കൊല്ലം പീഡനം: ഓരോ മലയാളിയും തന്നോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്

വീടിനെ പുരുഷമേധാവിത്വത്തിന്റെകൂടി കേളീരംഗമാക്കി നിലനിർത്താൻ മലയാളി ശ്രമിക്കുന്നുണ്ടോ? അശോകൻ ചരുവിൽ ചോദിക്കുന്നു… 

കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഏഴുവയസ്സുള്ള ശ്രീലക്ഷ്മി എന്ന കുരുന്നിനെ വീട്ടില്‍ കൂടെ താമസിച്ചിരുന്ന ഇളയച്ഛന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത കേരളീയ മനസ്സാക്ഷിയെ തീര്‍ച്ചയായും നടുക്കിയിട്ടുണ്ടായിരിക്കും. അതിവേഗംതന്നെ പ്രതി പിടിയിലായി എന്നതില്‍ ആശ്വാസംകൊള്ളാം.

പക്ഷേ, ഈ ഞെട്ടലിനും ആശ്വാസത്തിനും അപ്പുറം ഓരോ കേരളീയനും തിരിഞ്ഞുനിന്ന് തന്നോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ടെന്ന് തോന്നുന്നു.

കുഞ്ഞിനുവേണ്ട സുരക്ഷ ഒരുക്കാത്തതിന്റെ പേരില്‍ അമ്മയെ വിമര്‍ശിക്കുന്നവരുണ്ട്. നാട്ടുകാര്‍ വീട്ടുകാരെ കുറ്റപ്പെടുത്തുന്നു. പക്ഷേ, അഞ്ചലിലേത് ആദ്യത്തെയോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ലെന്ന് ഓര്‍ക്കണം. താഴ്ന്ന ജീവിതസാഹചര്യമുള്ള വീടുകളിലാണ് ഇത്തരം അപായങ്ങളുള്ളതെന്ന് കരുതുന്നുണ്ടെങ്കില്‍ അതൊരു വലിയ തെറ്റിദ്ധാരണയാണ്.

നമ്മള്‍ മലയാളികള്‍ പൊതുവെ കമനീയമായ വീടുകള്‍ പണിയുന്നതില്‍ തല്‍പ്പരരാണല്ലോ. പക്ഷേ, നമ്മുടെ വീടുകള്‍ക്കകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വീട് എന്ന അടിസ്ഥാന സമൂഹഘടകത്തെക്കുറിച്ച് മലയാളി ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏറെ പരിഷ്കരണങ്ങളും പരിവര്‍ത്തനങ്ങളും നടന്ന സ്ഥലമാണ് കേരളമെന്നതില്‍ നാം അഭിമാനിക്കുന്നുണ്ട്. നാവോത്ഥാനവും ദേശീയസമരവും തൊഴിലാളി- കര്‍ഷക മുന്നേറ്റങ്ങളും യുക്തിചിന്തയും പുരോഗമനസാഹിത്യവും സാക്ഷരതയും ഇടവിട്ടാണെങ്കിലും അധികാരത്തില്‍ വരുന്ന ഇടതുപക്ഷ സര്‍ക്കാരുകളും ഇവിടത്തെ പൊതുസമൂഹത്തെ മുന്നോട്ടുനയിക്കുന്നതിലും ജനാധിപത്യവല്‍ക്കരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. പക്ഷേ, ഇതൊന്നും മലയാളിയുടെ വീട് എന്ന ഇരുട്ടുകോട്ടയെ തെല്ലുപോലും ബാധിച്ചിട്ടില്ലെങ്കില്‍ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?

സ്വന്തം വീടിനെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതിചിന്തയുടെയും അന്യമതവിദ്വേഷത്തിന്റെയും മാത്രമല്ല, പുരുഷമേധാവിത്വത്തിന്റെകൂടി കേളീരംഗമാക്കി നിലനിര്‍ത്താന്‍ മലയാളി പരിശ്രമിക്കുന്നുണ്ടോ? സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

ചെരിപ്പുപോലെ പുരോഗമനചിന്തയെ പുറത്ത് അഴിച്ചുവച്ചിട്ടാണ് അവന്‍ വീടിനകത്ത് കയറുന്നത്. ഗൃഹാതുരത വളരെ നല്ല സംഗതിയാണ്. അതു പലപ്പോഴും സര്‍ഗാത്മകതയുടെ സഹയാത്രികനുമാണ്. പക്ഷേ, മലയാളിയുടെ ഗൃഹാതുരത യാഥാസ്ഥിതികവും ഏതാണ്ടൊക്കെ ജനാധിപത്യവിരുദ്ധവുമാണ്. അത് പലപ്പോഴും പഴയ ഫ്യൂഡല്‍ കാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടുന്നു.

ചില കവികള്‍ ഇപ്പോഴും ഗൃഹാതുരതയുടെ പേരില്‍ നഷ്ടപ്പെട്ട അടിമ ഉടമ, ജന്മി നാടുവാഴിത്ത കാലത്തെ സൌഭാഗ്യങ്ങളെയോര്‍ത്ത് വിലപിക്കാറുണ്ട്. ദേശീയപ്രസ്ഥാനം ജനസാന്നിധ്യത്താല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട 1930കള്‍മുതല്‍ക്കുള്ള ജനാധിപത്യമുന്നേറ്റ കാലത്തെക്കുറിച്ച് അവര്‍ നിശബ്ദത പാലിക്കുന്നു.

അവരുടെ സുവര്‍ണകാലം അതിനപ്പുറത്താണ്. പൊതുവഴിയോ ജീവിതഗതിയോ ഇല്ലാതെ മനുഷ്യന്‍ കാളയ്ക്കുപകരം നുകം കഴുത്തില്‍വച്ച് നിലങ്ങള്‍ ഉഴുതിരുന്ന കാലം.

രാഷ്ട്രീയമെന്ന് പേരിട്ട് വിളിച്ച് എല്ലാത്തരം സാമൂഹ്യചിന്തകളെയും വീടിന് പടിപ്പുറത്ത് നിര്‍ത്താന്‍ വലിയ ഉത്സാഹമാണ് നമുക്ക്. കപാല മാലയണിഞ്ഞ് ചോരപുരണ്ട ശൂലവും കൊടുവാളും എകെ 47നും പിടിച്ചുനിന്ന് അലറുന്ന ഇന്നത്തെ മതത്തെ വീടിന്റെ സംരക്ഷണം ഏല്‍പ്പിക്കുന്ന മലയാളി ഏത് യുഗത്തിലാണ് മനസ്സുകൊണ്ട് ജീവിക്കുന്നത്?

വായനശാലയില്‍ പോയി പുരോഗമനസ്വഭാവമുള്ള പത്രവും മാസികയും വായിക്കുന്ന അവന്‍ വീടിനകത്ത് ഏറ്റവും പിന്തിരിപ്പനായ പത്രത്തിനുമാത്രമേ പ്രവേശനം അനുവദിക്കൂ. സ്ത്രീകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കില്‍ അത് ക്ഷേത്രത്തിലേക്കോ പള്ളിയിലേക്കോ അല്ലെങ്കില്‍ ആള്‍ദൈവസന്നിധിയിലേക്കോ ധ്യാനകേന്ദ്രത്തിലേക്കോ ആയിരിക്കേണ്ടതുണ്ട്. ഒരു പ്രഭാഷണം കേള്‍ക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടെങ്കില്‍ അത് മതപ്രഭാഷണമായിരിക്കും. ജാഥയാണെങ്കില്‍ മതത്തിന്റെ മദബാധ ജാഥ.

നമ്മുടെയൊക്കെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ഭരണവര്‍ഗ നീക്കത്തെക്കുറിച്ചോ പ്രക്ഷോഭത്തെപ്പറ്റിയോ എന്തിന്, ബാഹ്യലോകത്തെക്കുറിച്ചുപോലുമോ ഒരു ചര്‍ച്ചയുമില്ല, സ്വീകരണമുറിയിലും ഊണുമുറിയിലും. കുറിയിട്ട് ചരടുകെട്ടി വരുന്ന മതതീവ്രവാദിയല്ല, ജനാധിപത്യത്തിന് ഇടമില്ലാത്ത വീടുകളും മനസ്സുകളുമാണ് രാഷ്ട്രീയ ഹിന്ദുത്വത്തിനും മറ്റ് ഫാസിസങ്ങള്‍ക്കും മാധ്യമമാകുന്നത്.

ആധുനികതയുടെ സംവാദാത്മകത കടന്നുചെല്ലാത്ത വീടുകള്‍ ജീര്‍ണതയുടെ ചെളിക്കുളങ്ങളായി മാറുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ പുഴുക്കള്‍ നുരയ്ക്കുമല്ലോ. രോഗാണുക്കള്‍ക്കായിരിക്കും അവിടെ ആധിപത്യം. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പലമട്ടില്‍ നോക്കിക്കാണാം. (ഉദാ: ധനമൂലധന വ്യവസ്ഥയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ വരുംകാലത്ത് നല്ല ലാഭമുണ്ടാക്കിത്തരുന്ന നിക്ഷേപങ്ങളാണ്.)

കുഞ്ഞുങ്ങളോടുള്ള സ്നേഹവും വാത്സല്യവും മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള സമുന്നതമായ സംസ്കാരത്തിന്റെ ഭാഗമാണ്. ജനാധിപത്യം ഇല്ലാത്തിടത്ത് സംസ്കാരത്തിന് സ്ഥാനമില്ല. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ‘വീടുകളെ ജനാധിപത്യവല്‍ക്കരിക്കുക/ രാഷ്ട്രീയവല്‍ക്കരിക്കുക’ എന്ന ഒരു പ്രസ്ഥാനം സംസ്ഥാനത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News