‘സോളോ ക്ലൈമാക്‌സ് മാറ്റിയത് ഞാന്‍ അറിഞ്ഞില്ല’; സംവിധായകന്‍ ബിജോയ്

സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് തന്റെ അറിവോടെയല്ലെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. ട്വിറ്ററിലൂടെയാണ് ബിജോയ്‌യുടെ പ്രതികരണം.

ബിജോയ് പറയുന്നു:

ക്ലൈമാക്‌സില്‍ വരുത്തിയിരിക്കുന്ന മാറ്റത്തെക്കുറിച്ച് എന്നോട് ചോദിച്ചവരോട്, എന്റെ അറിവോ സമ്മതമോ കൂടാതെ ചെയ്തിരിക്കുന്നതാണ് അത്. നല്ലതായാലും മോശമായാലും സംവിധാനം ചെയ്ത ചിത്രത്തിനൊപ്പമാണ് ഞാന്‍.

ഇപ്പോഴത്തെ തിയേറ്റര്‍ സമരത്തിന് ശേഷം തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശനം പുനരാരംഭിക്കുമ്പോള്‍ എഡിറ്റിംഗ് ഒന്നും വരുത്താത്ത ഒറിജിനല്‍ പതിപ്പ് തന്നെയാവും തീയേറ്ററുകളിലെത്തുകയെന്നും ബിജോയ് ട്വിറ്ററില്‍ കുറിച്ചു. അനില്‍ ജയിന്‍ എന്ന നിര്‍മാതാവ് അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളയാളാണെന്നും ബിജോയ് വ്യക്തമാക്കി.

നാലു ചിത്രങ്ങളുടെ ആന്തോളജിയാണ് സോളോ. വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നീ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ് കഴിഞ്ഞദിവസം മാറ്റിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും രുദ്രയുടെ ക്ലൈമാക്‌സിനോട് പ്രേക്ഷകര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ക്ലൈമാക്‌സ് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ക്ലൈമാക്‌സ് മാറ്റതോടെ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. സമ്മിശ്ര പ്രതികരണം ലഭിച്ച സോളോയ്ക്ക് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പഞ്ചഭൂതം എന്ന സങ്കല്‍പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വസീറിന് ശേഷം ബിജോയ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീതസംവിധായകരുമുണ്ട്.

മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം. കലി എന്ന ചിത്രത്തിന് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കുന്ന ദുല്‍ഖര്‍ ചിത്രവുമാണ് സോളോ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും അബാം ഫിലിംസും ചേര്‍ന്നാണ് സോളോ നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News