അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുന:രാരംഭിച്ചു

ആലപ്പുഴ: അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുന:രാരംഭിച്ചു. ജലപാതയിലെ പാലം പണികള്‍ക്കായി നിര്‍ത്തിവെച്ച ബോട്ട് സര്‍വ്വീസാണ് പുനരാരംഭിച്ചത്.

ജലപാത സജീവമാക്കാന്‍ എസി ബോട്ടുകളടക്കം പുതിയ സര്‍വീസുകളും ഉടന്‍ എത്തും. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ബോട്ട് സര്‍വ്വീസുകളിലൊന്നാണ് വേമ്പനാട്ട് കായലിലൂടെയുള്ള കോട്ടയം-ആലപ്പുഴ ജലപാത.

ഒരുകാലത്ത് ഈ മേഖലയിലെ പ്രധാന യാത്രാമാര്‍ഗ്ഗം തന്നെയായിരുന്നു ഇത്. എന്നാല്‍ കോട്ടയം കാഞ്ഞിരത്ത് പുതിയ പാലം പണിയാന്‍ തുടങ്ങിയതും പൊക്ക് പാലങ്ങളുടെ അറ്റകുറ്റപണിയും ഈ ജലഗതാഗതത്തിന് തടസമായി.

വളരെവേഗം പൂര്‍ത്തിയാകുമെന്ന് കരുതിയെങ്കിലും അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു കോട്ടയം-ആലപ്പുഴ റൂട്ടില്‍ ബോട്ട് വീണ്ടും നീറ്റിലിറങ്ങാന്‍. വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് സര്‍വ്വീസ് അനുഗ്രഹമാകും.

ആദ്യദിനം 345 യാത്രക്കാരാണ് ജലമാര്‍ഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. എല്ലാ ദിവസവും കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ആറ് സര്‍വ്വീസ് വീതം നടത്തും.

18 രൂപയാണ് യാത്രാനിരക്ക്. നിലവില്‍ കാലപ്പഴക്കം ചെന്ന രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നതെങ്കിലും രണ്ടു മാസത്തിനകം എസി ബോട്ടുകളടക്കം സര്‍വീസിനെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News