ചെ ഗുവേര, ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ കൂടി ആക്രമണത്തിനിരയാകുമ്പോള്‍..

ചെ ഗുവേര, ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ കൂടി ആക്രമണത്തിനിരയാകുമ്പോള്‍, ആ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട്. എം.എ ബേബിയുടെ അനുസ്മരണം.

‘ചെ’ എന്ന ചുരുക്കപ്പേരിൽ മനുഷ്യപ്രജ്ഞയിൽ അടയാളപ്പെട്ടിരിക്കുന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെർന രക്തസാക്ഷിയായതിന്റെ അമ്പതാം വാർഷികമാണ് ഒക്ടോബർ ഒമ്പത്. മഹത്തായ ലക്ഷ്യത്തിനായി പൊരുതിമരിക്കുന്നതിനേക്കാൾ വീരോചിതമായ അന്ത്യം മനുഷ്യന് സങ്കൽപ്പിക്കാൻ സാധ്യമല്ല.

ചെ ഇന്ന് ലോകത്തെ ഏറ്റവും വലിയ വിപ്ലവപ്രതീകമാണ്. ചെ ആരെന്നറിയാത്തവരും ചെ യുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രംധരിച്ച് നടക്കുന്നുണ്ടെന്നും നമുക്കറിയാം. ആളിക്കത്തുകയും അമർന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ തൂവിയ സ്വന്തം ജീവനാണ്.

ബൊളീവിയയിൽ മോചനപ്പോരാട്ടത്തിനിടയിൽ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ വധിക്കപ്പെടുമ്പോൾ 39 വയസ്സായിരുന്നു ചെ യ്ക്ക്. പരിക്കേറ്റ് പിടികൂടപ്പെട്ട ചെ യെ ഒരു സ്‌കൂൾമുറിയിൽവച്ച് വിചാരണകൂടാതെ വെടിവച്ചുകൊന്നത് സിഐഎ ആജ്ഞപ്രകാരമായിരുന്നു. പുരോഗമന ചിന്താഗതിക്കാരെ തീരാദുഃഖത്തിലാഴ്ിയ ആ അരുംകൊല സംഭവിച്ചില്ലായിരുന്നെങ്കിൽ 89 വയസ്സുകാരനായി ചെ ഇപ്പോൾ ഒരുപക്ഷേ ജീവിച്ചിരിക്കുമായിരുന്നു.

ചെ യുടെ രക്തസാക്ഷിത്വം ഒരു പതിമൂന്നുവയസ്സുകാരനായിരുന്ന എന്നിൽ ആഴത്തിൽ പതിഞ്ഞതോർമയുണ്ട്. അന്ന് കെഎസ്എഫ് (കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷൻ) പ്രവർത്തകനായിരുന്നു.
ചെ രക്തസാക്ഷിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ‘ക്യൂബ’ സന്ദർശിക്കാൻ സന്ദർഭമുണ്ടായി. 1978ലെ ലോക യുവജനവിദ്യാർഥിമേളയിൽ കേരളത്തിൽനിന്നുള്ള പ്രതിനിധിയെന്ന നിലയിലായിരുന്നു ആ യാത്ര.

ഹവാനയിൽ പരിപാടികളിൽ ഒന്ന് ചെ യെ അനുസ്മരിക്കുന്ന പ്രദർശനമായിരുന്നു. അതുല്യനായ ആ വിപ്ലവകാരിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ സുപ്രധാന ഏടുകൾ അവിടെ ചിത്രങ്ങളായും ചെറു കുറിപ്പുകളായും സജ്ജീകരിച്ചത് ചുറുചുറുക്കുള്ള ഒരു വിദ്യാർഥിനി വിവരിച്ചുതന്നുകൊണ്ടിരുന്നു.

ആ അവതരണം അവസാനിപ്പിച്ചത് ചെ യെക്കുറിച്ച് ഫിദൽ കാസ്‌ട്രോ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു.
“നമ്മുടെ പോരാളികൾ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് മറുപടി അവർ ചെ യെപ്പോലെയായിരിക്കണം എന്നാണ്; ഭാവി മനുഷ്യർ എങ്ങനെയായിരിക്കണമെന്നതിനും ഉത്തരം അവർ ചെ യെപ്പോലെയാകണം എന്നാണ്; നമ്മുടെ കുഞ്ഞുങ്ങളെ എപ്രകാരം പഠിപ്പിക്കണം എന്നതിനുള്ള മറുപടി അവർ ചെ യെപ്പോലെയാകണം എന്നാണ്”.
ഫിദലിന്റെ ഈ വാക്കുകൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ ആ സഖാവിന്റെ കൊച്ചു കണ്ണുകളിൽനിന്ന് നിറഞ്ഞൊഴുകിയ കണ്ണീർ അവളുടെ മുഖമാകെ പടർന്നിരുന്നു. അത് കേട്ടുനിന്ന ഞങ്ങൾ പലരുടെയും കണ്ണുകൾ ഈറനായി.

ചെ രക്തസാക്ഷിയായി ഒമ്പതുദിവസം കഴിഞ്ഞ് (1967 ഒക്ടോബർ 18ന്) ഹവാനയിലെ വിപ്ലവചത്വരത്തിൽ ചേർന്ന ജനസമുദ്രസമാനമായ അനുസ്മരണയോഗത്തിൽ ഫിദൽ നടത്തിയ പ്രസംഗത്തിന്റെ അവസാനഭാഗമായിരുന്നു ആ വിദ്യാർഥിസഖാവിന്റെ സ്വരത്തിൽ ഞങ്ങളുടെ ഹൃദയങ്ങളെ ദുഃഖസാന്ദ്രമാക്കിയത്.

പിന്നീട് ചെ യെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമത്തിനിടയിൽ ക്യൂബൻ വിപ്ലവത്തെക്കുറിച്ചും പുതിയ സോഷ്യലിസ്റ്റ് ക്യൂബ നിർമിക്കുന്നതിന് നേതൃത്വം നൽകുന്നതിനിടയിൽ അവിടെനിന്ന് അപ്രത്യക്ഷനായ ചെ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വിമോചനപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ശ്രമിച്ചതിനെക്കുറിച്ചുമെല്ലാം കുറേശ്ശെ പഠിച്ചു.

ഫിദലുമായി തെറ്റിപ്പിരിഞ്ഞാണ് ചെ ബൊളീവിയയിൽ ഗറില്ലായുദ്ധം സംഘടിപ്പിക്കാൻ ഒരുമ്പെട്ടത് എന്ന കള്ളക്കഥ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചെ ഫിദലിനെഴുതിയ യാത്രാമൊഴിയിലെ ഭാഷയും, അതിസൂക്ഷ്മമായ ഗവേഷണപഠനങ്ങൾക്കുശേഷം ആൻഡേഴ്‌സൺ എഴുതിയ ബൃഹത്തായ ചെ യുടെ വിപ്ലവജീവചരിത്രത്തിലെ അപഗ്രഥനവും ഇത്തരം കുപ്രചാരണങ്ങൾ ഏറ്റെടുത്തവർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

ചെഫിദൽ സംഘർഷങ്ങളും വിയോജിപ്പുകളും സംബന്ധിച്ച പ്രചാരണങ്ങൾ ഒന്നുകിൽ ബോധപൂർവം കെട്ടിച്ചമച്ച വ്യാജവാദങ്ങളാണ് എന്നോ  അതല്ലെങ്കിൽ സഹതാപാർഹമായ അജ്ഞതയിൽനിന്ന് മുളപൊട്ടിയ ജൽപ്പനങ്ങളാണ് എന്നോ അവ സംശയരഹിതമായി വ്യക്തമാക്കി.

സിപിഐ എം  ചെ യെ വൈകിയാണ് ഏറ്റെടുത്തത് എന്നും ചെ യുടെ വിപ്ലവപാരമ്പര്യത്തിന്റെ യഥാർഥ അവകാശികൾ നക്‌സലൈറ്റുകളാണെന്നും ചിലർ ധരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച തെറ്റിദ്ധാരണകൾ അകറ്റാൻ ഇ എം എസ് ചെ യെക്കുറിച്ച് എഴുതിയത് ഉദ്ധരിക്കുന്നത് ഉചിതമാകുമെന്ന് കരുതുന്നു.

‘ബൊളീവിയൻ ഡയറി’യുടെ പരിഭാഷ സിപിഐ എം മുൻകൈയെടുത്ത് പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ ചെറുകുറിപ്പിൽ ഇ എം എസ് പറഞ്ഞു: “ലോകം ഇന്നേവരെ കണ്ട വിപ്ലവകാരികളിൽ പ്രമുഖനായ ചെ ഗുവേര ഒരു ഇതിഹാസപുരുഷന്റെ സ്ഥാനം ജനഹൃദയങ്ങളിൽ നേടിക്കഴിഞ്ഞിരിക്കുന്നു. ചെ ഗുവേരയുടെ ശക്തി ഒരു വ്യക്തിയുടെ ഓർമക്കുറിപ്പുകൾ എന്നതിലുമധികം ഈ കാലഘട്ടത്തിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ആത്മാവിനെയാണ് ഉൾക്കൊള്ളുന്നത്.

ക്യൂബൻ വിപ്ലവപ്രസ്ഥാനത്തെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയാണ് ചെ ഗുവേരയുടെ ബൊളീവിയൻ ഡയറിയുടെ മലയാള പ്രസിദ്ധീകരണം. ഗുവേരയുടെ ജീവിതകാലമാകമാനം സംഭവബഹുലമായിരുന്നു. അദ്ദേഹത്തിനെതിരായി സാമ്രാജ്യത്വവാദികൾ പറഞ്ഞുണ്ടാക്കിയ നുണപ്രചാരണങ്ങൾക്ക് കണക്കില്ലായിരുന്നു.

ഈ ഡയറിതന്നെയും ഗുവേരയുടേതല്ലെന്ന് അവർ പറഞ്ഞുണ്ടാക്കി. അവസാനം അവർ പരാജയപ്പെടുകയാണുണ്ടായത്. തെക്കേ അമേരിക്കയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ വളർച്ചയിൽ ഗുവേര വഹിച്ച പങ്ക് മഹത്തരമായിരുന്നു…

ഡയറിക്കുറിപ്പുകൾ മാത്രമല്ല; വിപ്ലവപ്രസ്ഥാനത്തെക്കുറിച്ചുള്ള വിലപിടിപ്പുള്ള ഗ്രന്ഥങ്ങളും ചെ എഴുതിയിട്ടുണ്ട്. അവയെല്ലാം മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ഒരു തുടക്കമാണിത് എന്ന് ഞാൻ കരുതുന്നു”.

സാക്ഷാൽ ഇ എം എസിന്റെ മേൽറഞ്ഞ വരികൾ സിപിഐ എം ചെ യോട് കൈക്കൊണ്ട സമീപനത്തെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണാജനകമായ ആശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. ഇ എം എസ് ഇത് എഴുതിയതാകട്ടെ 1968–69 കാലഘട്ടത്തിലാണ്.

ചെ ഗുവേരയെന്ന വിപ്ലവകാരിയെക്കുറിച്ചുള്ള യഥാർഥ മാർക്‌സിസ്റ്റ്–ലെനിനിസ്റ്റ് ധാരണ ഉൾക്കൊള്ളാൻ വേണ്ടത്ര കഴിയാതെപോയ ചില സഖാക്കൾ ചിലപ്പോൾ അലക്ഷ്യമായ അഭിപ്രായങ്ങൾ ചെ യെപ്പറ്റി തട്ടിവിട്ടിട്ടുണ്ടാകാം.

ലാറ്റിനമേരിക്കയിൽ ജനാധിപത്യരഹിതമായ സൈനിക സ്വേച്ഛാധിപത്യങ്ങൾ നഗ്നമായ മനുഷ്യാവകാശധ്വംസനങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ അതിനെതിരായ ധീരസാഹസിക സമരരൂപങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഫിദൽ കാസ്‌ട്രോയും ചെ ഗുവേരയും നൽകിയ മൗലിക സംഭാവന ചരിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ഭരണഘടനാപരമായ ജനാധിപത്യസമര സാധ്യതകൾ തരിമ്പെങ്കിലും അവശേഷിച്ചിട്ടുള്ള ഒരു സമൂഹത്തിൽ ഗറില്ലാ സമരമുറയെ ആശ്രയിക്കുന്നത് അബദ്ധമായിരിക്കും എന്ന് ചെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് നിർമിതിയും പരീക്ഷണവും തിരിച്ചടി നേരിട്ട ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾ ക്യൂബ കടുത്ത വെല്ലുവിളികൾ നേരിട്ട നാളുകളായിരുന്നു. ക്യൂബയുടെ പഞ്ചസാര, ചുരുട്ട്, നിക്കൽ, റം തുടങ്ങിയ ഉൽപ്പന്നങ്ങൾ മോഹവില നൽകി വാങ്ങാനും എണ്ണയും ഉപഭോഗവസ്തുക്കളും മര്യാദവിലയ്ക്ക് ക്യൂബയ്ക്ക് വിൽക്കാനും സോഷ്യലിസ്റ്റ് സഹകരണമനോഭാവത്തോടെ പ്രവർത്തിച്ച രാഷ്ട്രങ്ങളാണ് തൊണ്ണൂറുകളിൽ മുതലാളിത്ത വ്യവസ്ഥയിലേക്ക് തിരിച്ചുപോയത്.

അമേരിക്കൻ സാമ്പത്തിക ഉപരോധത്തിന്റെകൂടി പ്രഹരത്തിൽ നിൽക്കക്കള്ളിയില്ലാതെ വിളഞ്ഞ കനിപോലെ ക്യൂബ സാമ്രാജ്യത്വത്തിന്റെ മടിയിലേക്ക് അടർന്നുവീഴുമെന്ന് അന്ന് പലരും കണക്കുകൂട്ടി. അവരെ അമ്പരപ്പിക്കുന്ന ചെറുത്തുനിൽപ്പും ആത്മത്യാഗവുമാണ് ക്യൂബ അക്കാലത്ത് കാട്ടിയത്.

ചെ യുടെ ഓർമയും ഫിദലിന്റെ മുന്നിൽനിന്നുള്ള നേതൃത്വവും ഈ സാഹസികമായ ചെറുത്തുനിൽപ്പിന് ക്യൂബൻ ജനതയ്ക്ക് കരുത്തു പകർന്നു. അക്കാലത്ത് ഇന്ത്യയിൽ രൂപീകരി ക്യൂബൻ ഐക്യദാർഢ്യസമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ചെ യുടെ ജീവിതവുമായി പരോക്ഷമായ മുഖാഭിമുഖങ്ങൾ വീണ്ടും സംഭവിച്ചു.

ക്യൂബൻ ഐക്യദാർഢ്യസമിതി അതിന്റെ സന്ദേശം പ്രചരിപ്പിക്കാനായി തയ്യാറാക്കിയ ഒരു പോസ്റ്റ് കാർഡ്, പ്രശസ്ത ചിത്രകാരൻ കിഷൻ ഖന്നയുടെ ഒരു ചിത്രമായിരുന്നു. വധിക്കപ്പെട്ട ചെ യെ സംസ്‌കാരത്തിനായി തയ്യാറാക്കിക്കിടത്തുന്ന രംഗം സങ്കൽപ്പിച്ച് വരച്ച അതിതീക്ഷ്ണവും ആർദ്രവുമായ ചിത്രം. ‘ലാ പിയത്താ’യിലെ ക്രിസ്തുവിന്റെ കിടപ്പിനോട് സദൃശമായ ചിത്രീകരണം.

ഇന്ത്യയിൽനിന്ന് ശേഖരിച്ച ഗോതമ്പ് നിറച്ച ‘കരീബിയൻ പ്രിൻസസ്’ എന്ന കപ്പൽ ഹവാനാതുറമുഖത്ത് എത്തിയ സന്ദർഭത്തിൽ അവിടെ നടന്ന ചടങ്ങിൽ ഹർകിഷൻസിങ് സുർജിത്തിനൊപ്പം പങ്കെടുത്തപ്പോൾ ഈ പോസ്റ്റ്കാർഡ് ഫിദലിന് സമ്മാനിച്ചു. എം എഫ് ഹുസൈന്റെ കലാകാരനായ മകൻ ഷംഷദ് ഹുസൈൻ വരച്ച ഫിദലിന്റെ ചിത്രമുള്ള പോസ്റ്ററും ഒപ്പം കൈമാറി.

ചെ യുടെ വിപ്ലവകാരിയായ ഭാര അലൈഡ മാർച്ചിനെ അന്ന് സന്ദർശിച്ചത് സഖാവിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാനായിരുന്നു. ഇവിടെ ക്യൂബൻ ഐക്യദാർഢ്യ പ്രസ്ഥാനത്തെ ആവേശംകൊള്ളിക്കാൻ സഖാവിന്റെ വരവ് സഹായിക്കുമെന്ന് പറഞ്ഞപ്പോൾ അവർ പുഞ്ചിരിച്ചു. തുടർന്ന് അതിന് തന്നേക്കാൾ പറ്റുന്നത് മകൾ അലൈഡ (അമ്മയുടെയും മകളുടെയും പേര് ഒന്നാണ്) വരുന്നതാവും എന്ന മറുപടി അവർ നൽകി.

അലൈഡയുടെ ഇന്ത്യൻ സന്ദർശനനാളുകളിൽ രണ്ടാഴ്ചക്കാലം ഒപ്പം യാത്രചെയ്ത ഓർമകൾ അവിസ്മരണീയമാണ്. ഇന്ത്യൻ സന്ദർശനവേളയിൽ പ്രത്യേകിച്ച് എന്തെങ്കിലും മോഹമുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ആനയെ കാണാനാഗ്രഹമുണ്ട് എന്നായിരുന്നു മറുപടി.

കുന്നംകുളത്തെ ആനത്താവളത്തിൽ കൊണ്ടുപോയി ആനക്കൂട്ടത്തെയും കുട്ടിയാനകളെയും ഒക്കെ കാണിച്ച് അലൈഡയെ അത്ഭുതപ്പെടുത്തിയതും, ഒടുവിൽ ഒരുകൂട്ടം സഖാക്കൾ വളരെ ക്ലേശിച്ച് ആനപ്പുറത്ത് കയറ്റി ഇരുത്തിയതും ഓർക്കുന്നു.

താഴെ ഇറക്കാനായിരുന്നു കൂടുതൽ ബുദ്ധിമുട്ടിയത്. ഇന്ത്യയിലുടനീളം സങ്കൽപ്പിക്കാനാകാത്ത ആവേശത്തോടെയാണ് ജനങ്ങൾ അലൈഡയെ സ്വീകരിച്ചത്. ‘എന്റെ അച്ഛനെ ഭൂഖണ്ഡങ്ങൾക്കകലെ ഉറ്റ സഖാവിനെപ്പോലെ ഇത്ര അഗാധമായി സ്‌നേഹിക്കുന്ന എത്ര ആയിരങ്ങളാണുള്ളത് എന്നത് എന്നെ വിസ്മയിപ്പിക്കുന്നു’ അന്ന് അലൈഡ പറഞ്ഞു.

‘നശിപ്പിക്കാം; എന്നാൽ തോൽപ്പിക്കാനാകില്ല’, എന്ന ഹെമിങ് വേയുടെ വാചകത്തിന്റെ മനുഷ്യരൂപമാണ് ചെ. ലാറ്റിനമേരിക്കയിലും ലോകത്തിന്റെ വിവിധ കോണുകളിലും ചെ യിൽനിന്ന് ആത്മവീര്യമാർജിച്ച് വളർന്നുവരുന്ന വിമോചനപ്രസ്ഥാനങ്ങളിൽ നമുക്ക് കാണാനാകുന്നത് ഈ സത്യമാണ്.

2017 ചെയുടെ രക്തസാക്ഷിത്വത്തിന്റെ 50ാം വർഷം. ചെയെ പ്രചോദിപ്പിച്ച ‘മൂലധനം’ പ്രഥമ വോള്യം പുറത്തുവന്നതിന്റെ 150ാം വാർഷികം. വിപ്ലവാനന്തര ക്യൂബയ്ക്ക് ശക്തമായ ഐക്യദാർഢ്യകവചമായി മാറിയ സോവിയറ്റ് യൂണിയന് രൂപംകൊടുത്ത മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 100ാം വാർഷികം.

മുസ്സോളിനിയുടെ ജയിലിൽ പീഡനത്തിന്റെ നരകയാതന അനുഭവിച്ച് രക്തസാക്ഷിയായ അന്തോണിയോ ഗ്രാംഷിയുടെ വേർപാടിന്റെ 80ാം വർഷവും. ഇന്ത്യൻ ജനത സാമ്രാജ്യത്വത്തെ തോൽപ്പിച്ച് സ്വാതന്ത്രം നേടിയെടുത്തതിന്റെ 70ാം വാർഷികവുമാണ് ഇത്.

ഫാസിസത്തിനു സമാനമായ ഹിംസ, ഭരണകൂടത്തിന്റെ സഹായത്തിലും സംരക്ഷണയിലും ലോകത്തിന്റെ പല കോണുകളിൽ തീവ്രവലതുപക്ഷശക്തികൾ കെട്ടഴിച്ചുവിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഓർമകൾ കടന്നുവരുന്നത്.

അതുകൊണ്ടുതന്നെ നമ്മുടെ നാളെ എങ്ങനെയാകും എന്ന ദുരന്തഭീതി പടരുന്ന നാളുകളാണിത്. ചരിത്രബോധത്തോടെ, ഇന്ന് നാം അഭിമുഖീകരിക്കുന്ന കൂറ്റൻ വെല്ലുവിളികളെ വിമർശനബുദ്ധിയോടെയും സ്വയംവിമർശനസന്നദ്ധതയോെടയും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

അതോടൊപ്പം ചെ യുടെ അഗാധമായ ത്യാഗവും പോരാട്ടവീര്യവും സൂക്ഷ്മമായ സമരതന്ത്രങ്ങളും ഓരോ കമ്യൂണിസ്റ്റും  ജനാധിപത്യവാദിയും സ്വായത്തമാക്കുകയും വേണം. എങ്കിൽമാത്രമേ നമുക്ക് വർത്തമാനകാല കർത്തവ്യങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാനാവുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News