ശിവശക്തി യോഗാ സെന്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ശൈല ടീച്ചര്‍

തിരുവനന്തപുരം: തൃപ്പൂണിത്തുറ ശിവശക്തി യോഗാ സെന്ററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ദുരവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈല ടീച്ചര്‍.

അന്തസിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ് സംഭവം

കേരളത്തിലെ സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ് ഈ സംഭവം. ഇത്തരം നീചപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും ശൈല ടീച്ചര്‍ പറഞ്ഞു.

ശിവശക്തി യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് സ്ഥാപനത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും കൃഷ്ണകുമാര്‍ വെളിപ്പെടുത്തുന്നു.

യോഗ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആന്ധ്ര സ്വദേശിനിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. യോഗാ കേന്ദ്രത്തില്‍വച്ച് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതായി യുവതി പരാതി നല്‍കി. ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം ചെയ്യിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഒരു മാസക്കാലം യോഗ സെന്ററില്‍ താമസിപ്പിച്ച് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. അതിനു ശേഷം ഹിന്ദു യുവാവുമായി വിവാഹം കഴിപ്പിച്ച ശേഷമാണ് പുറത്തുപോകാന്‍ അനുവാദം ലഭിച്ചതെന്നും യുവതി പറഞ്ഞു.

ഈ നിര്‍ബന്ധിത വിവാഹം ഒഴിവാക്കാന്‍ യുവതി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News