ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട്

ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട്.

കവി കൂടിയായിരുന്നു ചെ. 1956-ല്‍ ഫിദല്‍ കാസ്‌ട്രോയെ അഭിസംബോധന ചെയ്ത് ചെ എഴുതിയ കവിത

ഞാന്‍ പാടുന്നു

പ്രഭാതത്തിന്റെ ആഗ്‌നേയപ്രവാചകാ!
നമുക്ക് പോകാം:
ഭൂപടങ്ങളിലില്ലാത്ത വഴികളിലൂടെ,
നീ സ്‌നേഹിക്കുന്ന
പച്ച മുതലയെ വിമോചിപ്പിക്കാം.

നമുക്കു പോകാം:
യുദ്ധദേവതയുടെ കലാപനക്ഷത്രം തിളങ്ങുന്ന
നമ്മുടെ ശിരസ്സുകള്‍കൊണ്ട്
അപമാനങ്ങള്‍ തൂത്തെറിയാം.

നമ്മള്‍ വിജയിക്കും;
അല്ലെങ്കിലോ
മരിച്ച മരണത്തിലേയ്ക്ക്
വെടിയുതിര്‍ക്കും.

ഒന്നാമത്തെ വെടി മുഴങ്ങും;
അപ്പോള്‍ മുഴുവന്‍ കാടും ഞെട്ടിയുണരും
പുതിയ ഒരപ്രതീക്ഷിതവിസ്മയത്തില്‍.
അവിടെ,
അതേ സമയംതന്നെ,
സുതാര്യസൗഹൃദവുമായി
ഞങ്ങള്‍ നിന്നോടൊപ്പമുണ്ടാകും.

പിന്നെ
നിന്റെ ശബ്ദം
നാലു കാറ്റുകള്‍ക്കും പേരിടും:
കാര്‍ഷികപരിഷ്‌കാരം,
നീതി,
അപ്പം,
സ്വാതന്ത്യം!
അപ്പോള്‍
അതേ വിളിപ്പേരുകള്‍ ഏറ്റുപറഞ്ഞ്
ഞങ്ങള്‍ നിന്നോടൊപ്പമുണ്ടാകും.

പിന്നെ
പകലൊടുങ്ങും,
സര്‍വ്വാധിപതിക്കെതിരായ
സ്വച്ഛയുദ്ധഘട്ടം തീരും,
അന്തിമയുദ്ധത്തിന് അരങ്ങൊരുങ്ങും,
അപ്പോഴും
ഞങ്ങള്‍ നിന്നോടൊപ്പമുണ്ടാകും.

പിന്നെ
ദേശസാത്കരണത്തിന്റെ ചാട്ടുളിയേറ്റ കാട്ടുമൃഗം
പള്ളയിലെ മുറിവു നക്കിത്തുടയ്ക്കും
അപ്പോഴും
അഭിമാനനിര്‍ഭരമായ ഹൃദയങ്ങളുമായി
ഞങ്ങള്‍ നിന്നോടൊപ്പമുണ്ടാകും.

പാരിതോഷികങ്ങള്‍ ആയുധങ്ങളാക്കിയ
വേഷഭൂഷകളണിഞ്ഞ ആ ചെള്ളുകളുണ്ടല്ലോ,
അവയ്ക്ക്
നമ്മുടെ അന്തസ്സ് ചോര്‍ത്തിയെടുക്കാനാകുമെന്ന്
ഒരിക്കലും ചിന്തിക്കരുത്.
ഞങ്ങള്‍ക്കു വേണ്ടത്
തോക്കുകളാണ്,
വെടിയുണ്ടകളാണ്,
പാറക്കെട്ടാണ്,
മറ്റൊന്നുമല്ല.

ഇരുമ്പ് ഞങ്ങളുടെ
വഴിയടയ്ക്കുന്നുവെങ്കിലോ,
ഞങ്ങള്‍
ക്യൂബന്‍ കണ്ണീരിന്റെ ഒരു പുതപ്പു ചോദിക്കും;
അമേരിക്കന്‍ ചരിത്രത്തിലേയ്ക്കുള്ള യാത്രയില്‍
ഞങ്ങളിലെ ഒളിപ്പോരാളികളുടെ അസ്ഥികള്‍ മൂടാന്‍.

അത്രയേ വേണ്ടൂ.
(ഐ സിംഗ് ടു ഫിദെല്‍ [സോംഗ് ടു ഫിദെല്‍]/ പരിഭാഷ എന്‍. പി. ചന്ദ്രശേഖരന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News