കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയില്‍ അമ്പലത്തിന്റെ മേല്‍ക്കൂര പൊതിയാന്‍ വാങ്ങിയ ചെമ്പുപാളികള്‍ മറിച്ചുവിറ്റ നേതാവും.

ബിജെപി മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ ടി ആര്‍ അജിത് കുമാറാണ് ജാഥയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും നിര്‍മാണത്തിന് വാങ്ങിയ ചെമ്പ് പാളികള്‍ മറിച്ചുവിറ്റ കേസിലെ ഒന്നാംപ്രതിയാണ് ഇയാള്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് അജിത്കുമാര്‍

ഇയാളെ കേസില്‍ ഒന്നാം പ്രതിയാക്കിയാണ് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വെട്ടിപ്പ് നടന്ന കാലയളവില്‍ അമ്പലം ഭരണസമിതി പ്രസിഡന്റ് അജിത്കുമാറായിരുന്നു.

നാലമ്പലം ചെമ്പ് പൊതിയാന്‍ വാങ്ങിയ ഒമ്പത് ലക്ഷം രൂപ മതിപ്പുവിലയുള്ള ചെമ്പ് പാളികള്‍ മറിച്ചുവിറ്റു എന്നാണ് കുറ്റപത്രത്തില്‍. അടൂര്‍ ഡിവൈഎസ്പിയായിരുന്ന എസ് റഫീക്ക് അടൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സിസി 458/17 നമ്പരായി സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് അജിത്കുമാര്‍.

ക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപ നിര്‍മാണത്തിന് വാങ്ങിയ 9,626 കിലോ ചെമ്പില്‍ 6,500 കിലോ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. ബാക്കിവന്ന 3,126 കിലോയില്‍ 1329 കിലോ ക്ഷേത്ര നിയമാവലിക്ക് വിരുദ്ധമായി നിര്‍മാണം നടത്തിയ മേസ്തിരിക്ക് നല്‍കിയെന്നും 1,797 കിലോ അജിത്കുമാറും സംഘവും ചേര്‍ന്ന് ക്ഷേത്രത്തില്‍നിന്ന് കടത്തിക്കൊണ്ടുപോയി മറിച്ചുവിറ്റ് ക്ഷേത്രത്തിന് 8,98,800 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 420, 403, 466, 201, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

ടി ആര്‍ അജിത്കുമാര്‍ ക്ഷേത്രം പ്രസിഡന്റായിരിക്കെയാണ് ചെമ്പ് കടത്തിയത്. ഈ സമയം ഇയാള്‍ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു. പ്രതികള്‍ ഗൂഢാലോചന നടത്തി 8,98,500 രൂപയുടെ വെട്ടിപ്പ് നടത്തി ക്ഷേത്രത്തിന് നഷ്ടം വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അജിത്കുമാറിന്റെ കൂട്ടുപ്രതികളും ബിജെപി നേതാക്കള്‍ തന്നെ. അജിത് കുമാര്‍ പ്രസിഡന്റായിരിക്കെ അനവധി സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായാണ് നിലവിലെ ഭരണസമിതി അംഗങ്ങളുടെ പരാതി. ക്ഷേത്ര പുനരുദ്ധാരണത്തിനായി വാങ്ങിയ തേക്ക് തടിയുടെ പേരില്‍ കൃത്രിമ ബില്ലുണ്ടാക്കി ലക്ഷങ്ങള്‍ വെട്ടിച്ചതായും പരാതിയുണ്ട്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടും അജിത് സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ട്.

ഇതിനിടെയാണ് ബിജെപി യാത്രയുടെ മുഖ്യസംഘാടകനായി ഇയാള്‍ രംഗത്തെത്തിയത്. ജാഥയുടെ മുന്‍നിരയില്‍ കുമ്മനത്തിനും ദേശീയനേതാക്കള്‍ക്കുമൊപ്പമാണ് അജിത് കുമാര്‍ സദാസമയവും സഞ്ചരിക്കുന്നത്.