തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഇടപെടല്‍ ഫലം കണ്ടതോടെ കഴക്കൂട്ടം മംഗലപുരം പാതയുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു.
കരാറുകാരനെതിരെ മന്ത്രി പൊലീസില്‍ പരാതി നല്‍കിയതോടെ ഒറ്റരാത്രി കൊണ്ട് റോഡ് ഗതാഗത യോഗ്യമായി. മന്ത്രിയുടെ പരാതിയില്‍ കരാറുകാരനെതിരായ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ദുരിത യാത്രക്ക് അന്ത്യം കുറിച്ചത് ഒരൊറ്റ ദിവസം കൊണ്ടാണ്
കഴക്കൂട്ടത്തെ ജനത്തെ ഇപ്പോള്‍ സര്‍ക്കാരിന്റെ ഇശ്ചാശക്തിയെ പറ്റി ആരു പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യം ഇല്ല. സ്വന്തം അനുഭവം കൊണ്ടവര്‍ അത് പഠിച്ച് കഴിഞ്ഞു. റോഡിലൂടെയുളള ദുരിത യാത്രക്ക് അന്ത്യം കുറിച്ചത് ഒരൊറ്റ ദിവസം കൊണ്ടാണ്.
റോഡിന്റെ പണിയെറ്റെടുത്തിട്ടും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരെ മന്ത്രി നേരിട്ട് പൊലീസില്‍ പരാതി കൊടുത്തതോടെ റോഡ് പണി ശരവേഗത്തില്‍ പുരോഗമിക്കുകയാണ്.
നിരവധി തവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാലാണ് കഴിഞ്ഞ ദിവസം മന്ത്രി നേരിട്ട് എത്തി പരിശോധിച്ച് കരാറുകാരനെതിരെ സിവിലായും ക്രിമിനലായും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് കരാറുകാരായ റിവൈവ് കമ്പനിയുടമയായ നാസറുദ്ദീനെതിരെ കേസെടുക്കുകയും ചെയ്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക റോഡില്‍ അപകടകരമായ സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ കരാറുകാരനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

Get real time update about this post categories directly on your device, subscribe now.