രാഷ്ട്രീയബന്ധം ഉപയോഗിച്ച് വ്യവസായികളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍; അജയ് ഘോഷിനായി അന്വേഷണം തുടരുന്നു; മാധ്യമസ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പ്

ആലപ്പുഴ: രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന ആലപ്പുഴ സ്വദേശി അജയ് ഘോഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളിയാക്കാം എന്നു പറഞ്ഞും നിയമപരമല്ലാത്ത ഫയലുകള്‍ സ്വാധീനം ഉപയോഗിച്ച് നടത്തിത്തരാം എന്ന ഉറപ്പുകള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.

പരാതിക്കാരന്‍ നേരിട്ട് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്ത്

പത്തനംതിട്ടയിലെ ചില ക്വാറി ഉടമകളില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നത്. മലയാളത്തിലെ ചില മാധ്യമ സ്ഥാപനങ്ങളുടെ പേരു പറഞ്ഞാണ് തട്ടിപ്പിന് ഒരുങ്ങിയത്. എന്നാല്‍ പരാതിക്കാരന്‍ നേരിട്ട് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഉന്നത പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ കേസുകള്‍ ഒതുക്കുന്നത്. വിദേശരാജ്യങ്ങളില്‍ മാറി മാറി സന്ദര്‍ശനം നടത്താറുള്ള ഇയാളുടെ സ്ഥിരതാമസം തലസ്ഥാനത്താണ്. കഴിഞ്ഞ മാസം മറ്റൊരു തട്ടിപ്പ് കേസില്‍ ഇയാളെ എറണാകുളം പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. മുന്‍ എക്‌സൈസ് മന്ത്രിയുമായും മുന്‍ കേന്ദ്ര മന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്.

ബാര്‍ കോഴകേസിലും ഇയാള്‍ ഉള്‍പെട്ടിരുന്നു. ബാര്‍ ഉടമകളും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഇടനില നിന്ന് കോടികള്‍ തട്ടിയതായാണ് ബാറുടമകളുടെ പരാതി. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പുറത്തുവന്നതോടെ പരാതിക്കാരുടെ എണ്ണവും കൂടി. ഇയാള്‍ക്ക് എതിരെയുള്ള കേസുകളില്‍ സഹായിക്കുന്ന ചില ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആഢംബര കാറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പണം നഷ്ടപ്പെടുന്ന പലരെയും ബ്ലാക്ക് മെയില്‍ ചെയ്ത് ഇയാള്‍ക്കെതിരെയുള്ള നിയമ നടപടിയാല്‍ ഒഴിവാക്കുന്നതും ഇയാളുടെ രീതിയാണ്. ഇയാള്‍ ഉടന്‍ കുടുങ്ങുമെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News