മോദി അധികാരത്തിലേറിയതിന്റെ ഗുണം കോര്‍പ്പറേറ്റുകള്‍ക്കും സ്വന്തക്കാര്‍ക്കും മാത്രം; അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി

ദില്ലി: മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോര്‍പ്പറേറ്റുകള്‍ക്കും സ്വന്തക്കാര്‍ക്കും മാത്രമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ദ വയറാണ് ഇക്കാര്യം പുറത്തുവിട്ടത്

മോദി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകന്‍ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുളള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമമായ ദ വയറാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്റ്റാര്‍ ഓഫീസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലാണ്.

എന്നാല്‍ 2014ല്‍ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വര്‍ഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകള്‍ പറയുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത്.

രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ 2016ല്‍ കമ്പനി വന്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം കമ്പനിക്കുണ്ടായതെന്ന് കുറിച്ചാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകന്‍ ജയ് ഷായും, ജിതേന്ദര്‍ ഷായുമാണ് കമ്പനി ഡയറക്ടര്‍മാര്‍. ഒപ്പം അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയില്‍ ഉടമസ്ഥതയുണ്ട്.

കമ്പനിയുടെ ആസാമാന്യമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ വിശദാംശങ്ങള്‍ മനസിലാക്കുന്നതിനു വേണ്ടി ദ വയറിന്റെ റിപ്പോര്‍ട്ടര്‍ ജെയ് ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാത്രയിലായതിനാല്‍ ഷാ കൃത്യമായി മറുപടി നല്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

അതേസമയം, ഷാക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News