ആദ്യ ജയം തേടി ഇന്ത്യന്‍ പട ഇന്ന് കൊളംബിയക്കെതിരെ; രാഹുലിന്‍റെ പരിക്ക് ഇന്ത്യയെ അലട്ടുന്നു; പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ

ദില്ലി: അണ്ടര്‍ 17 വേള്‍ഡ് കപ്പില്‍ ആദ്യ ജയം തേടി ഇന്ത്യ കൊളംബിയക്കെതിരെ ഇന്നിറങ്ങും. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. 5 മണിക്ക് നടക്കുന്ന മത്സരത്തില്‍ ഘാന അമേരിക്കയെ നേരിടും.

ആദ്യ കളിയില്‍ അമേരിക്കയോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിയെങ്കിലും, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കൊളംബിയക്കെതിരെ ഇന്ത്യ ഇന്നിറങ്ങുന്നത്. 8 മണിക്ക് ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

അമേരിക്കക്കെതിരെ മികച്ച കളി പുറത്തെടുത്ത കോമള്‍ തട്ടലും, മലയാളി താരം കെപി രാഹുലും തന്നെയാകും ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുക . പ്രതിരോധ നിരയില്‍ അന്‍വര്‍ അലിയും ഫോമിലാണ്.

അമേരിക്കക്കെതിരെ ഗോള്‍ മുഖത്ത് മികച്ച കളി പുറത്തെടുത്ത ഗോള്‍കീപ്പര്‍ ധീരജ് സിങിന്റെ പ്രടനവും ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാല്‍ കൊളംബിയെ പിടിച്ചുകെട്ടുകയെന്നത് വലിയ പരീക്ഷണം തന്നെയാകും ഇന്ത്യന്‍ ടീമിന്.

ആദ്യ മത്സരത്തില്‍ ഘാനക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായുരുന്നു കൊളംബിയുടെ തോല്‍വി.ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയം മാത്രം മുന്നില്‍ കണ്ട് കൊളംബിയ കളത്തിലിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളി തന്നെയാകും ഇന്ത്യയ്ക്ക്.

ഇന്ത്യന്‍ ടീമിന്‍റെ തന്ത്രങ്ങള്‍

ചില മാറ്റങ്ങള്‍ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. അമേരിക്കയോട് ഏറ്റ മൂന്ന് ഗോള്‍ തോല്‍വി മറക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ഇനി ഒരു പരാജയം ഏറ്റു വാങ്ങാന്‍ ഇന്ത്യ തയ്യാറല്ല.

അമേരിക്കയ്‌ക്കെതിരെ കളിച്ച ടീമിലും ടീം ഘടനയിലും മാറ്റത്തോടെയായിരിക്കും കൊളംബിയക്കെതിരെ ഇറങ്ങുക. എന്നാലും പ്രതിരോധത്തിന് തന്നെയായിരിക്കും ഇന്ത്യയുടെ ഊന്നല്‍. 4-2-3-1 എന്നതായിരുന്നു ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ശൈലി.

രണ്ട് ഗോള്‍ കുടുങ്ങിയപ്പോള്‍ മുന്നേറ്റത്തില്‍ ഒരാളെ കൂടുതലായി കൊണ്ടു വന്നു. എന്നാല്‍ ഇന്നത്തെ ഘടന 4-5-1 എന്നാവാനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ പകരക്കാരനായി ഇറങ്ങിയ റഹീം അലിയെ അനികേത് ജാദവിനൊപ്പം മുന്നേറ്റത്തില്‍ അണിനിരത്താനും സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ 4-4-2 ശൈലിയാകും.മധ്യ നിരയില്‍ കൂടുതല്‍ പേരെ നിയോഗിച്ച് എതിരാളികളുടെ നീക്കം മുള്ളയിലെ നുള്ളുക എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ തന്ത്രം.

ആദ്യ മത്സരത്തില്‍ സ്റ്റോപ്പര്‍ ബാക്കുകള്‍ക്ക് അമിത സമ്മര്‍ദ്ദം വന്നത് ഗോളുകള്‍ കുടുങ്ങാന്‍ കാരണമായെന്നാണ് ടീമിന്റെ വിലയിരുത്തല്‍. കഴിഞ്ഞ കളിയില്‍ എതിരാളിയുടെ ചവിട്ടേറ്റുണ്ടായ പരുക്ക് രാഹുലിനെ അലട്ടുന്നുണ്ട്.

കാലിലെ നീരു കുറഞ്ഞില്ലെങ്കില്‍ കളത്തിലിറങ്ങുന്ന കാര്യം സംശയമാണ്.കളിക്കുന്നുണ്ടെങ്കില്‍ മധ്യ നിരയിലാവും രാഹുലിന്റെ സ്ഥാനം.

അതേസമയം വൈകിട്ട് 5 മണിക്ക് നടക്കുന്ന മത്സരത്തില്‍ അമേരിക്ക ഘാനയെ നേരിടും, ആദ്യ കളികളില്‍ ജയിച്ചാണ് ഇരുടീമുകളുടെയും വരവ്. വാശിയേറിയ മത്സരം തന്നെയാകും ഘാനക്കെതിരെ അമേരിക്കയും കാഴ്ചവെക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel