പീപ്പിള്‍ ചര്‍ച്ചയില്‍ ശരത്ചന്ദ്ര പ്രസാദ് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ബിജെപി; ഗോപാലകൃഷ്ണന് പബ്ലിസിറ്റി മാനിയയെന്ന് ശരത്; പൊലീസില്‍ പരാതി

തിരുവനന്തപുരം: കൈരളി പീപ്പിള്‍ ടിവിയുടെ ന്യൂസ് ആന്റ് വ്യൂവ്‌സില്‍ ബിജെപിയുടെ പദയാത്രയും അമിത്ഷായുടെ ദില്ലിയിലേക്കുള്ള മടക്കവും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ മോശമായ ഭാഷയില്‍ സംസാരിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ബിജെപി നേതാക്കളുടെ പരാതി.

ചര്‍ച്ചയില്‍ ബിജെപിയെ പ്രതിനിധീകരിച്ച അഡ്വ.ബി ഗോപാലകൃഷ്ണനാണ് ശരത്ചന്ദ്രപ്രസാദിനെതിരെ രംഗത്തു വന്നത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുഖ്യമന്ത്രി സ്വീകരിക്കുകയല്ല വേണ്ടിയിരുന്നതെന്നും ടി.പി ചന്ദ്രശേഖരനോടെടുത്ത സമീപനമാണ് എടുക്കേണ്ടിയിരുന്നതെന്നും ശരത്ചന്ദ്രപ്രസാദ് ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് ഗോപാലകൃഷ്ണന്റെ വാദം.

ഇത് അല്‍ഫോണ്‍സ് കണ്ണന്താനത്തെ അപായപ്പെടുത്താനുള്ള നീക്കമാണെന്ന് ബിജെപി പറയുന്നു. ഒരു കേന്ദ്രമന്ത്രിയെ വര്‍ഗ ശത്രുവായി പ്രഖ്യാപിക്കുക വഴി ശരത്ചന്ദ്രപ്രസാദ് ഭരണഘടനാ ലംഘനം നടത്തിയതായും ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി എന്‍.ഹരി കോട്ടയം ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. യുവമോര്‍ച്ച തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.എസ്.സുബിന്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലും ശരത്ചന്ദ്ര പ്രസാദിനെതിരെ പരാതി നല്‍കി.

കലാപത്തിന് ആഹ്വാനം ചെയ്ത ശരത്ചന്ദ്രപ്രസാദിനെതിരെ നിയമ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

എന്നാല്‍ തന്റെ പ്രസ്താവനയെ ഗോപാലകൃഷ്ണന്‍ വളച്ചൊടിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ശരത്ചന്ദ്രപ്രസാദ് പീപ്പിളിനോട് പറഞ്ഞു.

‘ഗോപാലകൃഷ്ണന് പബ്ലിസിറ്റി മാനിയയാണ്. അതിനായി എന്തും വിളിച്ച് പറയുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ ഒരു
മാന്യതയും കാണിക്കാതെ അസഹിഷ്ണുതയോടെ പെരുമാറുന്ന നേതാവാണ് ഗോപാലകൃഷ്ണന്‍. ഇത്തരം ആള്‍ക്കാരെ ചാനലുകള്‍ ബഹിഷ്‌കരിക്കണം. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം ബോധ്യപ്പെടും.’ ശരത്ചന്ദ്രപ്രസാദ് കൂട്ടിച്ചേര്‍ത്തു.

എന്ത് നിയമ നടപടി നേരിടാനും താന്‍ തയ്യാറാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News