കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കരിച്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി.

ഓണ്‍ലെന്‍ ടിക്കറ്റ് വന്‍തോതില്‍ റിസര്‍വ് ചെയ്ത് ടിക്കറ്റ് ലഭ്യത കുറവ് മുതലെടുത്ത് വന്‍ വിലയ്ക്ക് വില്‍പന നടത്തിയ ഇരുന്നൂറോളം ടിക്കറ്റുകള്‍ പിടികൂടി. ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ MP ദിനേശിന്റെയും ഡപ്യൂട്ടി കമ്മീഷണര്‍ കറുപ്പ് സ്വാമിയുടേയും നിര്‍ദ്ദേശാനുസരണം സ്റ്റേഡിയവും പരിസരവും ആറ് ഭാഗങ്ങളായി തിരിച്ച് ഷാഡോസംഘങ്ങളെ വിന്യസിച്ച് നടത്തിയ പരിശോധനകളില്‍ ആണ് കരിച്ചന്തക്കാര്‍ പിടിയിലായത്.

പിടിയിലായ കാസര്‍ഗോഡ് സ്വദേശി സിദിഖ് (37) എന്നയാള്‍ വന്‍തോതില്‍ ടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ റിസര്‍വേഷന്‍ നടത്തി കരസ്ഥമാക്കി തന്റെ സംഘാംഗങ്ങള്‍ മുഖാന്തിരം ആയിരുന്നു വില്‍പന നടത്തിയിരുന്നത്. ഈ സംഘത്തില്‍ നിന്നു മാത്രം അന്‍പതോളം ടിക്കറ്റുകള്‍ കണ്ടെടുത്തു.

ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വന്‍ തിരക്ക് മുതലെടുത്ത് മുന്നൂറ് രൂപയുടെ ടിക്കറ്റുകള്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കായിരുന്നു ഈ സംഘം വില്‍പന നടത്തിയിരുന്നത്. പിടിയിലായ പതിനാറ് പേരെ ടിക്കറ്റ് ഉള്‍പെടെ പാലാരിവട്ടം പൊലീസിന് കൈമാറി.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃപ്തത്തില്‍ ഷാഡോ എസ്‌ഐ ഹണി കെ ദാസും ഇരുപതോളം പൊലീസുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.