രോഗശയ്യയിലും അഭിനയരംഗത്തേക്ക് തിരിച്ചുവരാന്‍ കൊതിച്ച് തൊടുപുഴ വാസന്തി

രോഗശയ്യയിലും അഭിനയ രംഗത്തേക്ക് തിരിച്ചുവരാന്‍ കൊതിച്ച് നടി തൊടുപുഴ വാസന്തി. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല്‍ നഷ്ടമായതിന് പിറകെ അര്‍ബുദം പിടിപെട്ടതോടെയാണ്, 450 ഓളം സിനിമകളില്‍ വേഷമിട്ട ഈ താരത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമായത്.

പഴുപ്പ് കയറിയതോടെ മുട്ടിന് മുകളില്‍ മുറിച്ച് മാറ്റി

ഒരുകാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം നൃത്തവും നാടകവും സിനിമയുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിച്ചിരുന്ന തൊടുപുഴ വാസന്തി ഇപ്പോള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. പ്രമേഹം മൂര്‍ച്ഛിച്ച് വലതു കാല്‍ ആദ്യം മുട്ടിന് താഴെ മുറിച്ചു.

പഴുപ്പ് കയറിയതോടെ പിന്നീട് മുട്ടിന് മുകളില്‍ മുറിച്ച് മാറ്റേണ്ടിവന്നു. ഇതോടെയാണ് വെള്ളം നിറച്ച കിടക്കയ്ക്ക് ഈ കലാകാരി കൂട്ടാകേണ്ടിവന്നത്. കാലിന്റെ വേദന അകലും മുമ്പേ അര്‍ബുദം പിടിമുറുക്കിയതോടെ വെള്ളിത്തിരയില്‍ തിളങ്ങിയ വാസന്തിയ്ക്ക് ഇരുണ്ട നാളുകളുടേതായി മുന്നോട്ടുള്ള ജീവിതം.

തൊണ്ടയിലെ അര്‍ബുദം ഗുരുതരമായതിനാല്‍ 33 തവണ റേഡിയേഷന്‍ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതില്‍ 20 എണ്ണം പൂര്‍ത്തിയായി. ഇനി ചികില്‍സ തുടരാന്‍ പക്ഷെ പണം വിലങ്ങുതടിയായി നില്‍ക്കുകയാണ്. അച്ഛനും അമ്മയ്ക്കും പിറകെ ഭര്‍ത്താവും എന്നെന്നേക്കുമായി പിരഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു.

ഇപ്പോള്‍ സഹോദരന്‍ സുരേഷ്‌കുമാറിനൊപ്പമാണ് താമസം. ദ്രാവക രൂപത്തില്‍ ആക്കി മൂക്കിലൂടെയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. എന്റെ നീലാകാശം, കണ്ണപ്പനുണ്ണി, അമ്മത്തൊട്ടില്‍, ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍ തുടങ്ങി 450 ഓളം ചിത്രങ്ങളില്‍ വാസന്തി വേഷമിട്ടു. 2016ല്‍ പുറത്തിറങ്ങിയ ഇത് താന്‍ടാ പൊലീസാണ് ഒടുവില്‍ അഭിനയിച്ച സിനിമ.

വേദന കാര്‍ന്ന് തിന്നുമ്പോഴും ഇനിയും സിനിമയില്‍ അഭിനയിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. താരസംഘടനയായ അമ്മ മാസം തോറും നല്‍കുന്ന 5000 രൂപ മാത്രമാണ് ഇപ്പോഴുള്ള സഹായം. ഈ കലാകാരിയെ സഹായിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറോ, അക്കൗണ്ട് നമ്പറോ ഉപയോഗിക്കാം.
SURESHKUMAR-94470-67793

A/C NO:-11210100032566
IFSC CODE:-FDRL0001121
(FEDERAL BANK-THODUPUZHA BRANCH)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News