ഇന്ധനവില കുറയ്ക്കാന്‍ നടപടി എടുക്കേണ്ടത് കേന്ദ്രമാണെന്ന് മന്ത്രി തോമസ് ഐസക്ക്; സംസ്ഥാനങ്ങള്‍ നികുതി കുറച്ച് സഹകരിക്കണമെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല

ആലപ്പുഴ: ഇന്ധനവില കുറയ്ക്കാന്‍ നടപടി എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയുമാണ് അധിക നികുതി ചുമത്തിയത്. ഇപ്പോള്‍ രണ്ടു രൂപ കുറച്ചിട്ട് സംസ്ഥാനങ്ങള്‍ നികുതി കുറച്ച് സഹകരിക്കണമെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം വര്‍ധിപ്പിച്ച നികുതി ആദ്യം പിന്‍വലിക്കട്ടെ

കേന്ദ്രം വര്‍ധിപ്പിച്ച നികുതി ആദ്യം പിന്‍വലിക്കട്ടെ. അതിനുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും എത്ര നികുതി ചുമത്താമെന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാം ഐസക്ക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ തനിയെ സംസ്ഥാന നികുതിയും കുറയും. സംസ്ഥാന നികുതി കുറയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. കുറയ്ക്കാനാവശ്യപെട്ട് കേന്ദ്രം അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ജിഎസ്ടി നിരക്കുകള്‍ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെടുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേന്ദ്രത്തിന്റെ തെറ്റായ നയത്തിന്റെ പാപഭാരം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കേണ്ട. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ അക്കാരണം പറഞ്ഞ് കേന്ദ്രം നികുതി കൂട്ടി. ക്രൂഡോയില്‍ വില കൂടിയപ്പോള്‍ അക്കാരണം പറഞ്ഞ് വില കൂട്ടി. ഈ നയമാണ് തിരുത്തേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഏവിയേഷന്‍ ഇന്ധനത്തിന്റെ നികുതി കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര ഏവിയേഷന്‍ മന്ത്രി സംസ്ഥാനത്തിന് കത്ത് നല്‍കി. നമ്മുടെ വിവിധ നഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുമെന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇത് മുഖവിലയ്‌ക്കെടുത്ത് 28 ശതമാനമായിരുന്ന നികുതി 5 ശതമാനമാക്കി കുറച്ചു.

എന്നാല്‍ ഇതിനു തൊട്ടടുത്ത ദിവസം കേന്ദ്രം ഏവിയേഷന്‍ ഇന്ധനവില വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനം നികുതി കുറച്ചതിന്റെ പ്രയോജനം കിട്ടിയില്ല. നികുതി കുറച്ചതുകൊണ്ട് സംസ്ഥാനത്തിന് നഷ്ടമുണ്ടായി. വില കുറഞ്ഞതുമില്ല. അതിനാല്‍ കേന്ദ്രം നികുതി കുറച്ചശേഷം ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here