വേങ്ങരയ്ക്ക് ആവേശമാകാന്‍ വിഎസ്

മലപ്പുറം: വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി വിഎസ് അച്യുതാനന്ദന്‍ ഇന്ന് മണ്ഡലത്തിലെത്തും. പ്രചാരണരംഗത്ത് ആവേശമുയര്‍ത്തി എല്‍ഡിഎഫിന്റെ പഞ്ചായത്ത് റാലികള്‍ സമാപിച്ചു. പൊതു പരിപാടികളില്‍ നിന്ന് മാറി കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫിന്റെ പ്രചാരണം. പരസ്യ പ്രചാരണം നാളെ അവസാനിക്കും.

സംസ്ഥാനമുറ്റു നോക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സജീവരാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വേദിയാകുന്നത്. എല്‍ഡിഎഫിന്റെ റാലികളില്‍ ദേശീയതലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയും സംഘപരിവാറിനെതിരെ മുസ്ലീംലീഗും കോണ്‍ഗ്രസുമെല്ലാം സീകരിക്കുന്ന മൃദുസമീപനവുമെല്ലാമാണ് പ്രധാന രാഷ്ട്രീയവിഷയമായി ഉയര്‍ന്നുവന്നത്.

കഴിഞ്ഞ 3 ദിവസമായി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ മൂന്നിടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മൂന്നിടത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് റാലികള്‍ ഉദ്ഘാടനം ചെയ്തത്.

അമിത്ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിലൂടെ വ്യക്തമായെന്ന് വേങ്ങരയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലത്ത് ഇടതുപക്ഷമാണ് പ്രതീക്ഷയെന്ന് റാലിയില്‍ പങ്കെടുത്ത മുകേഷ് എംഎല്‍എ പറഞ്ഞു.

മന്ത്രിമാരടക്കം കുടുംബയോഗങ്ങളിലും വീടുകളിലും നേരിട്ടെത്തി പ്രചാരണരംഗത്ത് സജീവമായി രംഗത്തുണ്ട്.. പൊതുയോഗങ്ങള്‍ക്ക് പകരം പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കുടുംബ യോഗങ്ങളിലാണ് യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുമുന്നണികളുടെയും കുടുംബയോഗങ്ങള്‍ ഇന്നത്തോടെ സമാപിക്കും.

ബിജെപി ജനരക്ഷാ മാര്‍ച്ചിന് വേങ്ങരയില്‍ നല്‍കുന്ന സ്വീകരണത്തിലൂടെ പ്രചാരണ രംഗത്ത് ശ്രദ്ധ നേടാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രമവശേഷിക്കെ സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയുമെല്ലാമുള്‍പ്പെടുത്തി റോഡ് ഷോ ഉള്‍പ്പെടെ നടത്തി മണ്ഡലത്തിന്റെ വിവിധ മേഖലകളിലെത്തി വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News