് മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കൈകളിലേയും ശരീരത്തിലെയും വെട്ടേറ്റ പാടുകളും സമാനമായിരുന്നു.

ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് പോലീസ് മൃതദേഹഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയച്ചത്. തിരുവനന്തപുരം പോലീസ് ലാബിലെ ഫലം വന്നതോടെ ഇവ ഒരാളുടേതെന്ന് തെളിഞ്ഞു. കൊടുവളളി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നിലവില്‍ ലഭിച്ച ശാസ്ത്രീയ തെളിവുകള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. ചാലിയം ഭാഗത്ത് നിന്ന് തന്നെ പിന്നീട് ഒരു തലയോട്ടിയും പോലീസിന് ലഭിച്ചിരുന്നു.

ഇതിന്റെ ഭാഗവും ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലം കൂടി അനുകൂലമായാല്‍ അന്വേഷണത്തില്‍ കൂടുതല്‍ സഹായമാകും. മൃതദേഹത്തിന്റെ കാലുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here