യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിയത് ബിജെപിക്ക് ഒത്താശ ചെയ്യാനാണെന്ന് കോടിയേരി

മലപ്പുറം ; ബിജെപിക്കുവേണ്ടിയാണ് യുഡിഎഫ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബിജെപിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ത്താല്‍ മാറ്റിയത്. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര 16ന് ഒഴിവാണ്. അതിനാലാണ് 13നും 12നുമെല്ലാമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പതിനാറിനാക്കിയത്.

ബിജെപിയുടെ സൌകര്യാര്‍ഥം ഹര്‍ത്താല്‍ മാറ്റിവച്ചതിന് മുസ്‌ളിംലീഗ് മറുപടി പറയണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപിയും ആര്‍എസ്എസുമായി എല്‍ഡിഎഫിന് രഹസ്യബന്ധമെന്നാണ് വേങ്ങരയില്‍ യുഡിഎഫ് നടത്തുന്ന കള്ളപ്രചാരവേല. രഹസ്യമായല്ല, പരസ്യമായിത്തന്നെ അവരുമായി ആര്‍ക്കാണ് ബന്ധമുള്ളതെന്ന് ഹര്‍ത്താല്‍ മാറ്റിയതിലൂടെ മനസ്സിലായി.

വേങ്ങരയിലെ ഫലത്തെക്കുറിച്ച് യുഡിഎഫിന് തിരിച്ചറിവുണ്ടായതിന്റെ സൂചനകൂടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. 15ന് ഫലംവരും. വിജയിക്കുമെങ്കില്‍ 16ന് ആഹ്‌ളാദപ്രകടനം നടത്തേണ്ടതല്ലേ.

16ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് പരാജയം യുഡിഎഫ് സമ്മതിച്ചിരിക്കയാണ്.

യാത്രയ്‌ക്കെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് കേരളത്തില്‍ ലൌ ജിഹാദുണ്ടെന്നാണ്. ചില ബിജെപി ദേശീയ നേതാക്കള്‍ സ്വന്തം മതത്തില്‍പ്പെട്ടവരെയല്ല വിവാഹം ചെയ്തത്.

കേരളത്തിലും ചില ബിജെപി നേതാക്കളുടെ ജീവിതപങ്കാളി അന്യമതക്കാരാണ്. ഇതും ലൌ ജിഹാദിന്റെ ഭാഗമാണോ എന്ന് ആദിത്യനാഥും ബിജെപിയും വ്യക്തമാക്കണം-കോടിയേരി ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥ് സ്വപ്നലോകത്താണ് ജീവിക്കുന്നതെന്ന് കോടിയേരി

യുപിയുടെ പേരില്‍ കേമത്തം നടിക്കുന്ന യോഗി ആദിത്യനാഥ് സ്വപ്നലോകത്താണ് ജീവിക്കുന്നതെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

അതുകൊണ്ടാണ് ആരോഗ്യരംഗത്ത് കേരളം പിന്നിലാണെന്ന വിവരക്കേട് യോഗി വിളമ്പിയത്. പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കുന്നത് കേരളവുമായി താരതമ്യപ്പെടുത്തിയാല്‍ യുപിയില്‍ അഞ്ചു മടങ്ങ് കൂടുതലാണ.

ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ കേരളത്തില്‍ 61 പേരാണ് മരിക്കുന്നതെങ്കില്‍ യുപിയില്‍ 282 പേരാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളീയര്‍ യുപിക്കാരേക്കാള്‍ ശരാശരി പത്തുവര്‍ഷം അധികം ജീവിക്കുന്നു.

യുപിയില്‍ ശിശുമരണനിരക്കും വളരെ ഉയര്‍ന്ന നിലയിലാണ്. സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറിലേറെ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ച ദാരുണസംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയായ കേരളത്തെ യോഗി ആദിത്യനാഥ് പരിഹസിച്ചത്.

ഇത് മാപ്പ് അര്‍ഹിക്കാത്ത വിവരക്കേടാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News