പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ഓണ്‍ലൈന്‍ ചികിത്സാ ധനസഹായം ഇനി മുതല്‍ അക്ഷയ കേന്ദ്രം വഴി സൗജന്യമായി അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇനി മുതല്‍ സൗജന്യമായി നല്‍കാം. ടി ഗ്രാന്‍റ്സ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്ഷയ കേന്ദ്രത്തില്‍ നിന്നും അപേക്ഷിക്കുമ്പോള്‍ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അക്ഷയകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി. സൗജന്യമായി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയും വേഗത്തില്‍ ധനസഹായം ലഭ്യമാക്കിയും പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഈ ധനസഹായം ലഭിക്കുന്നതില്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെ കാലതാമസം നേരിട്ടിരുന്നു. ഈ കാലതാമസം ഒഴിവാക്കുന്നതിന് മന്ത്രി എ കെ ബാലന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ ഒന്ന് മുതല്‍ ചികിത്സാ ധനഹായ വിതരണം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലായതോടെ അപേക്ഷകര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ ധനസഹായം ലഭ്യമായി തുടങ്ങി.

ടി ഗ്രാന്‍റ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടര്‍ വഴിയോ, അക്ഷയ സെന്‍ററുകള്‍ മുഖേനയോ എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ കത്തോട് കൂടിയും അപേക്ഷ സമര്‍പ്പിക്കാം. രോഗിയല്ല അപേക്ഷകനെങ്കില്‍ രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ കൂടി സമര്‍പ്പിക്കണം. ധനസഹായം പാസായാല്‍ ബന്ധപ്പെട്ട അപേക്ഷകന് അപ്പോള്‍ തന്നെ ആ വിവരം ഫോണില്‍ എസ്എംഎസ് ആയി ലഭ്യമാക്കും. തന്‍റെ അപേക്ഷ ഇപ്പോള്‍ ഏത് ഓഫീസില്‍ ഉണ്ടെന്നും അതിന്‍റെ നിലവിലെ സ്ഥിതി എന്താണെന്നും കമ്പ്യൂട്ടറിലൂടെയും ഫോണിലൂടെയും അറിയാനും പരിശോധിക്കാനും സംവിധാനമുണ്ട്. അക്ഷയയിലൂടെ അപേക്ഷിക്കുന്നവര്‍ അക്ഷയ കേന്ദ്രത്തിന്‍റെ നമ്പര്‍ ഉപയോഗിച്ചാണ് ഇത് പരിശോധിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്‍റ് ഔട്ടും സ്കാന്‍ ചെയ്ത രേഖകളുടെ അസ്സലും അതാത് ബ്ലോക്ക്/നഗരസഭ/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കേണ്ടണ്‍താണ്. അക്ഷയ കേന്ദ്രങ്ങളില്‍ ടി-ഗ്രാന്‍റ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയുമായി ബന്ധപ്പെട്ട് അക്ഷയയിലെ ജീവനക്കാര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ അക്ഷയ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മാരകരോഗം ബാധിച്ചവരുടെ ചികിത്സ, അപകടം മൂലമോ രോഗം മൂലമോ വരുമാനദായകനായ വ്യക്തിയുടെ മരണം, പ്രകൃതിക്ഷോഭം, തീപിടുത്തം എന്നീ ദുരന്തങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. 50,000 രൂപവരെയാണ് ധനസഹായം. ചില പ്രത്യേക കേസുകളില്‍ ആശുപത്രികളില്‍ വലിയ ചെലവ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരു ലക്ഷം രൂപ വരെ അനുവദിക്കും. ആശുപത്രികളുടെ പേരിലാണ് 50,000 ത്തില്‍ കൂടുതല്‍ വരുന്ന തുകകള്‍ അനുവദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News