വാഗമണ്ണിന്റെ തണുപ്പിലേക്ക് തനിച്ചൊരു ബുള്ളെറ്റ് യാത്ര

ബ്രിട്ടീഷ്‌കാര്‍ കിഴക്കിന്റെ സ്‌കോട്‌ലണ്ട് എന്ന ഓമനപ്പേരില്‍ പേരില്‍ വിളിച്ച കേരളത്തിന്റെ സ്വകാര്യ അഹങ്കാരം – വാഗമണ്‍! അവിടേക്ക് ഒറ്റയ്ക്ക് ഒരു യാത്ര. കൂട്ടിനു റോയല്‍ എന്‍ഫീല്‍ഡിന്റെ Thunderbird 350 ബുള്ളറ്റ്.

എറണാകുളം കാക്കനാട് നിന്നും രാവിലെ 6 മണിക്ക് യാത്ര തുടങ്ങി.

ആദ്യ ലക്ഷ്യം വാഗമണിലെ പ്രശസ്തമായ പൈന്‍ ഫോറസ്‌റ്.

കാക്കനാട് നിന്നും പാല-ഈരാറ്റുപേട്ട വഴി ഉള്ള പാത ആണ് ഗൂഗിള്‍ മാപ്‌സ് കാണിച്ചു തന്നത്. പോകുന്ന വഴി ഇടയ്ക്കിടെ പൊടി മഴ കിട്ടുന്നുണ്ടായിരുന്നു. ചാറ്റല്‍ മഴയില്‍ കൂടി ഉള്ള ബുള്ളറ്റ് യാത്ര ഒരു പ്രത്യേക സുഖമാണ്.

അങ്ങനെ രണ്ടര മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ടീക്കോയ് എന്ന സ്ഥലത്തെത്തി. ഇവിടെ നിന്ന് വേറൊരു വഴി കയറിയാല്‍ ഇല്ലിക്കകല്ലു പോകാം.

അത് മറ്റൊരിക്കലേക്കു നീക്കി വെച്ചിട്ടു വാഗമണ്‍ ലക്ഷ്യമാക്കി മുന്നോട്ടു പോയി. ഇനി കയറ്റമാണ്. വാഗമണ്‍ യാത്രയിലെ ഏറ്റവും രസകരമായ അനുഭവം ഒരു പക്ഷെ ഈ കയറ്റം ആണെന്ന് തോന്നി.മുകളില്‍ കുടമഞ്ഞു മൂടി കിടക്കുന്നത് കാണാമായിരുന്നു.

അങ്ങനെ യാത്ര ആസ്വദിച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് റോഡ് അരികില്‍ തന്നെ ഒരു വെള്ള ചാട്ടം ശ്രദ്ധയില്‍ പെട്ടത്. ഇഞ്ചപ്പാറ വെള്ളച്ചാട്ടം.അങ്ങനെ ഒരു സ്ഥലം പിന്നീട് ഗൂഗിള്‍ ചെയ്തു നോക്കിയെങ്കിലും കണ്ടില്ല.

ഗൂഗിളിന് പോലും പിടി കൊടുക്കാതെ നില്‍ക്കുന്ന ഒരു കൊച്ചു സുന്ദരി ആണ് ഇഞ്ചപ്പാറ വെള്ളച്ചാട്ടം. എടുത്തു പറയാന്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും യാത്രയ്ക്കിടയില്‍ നില്‍ക്കാനും,കണ്ടാസ്വദിക്കാനും ഫോട്ടോ എടുക്കാനും പറ്റുന്ന ഒരു ചെറിയ വെള്ളച്ചാട്ടം.

അതിന്റെ വശത്തു കൂടി മുകളിലേക്ക് കയറി പോകാനും ഒരു വഴി ഉണ്ട്. താല്‍പ്പര്യം ഉള്ളവര്‍ക്ക് മുകളില്‍ കയറി വെള്ളച്ചാട്ടം മുകളില്‍ നിന്നും ആസ്വദിക്കാം.

അഞ്ചു മിനിറ്റ് അവിടെ ചിലവഴിച്ച, കുറച്ച ഫോട്ടോസ് എടുത്ത് യാത്ര തുടര്‍ന്ന്. ഇടയ്ക്കു ആലപ്പുഴയില്‍ നിന്നും തൃശൂര്‍ നിന്നും ബുള്ളറ്റ് യാത്രയ്ക്ക് ഇറങ്ങിയ ചെറു സംഘങ്ങളെ കണ്ടു മുട്ടി.

മുകളിലേക്ക് കയറും തോറും റോഡിന്റെ ഒരു വശം മുഴുവന്‍ കോട മഞ്ഞു കൊണ്ട് നിറഞ്ഞി തുടങ്ങി. മറു വശം പാറയാണ്. പറയുടെയും മഞ്ഞിന്റെയും ഇടയില്‍ കൂടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്.

രാവിലെ ആയത് കാരണം അധികം വാഹനങ്ങള്‍ ഇല്ല. അങ്ങനെ ആസ്വദിച്ചു മുന്നോട്ടു നീങ്ങി. മഞ്ഞു ചെറുതായി റോഡില്‍ കയറി തുടങ്ങിയിരിക്കുന്നു.ഹെഡ്‌ലൈറ് ഓണ്‍ ചെയ്തു ഹസാഡ് ലാംപ് ഇട്ടു യാത്ര തുടര്‍ന്ന്.

ഒന്‍പതര പത്തു മണി ആയപ്പോഴേക്കും വാഗമണ്‍ എത്തി.

വിശന്നു തുടങ്ങിയിരിക്കുന്നു. വാഗമണ്‍ ഉള്ള ഒരു ഹോട്ടലില്‍ കയറി നല്ല ചൂട് ദോശയും ചമ്മന്ദിയും ഒരു ചായയും കുടിച്ചു. കേവലം ഒരു കിലോമീറ്റര് അപ്പുറം ആണ് പ്രശസ്തമായ പൈന്‍ ഫോറെസ്‌റ്.

തണുപ്പത് ഒരു ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക ഉന്മേഷം.ആ ഉന്മേഷത്തോടെ പൈന്‍ ഫോറെസ്റ്റിലേക്കു തിരിച്ചു.

പൈന്‍ ഫോറെസ്റ്റിനു കേവലം 50 മീറ്റര്‍ മാത്രം അകലെ ഉള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് പൈന്‍ ഫോറെസ്റ്റിലേക്കു നീങ്ങി. ഇവിടെ പ്രവേശനം സൗജന്യമാണ്.

ഇടയ്ക്കു മഴ പൊടിക്കുന്നുണ്ട്. നല്ല തണുപ്പും. പൈന്‍ ഫോറെസ്റ്റിലേക്കു പോകുന്ന ഇടുങ്ങിയ വഴിയുടെ ഒരു വശം കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുന്നു.

കൊച്ചു കുട്ടികള്‍ക്കുള്ള കളിപ്പാട്ടം, തൊപ്പി, ചോക്ലേറ്റ്, അങ്ങനെ പല വിധ ഉത്പന്നങ്ങള്‍ അവര്‍ വില്‍ക്കുന്നുണ്ട്. അവരെ കടന്നു പൈന്‍ ഫോറെസ്റ്റില്‍ കയറി.

ഇടയ്ക്കു മഴ ഒന്ന് തോരുമ്പോള്‍, മഞ്ഞിന്റെയും പൈന്‍ മരങ്ങളുടെയും ഇടയില്‍ കൂടി അടിക്കുന്ന പക്കലുള്ള സൂര്യ രശ്മികള്‍ കാണാം. അതൊന്നു കാണണ്ട കാഴ്ച ആണ്.

അല്‍പ സമയം പൈന്‍ മരങ്ങള്‍ക്കിടയില്‍ ചിലവഴിച്ചു. പഴയ ചില മലയാളം സിനിമകളിലെ മരം ചുറ്റിയുള്ള പ്രണയ ഗാനങ്ങളുടെ രംഗങ്ങള്‍ മനസിലേക്ക് വന്നു.

അല്‍പ സമയം അവിടെ ചിലവഴിച്ച ശേഷം ഇറങ്ങി. ഇവിടെ നിന്ന് കേവലം 100 മീറ്റര്‍ അകലം മാത്രമേ ഉള്ളു ഓര്‍ക്കിഡ് ഗാര്‍ഡനിലേക്കു. അത് വാഗമണിലെ മറ്റൊരു ആകര്‍ഷണം ആണ്.

അവിടേക്കു നീങ്ങി. കേവലം 20 രൂപ ആണ് ടിക്കറ്റ്. വിശാലമായി കിടക്കുന്ന ഒരു പൂന്തോട്ടം. അതിന്റെ ഒത്ത നടുക്ക് ഒരു തടാകം.

പൂന്തോട്ടത്തിലേക്കു കയറിയപ്പോള്‍ വീണ്ടും മഞ്ഞു കയറി തുടങ്ങി, മഴ ഇപ്പോഴും ചാറുന്നുണ്ട്. മഴ വക വെക്കാതെ പൂന്തോട്ടത്തിലൂടെ നടന്നു. തടാകത്തിന്റെ വശത്തു കുറച്ചു നേരം ഇരുന്നു.

അവിടെ നിന്ന് ഇറങ്ങിയതിനു ശേഷം സൂയിസൈഡ് പോയിന്റിലാക്കിയിരുന്നു അടുത്ത യാത്ര. ഇവിടെ നിന്നും കേവലം അര കിലോമീറ്റര് മാത്രമാണ് അവിടേക്കുള്ള ദൂരം.20 രൂപ ഒരാള്‍ക്ക് ടിക്കറ്റ്.

ഇരുചക്ര വാഹനത്തിനു 10 രൂപയും. ഗേറ്റില്‍ നിന്നും ഒരു കിലോമീറ്റര് ഉള്ളിലേക്ക് പോകാനുണ്ട്. അതില്‍ മുക്കാല്‍ കിലോമീറ്ററോളമേ വണ്ടി പോകു. ബാക്കി നടക്കണം.

ടിക്കറ്റ് എടുത്തു അകത്തേക്ക് കയറിയതും കോടമഞ്ഞു കനത്തു. തൊട്ടു മുന്നില്‍ ഉള്ളത് പോലും കാണാന്‍ പ്രയാസം ആണെന്നുള്ള അവസ്ഥ. എന്നിരുന്നാലും മുന്നോട്ടു നീങ്ങി. കല്ല് പാകിയ, പക്കാ ഓഫ്റോഡ് പാത.

സൂയിസൈഡ് പോയിന്റ് കണ്ടിട്ട് തിരിച്ചു പോകുന്നവരുടെ വണ്ടിയുടെ അരണ്ട വെളിച്ചം മാത്രം ഇടയ്ക്കു കാണാം.കുറച്ച മുന്നില്‍ എത്തിയപ്പോള്‍ പാത ടൈല്‍ ഇടുന്ന പണി നടക്കുന്നു. ഇവിടെ വരെയേ വണ്ടി പോകു.

വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ട് സൂയിസൈഡ് പോയിന്റ് ലക്ഷ്യമാക്കി നടന്നു. കാണാന്‍ വന്ന ആളുകള്‍ മാത്രം. സൂചന ബോര്‍ഡുകളോ ഗൈഡോകളോ സെക്യൂരിറ്റി ജീവനക്കാരോ ഇല്ല. നല്ല കോട മഞ്ഞും.

പെട്ടെന്ന് മഴ കനത്തു. നല്ല ശക്തമായ കാറ്റും ഉണ്ട് ഇപ്പോഴും. കാണാന്‍ വന്നവര്‍ കുടയുടെ കീഴിലും അവിടെ ഇവിടെ ആയി ഉണ്ടായിരുന്ന ചെറിയ ടാര്‍പോളിന്‍ ശെടുകയുടെ കീഴിലും കയറി.

റൈന്‍ കോട് ഇട്ടിരുന്നതിനാല്‍ ഞാന്‍ മഴയെ വക വെക്കാതെ മുന്നോട്ടു നടന്നു, നല്ല കാറ്റുണ്ട്. മഴ കാരണം മുന്നോട്ടുള്ള വഴിയില്‍ ആരുമില്ല. മഞ്ഞു മൂടി കിടക്കുന്ന പാതയിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടന്നു.

പണ്ടെങ്ങോ കണ്ട ഏതൊക്കെയോ പ്രേത സിനിമകളിലെ രംഗം പോലെ ഉള്ള അനുഭവം. അങ്ങനെ സൂയിസൈഡ് മുനമ്പില്‍ എത്തി. നല്ല കാറ്റ്, നല്ല മഴ, നല്ല തണുപ്പ്, മുഴുവന്‍ മൂടി കിടക്കുന്ന മഞ്ഞു.

അനേകം പേര് ജീവന്‍ അവസാനിപ്പിച്ച ആ മുനമ്പില്‍ ഞാന്‍ ഒറ്റയ്ക്ക്! എന്തോ ഒരു ത്രില്‍ മനസ്സില്‍! അല്‍പ്പം സമയം അവിടെ നിന്ന്. ഫോട്ടോ എടുത്തിട്ട് കാര്യമില്ല. മഞ്ഞല്ലാതെ മറ്റൊന്നും കാണില്ല!

പതിയെ തിരിച്ചു നടന്നു.മഴ കുറഞ്ഞിരിക്കുന്നു. നേരത്തെ കുടയുടെ കീഴില്‍ അഭയം പ്രാപിച്ചവര്‍ സൂയിസൈഡ് പോയിന്റ് കാണാന്‍ പോകുന്നു. ഞാന്‍ തിരിച്ചു നടന്നു, വണ്ടി എടുത്തു.

ഇനി തങ്ങള്‍ പാറ..

തങ്ങള്‍പാറ ഒരു ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രമാണ്. അതിലുപരി അതി മണിഹരമായ ഒരു ട്രെക്കിങ്ങ് അനുഭവം തരുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രവും.

3 ചെറു പാറ കുന്നുകള്‍ കയറി ഇറങ്ങി വേണം തങ്ങള്‍ പറ എതാന്‍.ഷെയ്ഖ് ഫരിദുദ്ദിന്റെ കബറിടവും അതിനു പിന്നില്‍ കാണുന്ന ഒരു ഉരുണ്ട പാറയും ആണ് തങ്ങള്‍ പാറ.

എന്നാല്‍ അവിടെ എതാന്‍ 3 ചെറു കുന്നുകള്‍ കടക്കണം.മഴയും കോടമഞ്ഞും ഈ ട്രെക്കിങ്ങിനെ ചെറുതായി സാഹസികമാക്കി. റോഡില്‍ നിന്ന് കുന്നുകള്‍ വഴി 500 മീറ്റര്‍ ആണ് ഉള്ളിലേക്ക് നടക്കേണ്ടത്. ഈ 500 മീറ്റര്‍ പക്ഷെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആകാത്ത അനുഭവമാണ്.

തങ്ങള്‍ പാറയില്‍ നിന്ന് ഇറങ്ങി തേയില തോട്ടങ്ങള്‍ക്കു ഇടയിലൂടെ മൊട്ടകുന്നുകള്‍ ലക്ഷ്യമാക്കി തിരിച്ചു.വാഗമണ്‍ യാത്ര ഈ മുട്ടകുന്നുകള്‍ കാണാതെ പൂര്‍ത്തി ആകില്ല.

പുല്ലു വളര്‍ന്നു കിടക്കുന്ന പച്ച നിറത്തിലുള്ള മുട്ട കുന്നുകള്‍. അവ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഇടയ്ക്കു ഒരു ചെറു തടാകം. അവിടെ ബോട്ടിംഗ് ഉണ്ട്. ഒറ്റയ്ക്ക് നമുക്ക് തന്നെ തുഴഞ്ഞു പോകാവുന്ന ബോട്ടിനു 100 രൂപ.

4 ആള്‍ക്ക് കയറാവുന്നതിനു 400. ബോട്ട് എടുത്ത് പോയാലോ എന്ന് ആലോചിച്ചപ്പോള്‍ മഴ വീണ്ടും പെയ്തു തുടങ്ങി. അതോടെ ബോട്ടിംഗ് എന്ന പദ്ധതി ഉപേക്ഷിച്ചു.

പട്ടം പറത്തി കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍(മുതിര്‍ന്നവരും) മഴ പെയ്തതോടെ പ്രതിസന്ധിയില്‍ ആയി. മുട്ടാകുന്നിലെ കാറ്റ് പട്ടം പറത്താന്‍ ഏറ്റവും അനുയോജ്യമാണ്.

പട്ടം കുരുങ്ങി പോകാന്‍ പാകത്തില്‍ മരങ്ങള്‍ ഒന്നും ഇല്ല. വിശാലമായി സ്ഥലം ഉള്ളത് കാരണം പരസ്പരം കുരുങ്ങി പോകുകയും ഇല്ല.

അങ്ങനെ വാഗമണിലെ പ്ലാനില്‍ പെട്ട അവസാന സ്ഥലവും കണ്ടു തീര്‍ത്തു. ഇനി മടക്കം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊണ്ട് എന്നെ വരവേറ്റ വാഗ്മണിനോട് വിട പറഞ്ഞു ബുള്ളറ്റില്‍ കയറി തിരിച്ചു കാക്കനാട്ടേക്കു.

മടങ്ങി പോകുന്ന വഴി ഇല്ലിക്കക്കല്ലു എന്ന ബോര്‍ഡ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഇനിയും ഒരു വരവ് ഉണ്ടാകും എന്ന് അറിയുന്ന പോലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News